ചിത്തവൃത്തി നിരോധനത്തിനുള്ള മാര്‍ഗമാണ് യോഗതന്ത്രം. മനുഷ്യമനസ്സ് ചഞ്ചലമാണ്. അത് എപ്പോഴും ഒന്നില്‍നിന്നു മറ്റൊന്നിലേക്ക് ചാഞ്ചാടിക്കൊണ്ടിരിക്കും. മനസ്സിന്റെ ഈ ചഞ്ചലതയെ യോഗസാധനാമാര്‍ഗങ്ങളുപയോഗിച്ചു നിയന്ത്രിക്കാന്‍ പരിശീലിക്കുകയാണ് യോഗി ചെയ്യുന്നത്. ഈ യോഗത്തിന് എട്ടു അംഗങ്ങളുണ്ട്: യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ.

ജീവാത്മാവും പരമാത്മാവുമായുള്ള ലയമാണ് യോഗസാധനയിലൂടെ സാധിക്കേണ്ട പരമമായ ലക്ഷ്യം. ചിത്തവൃത്തിനിരോധത്തിലൂടെ അതു സാധിക്കുന്നവരാണ് യോഗികള്‍. ഇത് ഒരു ജീവിതരീതിയാണ്. യോഗാഭ്യാസത്തെ ഒരു ചികിത്സാരീതിയായിട്ടല്ല ആചാര്യന്മാര്‍ കണ്ടിരുന്നത്. എന്നാല്‍, ഈ ശാസ്ത്രീയപദ്ധതിയിലെ ചില അംശങ്ങളെ മാത്രം എടുത്ത് പരിശീലിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായകമാവും.

യോഗശാസ്ത്രത്തിലെ എട്ടു അംഗങ്ങളില്‍ നിന്നു യമം, നിയമം എന്നിവയെ മാത്രം എടുക്കുക. 'യമം' എന്നാല്‍ മനസ്സിന്റെ നിയന്ത്രണം എന്നര്‍ത്ഥം. 'നിയമം' എന്നാല്‍ ആഹാരകാര്യത്തിലും മറ്റു പ്രവൃത്തികളിലുമുള്ള നിയന്ത്രണം. ഈ രണ്ടു അംശങ്ങള്‍കൊണ്ടു തന്നെ കായികമായ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ കഴിയും. യോഗാസനങ്ങള്‍ ശരീരത്തിനു ദൃഢത നല്‍കും. 'ആസനേന ഭവേ ദൃഢം' എന്നാണ് പ്രമാണം. യോഗാസനം അംഗലാഘവവും ശരീരദാര്‍ഢ്യവും നല്‍കും. ചിട്ടയായ ഭക്ഷണക്രമവും മനോനിയന്ത്രണവുമുള്ളവരാണ് യോഗാസനങ്ങള്‍ പിന്തുടരുന്നതെങ്കില്‍ ഏറെ ഫലപ്രദമാവും. പ്രാഥമിക യോഗാഭ്യാസങ്ങള്‍ ശീലിച്ച് അതിലൂടെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് എത്താനും എളുപ്പമാണ്.

യോഗാഭ്യാസം ഒരു ജീവിതരീതിയായി പിന്തുടരേണ്ടതാണ്. എല്ലാവിധ രോഗങ്ങളില്‍ നിന്നും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളില്‍ നിന്നും നമുക്കു രക്ഷയേകാന്‍ അതു സഹായകമാവും. ചിട്ടയായ യോഗാഭ്യാസം സാധിക്കാത്തവര്‍ക്കുപോലും സാധാരണയായി ശീലിക്കാവുന്നതാണ് സൂര്യനമസ്‌കാരം.

പകൃതിയുടെ ഊര്‍ജസ്രോതസ്സായ സൂര്യന് അഭിമുഖമായി നിന്നു നമസ്‌കരിക്കുന്നതാണ് സൂര്യനമസ്‌കാരം. അങ്ങനെ ശീലിക്കുന്നവരെ നമസ്‌കാരയോഗികള്‍ എന്നു വിളിക്കാറുണ്ട്. രാവിലെ സൂര്യന്‍ ഉദിച്ചുവരുമ്പോഴും വൈകുന്നേരം അസ്തമനവേളയിലും. പ്രകൃതിയുടെ ഊര്‍ജസ്രോതസ്സായ സൂര്യനെ മുഴുവന്‍ ശരീരം കൊണ്ടും നമസ്‌കരിക്കുകയാണിവിടെ. പ്രകൃതിയോടും പ്രപഞ്ചചൈതന്യത്തോടുമുള്ള വിനീതമായ ആദരമായിക്കൂടി സൂര്യനമസ്‌കാരത്തെ കാണാം.

ആദിത്യസ്യ നമസ്‌കാരാഃ
യേ കുര്‍വന്തി ദിനേദിനേ
തസ്യരോഗാഃ ന ജായന്തേ
ജരാ മൃത്യു കൃതാനി ച

എന്നാണ് ആയുര്‍വേദാചാര്യന്മാര്‍ സൂര്യനമസ്‌കാരത്തെക്കുറിച്ചു പറയുന്നത്. നിത്യവും സൂര്യനമസ്‌കാരം ചെയ്യുന്നവരെ രോഗങ്ങളോ ജരാനരകളോ ബാധിക്കുകയില്ല എന്നര്‍ത്ഥം. എല്ലാ സന്ധികള്‍ക്കും മാംസപേശികള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഒരു സമ്പൂര്‍ണ വ്യായാമമാണ് സൂര്യനമസ്‌കാരം.

ദഹനം ക്രമമാക്കാന്‍

ദഹനക്രമങ്ങള്‍ ചിട്ടപ്പെടുത്താനും ഇതു സഹായകമാണ്. അപാനവായുവിന്റെ പ്രവര്‍ത്തനം സുഗമമാകും. മലമൂത്ര വിസര്‍ജനങ്ങളും തൃപ്തികരമാവും. വ്യായാമം ശരീരത്തിന്റെ മൊത്തം ഊഷ്മാവ് ഉയര്‍ത്തും. അത് ജഠരാഗ്നിദീപ്തി ഉണ്ടാക്കുകയും ചെയ്യും. അങ്ങനെ നല്ല വിശപ്പുണ്ടാകാനും ദഹനശോധനക്രമങ്ങള്‍ സുഖകരമാക്കാനും സൂര്യനസ്‌കാരം സഹായകമാവുന്നു. ആഹാരം ദഹിച്ച് ആധാതുക്കള്‍ പരിണമിച്ചാണ് രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ സപ്തധാതുക്കളായിത്തീരുന്നത്. ഈ ധാത്വഗ്നികളുടെ പ്രവര്‍ത്തനം ക്രമവും സുഗമവുമായിരിക്കുമ്പോള്‍ ശരീരത്തിന്റെ ആരോഗ്യാവസ്ഥ ഭദ്രമായിരിക്കും.
Pages... 1 | 2 | 3 |