
പ്രായമേറുന്തോറും കണ്ണുകളിലെ പ്രകാശനാഡികള് തളര്‍ന്ന് ക്ഷയിച്ച്, കാഴ്ച കുറയുകയും ക്രമേണ അന്ധതയിലേക്ക് നിപതിക്കുകയും ചെയ്യുന്ന രോഗമാണ് മാക്കുലാര്‍ ഡിജനറേഷന്‍. ഒരു ചികിത്സയും ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗം ബാധിച്ച് ലക്ഷക്കണക്കിനാളുകള്‍ക്ക് കാഴ്ച നഷ്ടപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ പ്രതീക്ഷയുണര്‍ത്തുന്നതാണ് പുതിയ പഠനം. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമടങ്ങിയിട്ടുള്ള അയല, ചൂര, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങളാണ് മാക്കുലാര്‍ ഡീജനറേഷന്‍ ചെറുക്കാന്‍ സഹായിക്കുകയെന്ന് 'ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ഓഫ്തല്‍മോളജി' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
ജീവകങ്ങള്‍, സപ്ലിമെന്റുകള്‍ തുടങ്ങിയവ കഴിച്ചവരിലെ ഫലങ്ങള്‍ വിശകലനം ചെയ്തായിരുന്നു പഠനം. 3000 പേര് അതില്‍ ഉള്‍പ്പെട്ടിരുന്നു. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുക വഴി എ.എം.ഡി. യ്ക്കുള്ള സാധ്യത മൂന്നിലൊന്നായി കുറയ്ക്കും എന്ന് മുമ്പൊരു പഠനത്തില്‍ കണ്ടിരുന്നു.
എന്നാല്‍, മത്സ്യം കഴിക്കുക വഴി രോഗം ബാധിച്ചവര്‍ക്കും പ്രയോജനം ലഭിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. രോഗത്തിന്റെ പുരോഗതി 25 ശതമാനം കുറയാന്‍ മത്സ്യം കഴിക്കുന്നത് സഹായിക്കുമത്രേ. നേത്രരോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് സംഘടനയായ 'ആര്. എന്‍.ഐ.ബി.' (ഞചകആ)യുടെ മേല്‍നോട്ടത്തിലായിരുന്നു പഠനം.
ജോസഫ് ആന്റണി