ആഴ്ചയില്‍ ഏഴോ അതില്‍ കൂടുതലോ മുട്ട കഴിക്കുന്ന മധ്യവയസ്കര്‍ മരണം ക്ഷണിച്ചുവരുത്തുകയാണെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രമേഹമുള്ളവര്‍ മുട്ട കഴിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെ ഡോക്ടര്‍ ലുക് ഡ്യൂസും ഡോക്ടര്‍ ജെ. മൈക്കല്‍ ഗാസിയാനോയുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
മധ്യവയസ്കര്‍ ആഴ്ചയില്‍ ഏഴോ അതില്‍ കൂടുതലോ മുട്ട കഴിച്ചാല്‍ മരിക്കാനുള്ള സാധ്യത 23 ശതമാനമാണ് കൂടുതല്‍. പ്രമേഹമില്ലാത്തവര്‍ക്ക് ആഴ്ചയില്‍ ആറ് മുട്ടവരെ കഴിക്കാം. പ്രമേഹമുള്ളവര്‍ മുട്ട കഴിക്കുമ്പോള്‍ ഹൃദയാഘാതത്തിന് സാധ്യത കൂടുകയാണ്. മുട്ടയിലുള്ള കൊളസ്ട്രോള്‍ ധമനികളില്‍ അടിഞ്ഞുകൂടുന്നതാണ് പ്രശ്നമാകുന്നത്. 20 വര്‍ഷം നീണ്ട പഠനത്തില്‍ ഇക്കാര്യം തെളിഞ്ഞതായി ഡോക്ടര്‍മാര്‍ പറയുന്നു.
21327 പേരിലാണ് സംഘം പഠനം നടത്തിയത്. പലരും ഡോക്ടര്‍മാര്‍ തന്നെയായിരുന്നു. ഇതില്‍ 1550 പേര്‍ക്ക് നല്ലതോതിലും 1342 പേര്‍ക്ക് ചെറിയ തോതിലും ഹൃദയാഘാതമുണ്ടായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മുട്ടയുണ്ടാക്കുന്ന ദോഷം സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും ഹാര്‍വാഡ് സംഘം നിര്‍ദേശിക്കുന്നുണ്ട്.
ടി.വി.ആര്.