
കോംഗോ, സുഡാന്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 1976ലാണ് ആദ്യമായി എംബോള വൈറസ് രോഗം ആദ്യമായി കാണുന്നത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, സിയറ ലിയോണ്‍, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ എബോള കാര്യമായി ബാധിച്ചിരിക്കുന്നത്. കോംഗോയിലെ നദിയുടെ പേരില്‍ അറിയപ്പെടുന്ന ഈ രോഗം ഇന്ത്യയില്‍ കണ്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതുവരെ 2615 പേര്‍ക്ക് രോഗം ബാധിച്ചു. ഇവരില്‍ 1427 പേര്‍ മരണത്തിന് കീഴടങ്ങി. രോഗബാധിത പ്രദേശങ്ങളിലെ സ്ഥിതിവിവരകണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ മരണനിരക്ക് ഇതിലുംകൂടിയേക്കാമെന്നാണ് അനുമാനം. 2014 ആഗസ്തില്‍ ലോകാരോഗ്യസംഘടന എബോള ബാധയെ ആരോഗ്യഅടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്.
വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ, രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകള്‍, മാനുകള്‍, മുള്ളന്‍ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗംകാണുന്നുണ്ട്.
രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം. ശരിയായി പാകപ്പെടുത്തിയ മാംസം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാല്‍തന്നെ ശരിയാ മുന്‍കരുതല്‍ രോഗംപകരുന്നത് തയാന്‍ കഴിയും.
പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗത്തിന്റെ സ്വാഭാവിക വാഹകര്‍. അതേസമയം ഇവയെ രോഗം ബാധിക്കുകയുമില്ല. വവ്വാലുകള്‍ പകുതി കഴിച്ച പഴങ്ങളും മറ്റും ഭക്ഷിക്കുന്നതുവഴി മറ്റ് മൃഗങ്ങള്‍ക്കും രോഗംബാധിക്കുന്നതായി കരുതുന്നു.
രോഗലക്ഷണങ്ങള്‍:
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാരാധണ വൈറല്‍ രോഗങ്ങളില്‍ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോള്‍ ഛര്‍ദ്ദി, തൊലിയിലെ തിണര്‍പ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരില്‍ രോഗാവസ്ഥ കുറച്ചുദിവസങ്ങള്‍കൊണ്ട് തനിയെ മാറുന്നു. എന്നാല്‍ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു-രോഗംവന്ന് അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരില്‍ ക്രമേണ കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ്മൂലം മരണം സംഭവിക്കാം.
സാധാരണ കാണുന്ന ഡങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവര്‍ക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരള്‍ രോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു. ഈയൊരുരീതിയതന്നെയാണ് എബോളയുടെ കാര്യത്തിലും സംഭവിക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്.
രോഗനിര്‍ണയം:
വ്യക്തമായ പശ്ചാത്തലവിവരണംതന്നെയാണ് രോഗനിര്‍ണയത്തിന് വേണ്ടത്. ജോലി, യാത്രാസംബന്ധമായ വിവരങ്ങള്‍, രോഗികളുമായോ, മൃഗങ്ങളുമായോ ഉള്ള സമ്പര്‍ക്കം ഇവയെല്ലാം അപഗ്രഥിക്കേണ്ടതാണ്. ഈ രോഗലക്ഷണങ്ങളുമായി സാമ്യമുള്ള മറ്റ് അസുഖങ്ങള്‍ (മലേറിയ, ടൈഫോയ്ഡ്, ഡങ്കി, ടൈഫസ് ഫീവര്‍) ഉണ്ടാകാനുള്ള സാധ്യത ദുരീകരിക്കുകയും വേണം.
രോഗം സ്ഥിരീകരിക്കാന്‍, ഇന്ത്യയില്‍ ലഭ്യമല്ലാത്ത ചെലവേറിയ ലാബ് പരിശോധനകളും സഹായിക്കും. പരിശോധനയ്ക്കുള്ള രക്തസാമ്പിളുകള്‍വഴി രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകളും എടുക്കേണ്ടതുണ്ട്.