പേസ്റ്റില്ലാതെ പല്ലുതേച്ചാല്‍ പല്ലുതേക്കാത്തത് പോലെയാണ് പലര്‍ക്കുമിന്ന്. 2000 കോടി രൂപയാണ്. ബ്രഷിനും പേസ്റ്റിനുമായി മലയാളികള്‍ ചെലവാക്കുന്നത്.

പല്ല് വെളുക്കില്ല

പല്ല് കേടാകാതിരിക്കാനൊരു വഴിയേയുള്ളൂ. പല്ല് തേപ്പ് തന്നെ. പേസ്റ്റ് ഉപയോഗിച്ചാണെങ്കിലും അല്ലെങ്കിലും ദിവസവും രണ്ടു നേരം പല്ല് തേക്കണം. രാത്രി പല്ല് തേക്കുന്നത് ആരോഗ്യത്തിനും രാവിലെ പല്ല് തേക്കുന്നത് സൗന്ദര്യത്തിനും എന്നാണ് പൊതുവേ പറയാറ്. പേസ്റ്റിട്ട് പല്ലുതേച്ചാല്‍ പല്ല് വെളുക്കും എന്ന് കരുതുന്നവരാണ് പലരും. അതിനായി പലപലപേസ്റ്റുകളും മാറിമാറി പരീക്ഷിക്കാറുമുണ്ട്. സോപ്പ് തേച്ചാല്‍ വെളുക്കും എന്നു കരുതുന്നതുപോലെ മണ്ടത്തരമാണ് ഇതും. യഥാര്‍ഥത്തില്‍ ടൂത്ത് പേസ്റ്റുകള്‍ക്കൊന്നും തന്നെ പല്ല് വെളുപ്പിക്കാനോ പല്ലിന്റെ സ്വാഭാവിക നിറത്തിന് മാറ്റം വരുത്തുവാനോ ഉള്ള കഴിവില്ല.പല്ലില്‍ അടിഞ്ഞുകൂടിയ ആഹാരാവശിഷ്ടങ്ങളും ഡെന്റല്‍ പ്ലാക്കും (ഉമിനീരിലെ മ്യൂസിനും ഭക്ഷണാവശിഷ്ടങ്ങളും ചേര്‍ന്നുണ്ടാകുന്ന നേര്‍ത്ത ആവരണം) നീക്കുവാന്‍ മാത്രമാണ് അവയ്ക്ക് കഴിയുന്നത്. പഌക്ക് നീങ്ങിയ പല്ല് അപ്പോള്‍ കൂടുതല്‍ വെളുത്തതായി തോന്നുന്നുവെന്നുമാത്രം.

പേസ്റ്റിലുള്ളത്

പേസ്റ്റുകളുടെ പേരുകള്‍ പലതാണെങ്കിലും അവയിലെല്ലാം അടങ്ങിയിരിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍ ഒന്നു തന്നെയാണ്. പല്ല് കേടാവുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനുള്ള ഫ്ലാറൈഡ്, പല്ലിനെ പോളിഷ് ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള അബ്രേസീവുകള്‍, പതപ്പിക്കുന്നതിനുള്ള ഡിറ്റര്‍ജന്റുകള്‍, പേസ്റ്റില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനുള്ള ഹ്യൂമക്ടന്റുകള്‍, പേസ്റ്റിന് ഉറപ്പുനല്‍കുന്നതിനുള്ള തിക്കനറുകള്‍. ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നതിനുള്ള പ്രിസര്‍വേറ്റീവുകള്‍, പേസ്റ്റിന് രുചി നല്‍കുന്ന ഫ്ലേവറുകള്‍, നിറം നല്‍കുന്ന കളറുകള്‍ എന്നിവയാണവ. ഇവ കൂടാതെ ഓരോ ബ്രാന്‍ഡ് പേസ്റ്റിലും അവരുടെ മാത്രം പ്രത്യേകതയായി അവകാശപ്പെടുന്ന കഴിവുകള്‍ പേസ്റ്റിന് നല്‍കുന്ന ചില വസ്തുക്കളും അടങ്ങിയിരിക്കും.


ഒരു പയറുമണിയോളം മാത്രം

ബ്രഡിനു മേല്‍ ജാം തേക്കുന്നതുപോലെയാണ് പലരും പല്ല് തേക്കാന്‍ പേസ്റ്റ് എടുക്കുന്നത്. ഇത് നല്ലതല്ല. ഒരു പയറ് മണിയോളമേ പേസ്റ്റ് വേണ്ടൂ. പേസ്റ്റില്ലെങ്കിലും കുഴപ്പമില്ല. ബ്രഷാണ് പ്രധാനം. ബ്രഷ് നിറയെ പേസ്റ്റെടുത്ത് പതപ്പിച്ച് തുപ്പുന്നതുകൊണ്ട് പല്ലിന് ഗുണമല്ല ദോഷമാണ് ഉണ്ടാവുക. പേസ്റ്റിന്റെ അളവല്ല, ബ്രഷിങ് എന്ന പ്രവൃത്തിമൂലമാണ് പല്ല് വൃത്തിയാവുന്നത്. അരമണിക്കൂറൊക്കെയെടുത്ത് പല്ല് തേക്കുന്നവരും ധാരാളം. ബ്രഷിങ്ങിന്റെ സമയം കൂടുന്നതുകൊണ്ട് പല്ലിന് ദോഷമാണുണ്ടാവുക. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാവുക എന്നൊക്കെ കേട്ടിട്ടില്ലേ, അതുപോലെ 2-3 മിനുട്ട് മാത്രമേ പല്ല് തേക്കാന്‍ വേണ്ടതുള്ളൂ.


പേസ്റ്റിന്റെ പ്രശ്‌നങ്ങള്‍

വായുടെയും പല്ലിന്റെയും ശുചിത്വത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ളതാണ് പേസ്റ്റുകളെങ്കിലും അവയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പേസ്റ്റിലെ പ്രധാന ഘടകമായ ഫ്ലാറൈഡ് സാധാരണഗതിയില്‍ നല്ലതാണ്. കുറഞ്ഞ അളവില്‍ അടങ്ങിയ ഫ്ലാറൈഡ് പല്ലിന് കേടില്‍ നിന്ന് സംരക്ഷണം നല്‍കുകയും ഇനാമലിനെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഫ്ലാറൈഡിന്റെ അളവ് കൂടുന്നത് പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
Pages... 1 | 2 |