
കാരറ്റ് കഷ്ണങ്ങളാക്കി അരിഞ്ഞശേഷം പാകം ചെയ്യുന്നത് അവയിലെ പോഷകാംശങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്കുന്നു. ഇങ്ങനെ പാകംചെയ്യുമ്പോള്‍ കാരറ്റിലെ 25 ശതമാനം ഫാല്കരിനോളും ഒപ്പം ചേര്‍ക്കുന്ന വെള്ളത്തില്‍ അലിഞ്ഞില്ലാതാകുമത്രേ. ഇതു തടയാനുള്ള പോംവഴിയും ഗവേഷകര്‍ തന്നെ നിര്‍ദേശിക്കുന്നുണ്ട്. കാരറ്റ് മുഴുവനായി വെള്ളത്തില്‍ വേവിച്ചെടുക്കുക, അതിനുശേഷം മതി കഷ്ണങ്ങളാക്കി അരിയല്‍. ഇങ്ങനെ ചെയ്യുമ്പോള്‍ കാരറ്റിന്റെ രുചിയില്‍ തന്നെ ഏറെ വ്യത്യാസമുണ്ടാകുമെന്നും അവര്‍ പറയുന്നു.
കാരറ്റില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയും മറ്റും അതില്‍ തന്നെ നിലനില്ക്കുന്നതുകൊണ്ടാണ് രുചി വര്‍ധിക്കുന്നത്. കഷ്ണങ്ങളാക്കി വേവിക്കുമ്പോള്‍ മധുരം വെള്ളത്തില്‍ അലിഞ്ഞുപോകാന്‍ സാധ്യത ഏറെയാണ്. മധുരം മാത്രമല്ല വിറ്റാമിന്‍ സി പോലുള്ള പോഷകാംശങ്ങള്‍ പോലും അങ്ങനെ നഷ്ടപ്പെടാനിടയുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം കൊടുത്ത ഡോ. കിര്സ്റ്റന് ബ്രാന്‍ഡിറ്റ് വ്യക്തമാക്കുന്നു. ഫ്രാന്‍സില്‍ നടക്കുന്ന ആഗോള പോഷകാഹാര സമ്മേളനം 'ന്യൂട്രിവെന്റി'ലെ പ്രധാന ചര്‍ച്ചാവിഷയം കാരറ്റിന്റെ ഈ പുതുപാചകരീതിയായിരുന്നു.