സൗന്ദര്യ ശസ്ത്രക്രിയ (കോസ്മറ്റിക് സര്‍ജറി) എന്നത് പ്ലാസ്റ്റിക് സര്‍ജറിയിലെ ഒരു പ്രധാന വിഭാഗമാണ്. ഇന്ത്യയില്‍ വളരെക്കാലം ആരും ശ്രദ്ധിക്കാതെയിരുന്ന സൗന്ദര്യ ശസ്ത്രക്രിയ ഇന്ന് ഒരു സജീവരംഗമായി മാറിയിരിക്കുന്നു. അപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന അവയവ വൈരൂപ്യങ്ങള്‍ മാറുന്നതിന്, പൊള്ളലാല്‍ വന്നുചേരുന്ന മുഖ-ശരീര പ്രശ്‌നങ്ങള്‍ മാറുന്നതിന്, ജന്മനാലുള്ള കുറവുകള്‍ മാറ്റി സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് എല്ലാം ഇന്ന് ഈ ശസ്ത്രക്രിയ ജനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്ന് സൗന്ദര്യ ശസ്ത്രക്രിയകള്‍ ചെയ്യണോ എന്നതല്ല പ്രശ്‌നം എത്ര കൃത്യമായും ഭംഗിയായും ചെയ്യാം എന്നതാണ് ജനങ്ങള്‍ ചിന്തിക്കുന്നത്.
നമ്മുടെ രാജ്യത്ത് കഴിഞ്ഞ ദശകത്തില്‍ സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വന്‍ പ്രചാരമാണ് ലഭിച്ചിരുന്നത്. താന്‍ മറ്റുള്ളവരുടെ മുന്നില്‍ എങ്ങനെ പ്രത്യക്ഷപ്പെടണം എന്ന് ഓരോരുത്തര്‍ക്കും ഇന്ന് ധാരണയുണ്ട്. ഇന്ന് ഈ ശസ്ത്രക്രിയ വിദഗ്ധമായി ചെയ്യാന്‍ സാധിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണവും കൂടിയിട്ടുണ്ട്.

സാധാരണയായി ചെയ്തുവരുന്ന സൗന്ദര്യ ശസ്ത്രക്രിയകള്‍:


റൈനോപ്ലാസ്റ്റി

മൂക്കിന് നടത്തുന്ന ശസ്ത്രക്രിയയാണിത്. ഇന്ത്യയില്‍ ഈ ശസ്ത്രക്രിയ ധാരാളമായി നടക്കുന്നു. ചപ്പിയ മൂക്കുകള്‍, വളരെ വലിപ്പം കൂടിയ മൂക്കുകള്‍, അമര്‍ന്നുപോയ മൂക്കിന്‍പാലം, മുകളിലേക്ക് വളരെ ഉയര്‍ന്നു നില്‍ക്കുന്ന മൂക്കിന്റെ അറ്റം, ചെരിഞ്ഞു നില്‍ക്കുന്ന മൂക്കിന്‍ തുമ്പ് എന്നിവയൊക്കെ മൂക്കിനു വേണ്ടി ചെയ്യുന്ന ശസ്ത്രക്രിയകളില്‍ ചിലവയാണ്.

ജനറല്‍ അനസ്‌തേഷ്യയിലാണ് ഇത്തരം ശസ്ത്രക്രിയകള്‍ സാധാരണയായി ചെയ്യുക. മൂക്ക് തുറന്ന് ചെയ്യുന്ന ശസ്ത്രക്രിയകളെ 'ഓപ്പണ്‍ സര്‍ജറി' എന്നും തുറക്കാതെ ചെയ്യുന്ന ശസ്ത്രക്രിയകളെ 'ക്ലോസ്ഡ് സര്‍ജറി' എന്നും പറയുന്നു. ഓരോന്നിനും അതിന്റേതായ സവിശേഷതകളുണ്ട്. മുറിവിന്റെ പാടുകളൊന്നും തന്നെ ശസ്ത്രക്രിയയ്ക്കു ശേഷം അവശേഷിക്കുന്നില്ല. സന്ദര്‍ഭത്തിനനുസരിച്ച് ഡോക്ടര്‍മാര്‍ രോഗിയുടെ തന്നെ എല്ലിന്റെ കഷണമോ തരുണാസ്ഥിയോ കൃത്രിമ ഉപകരണമോ മൂക്കിന്റെ പുനര്‍നിര്‍മാണത്തിനുപയോഗിക്കുന്നു. ഇത്തരം ശസ്ത്രക്രിയയ്ക്കുശേഷം രണ്ടു ദിവസത്തിനകം തന്നെ രോഗിക്ക് ആസ്പത്രി വിടാന്‍ സാധിക്കും.

അബ്‌ഡോമിനോപ്ലാസ്റ്റി

ശരീരത്തിന്റെ ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയാണിത് എന്ന് ഈ ശസ്ത്രക്രിയയെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ട്. യഥാര്‍ഥത്തില്‍ ശരീരാകൃതി മെച്ചപ്പെടുത്താനുള്ള ശസ്ത്രക്രിയയാണിത്. ലിപ്പോസക്ഷന്‍വഴി അധികമുള്ള കൊഴുപ്പ് വലിച്ചെടുത്ത് ശരീരത്തിന്റെ ആകൃതി മെച്ചപ്പെടുത്താന്‍ സാധിക്കും. അഞ്ചു മുതല്‍ എട്ടു വരെ ലിറ്റര്‍ കൊഴുപ്പ് സുരക്ഷിതമായി ഈ മാര്‍ഗത്തിലൂടെ ശരീരത്തില്‍നിന്ന് നീക്കം ചെയ്യാന്‍ സാധിക്കും. ലിപ്പോസക്ഷന്‍ സാധാരണയായി ചെയ്യുന്നത് വയറിലും നെഞ്ചിലും കഴുത്തിലും നിതംബത്തിലുമൊക്കെയാണ്. ജനറല്‍ അനസ്‌തേഷ്യയാണ് ഈ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്നത്. ചില ലിപ്പോസക്ഷന്‍ ലോക്കല്‍ അനസ്‌തേഷ്യയിലും ചെയ്യുന്നുണ്ട്.

ലിപ്പോസക്ഷന്‍ വഴി കൊഴുപ്പ് വലിച്ചെടുത്തശേഷം ചെയ്യുന്ന ശസ്ത്രക്രിയയാണ് അബ്‌ഡോമിനോപ്ലാസ്റ്റി. കൊഴുപ്പ് വലിച്ചെടുത്തുകഴിയുമ്പോള്‍ ത്വക്കും മാംസവും വളരെ അയയുന്നു. അതു മുറിച്ചുമാറ്റി ശരിയാക്കുന്നതാണ് ഈ ശസ്ത്രക്രിയ.സ്തനങ്ങളുടെ വലിപ്പം കൂട്ടുക, വലിപ്പം കുറയ്ക്കുക തുടങ്ങിയവ സാധാരണയായി ചെയ്യാറുള്ള സ്തനസൗന്ദര്യ ശസ്ത്രക്രിയകളാണ്.
Pages... 1 | 2 |