മയക്കുമരുന്നിന്റെ ഉപയോഗം വ്യക്തിയെ മാത്രമല്ല, അയാളുടെ കുടുംബത്തെയും സമൂഹത്തെത്തന്നെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്. കേരളത്തില്‍ അടുത്തിടെ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത് യുവാക്കളുടെ ഇടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടിയിട്ടുണ്ടെന്നാണ്.പുകവലി, മദ്യപാനം ഇവയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. എന്നാല്‍ ഇവയില്‍ നിന്ന് വ്യത്യസ്തമായി ഒരു വ്യക്തിയെ മാനസികമായും ആരോഗ്യപരമായും പൂര്‍ണമായി നശിപ്പിക്കുന്നതാണ് മയക്കുമരുന്നിന്റെ ഉപയോഗം. കൗമാരക്കാരില്‍ മിക്കവരും ഇതേക്കുറിച്ച് ബോധവാന്മാരല്ല. പുകവലിപോലെ ലാഘവത്തോടെയാണ് അവര്‍ മയക്കുമരുന്നിനെയും കാണുന്നത്. വിരസത, ഏകാന്തത, വിഷാദം എന്നിവയില്‍ നിന്ന് താത്കാലിക മോചനമേകുമെന്ന മിഥ്യാധാരണയാണ് മിക്കവരേയും മയക്കുമരുന്നിലേക്ക് നയിക്കുന്നത്. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, വിദേശത്തുള്ള മാതാപിതാക്കള്‍ അയയ്ക്കുന്ന അമിതമായ പണം എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ ഇവയെല്ലാം കൗമാരക്കാരെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കുന്നു. എന്നാല്‍ വിഷാദമകറ്റാന്‍ മയക്കുമരുന്നിന്റെ ലോകത്തേക്ക് പോകുന്നവര്‍ നിതാന്ത വിഷാദരോഗികളാകുന്ന അവസ്ഥയുണ്ടാകുന്നു.
കഞ്ചാവും തലച്ചോറും
കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ടെട്രാഹൈഡ്രൊകന്നാബിനോള്‍ (Tetra hydro cannabinol) അഥവാ ടി.എച്ച്.സി. യാണ്. കഞ്ചാവ് പുക അകത്തുചെല്ലുന്നയുടന്‍ തന്നെ ശ്വാസകോശത്തില്‍ നിന്ന് ഇത് രക്തത്തില്‍ കലരുന്നു. ഉടന്‍തന്നെ തലച്ചോറിലും മറ്റ് അവയവങ്ങളിലുമെത്തുന്നു. തലച്ചോറിലെ കന്നാബിനോയിഡ് റിസപ്റ്ററുകളെയാണ് കാര്യമായി ബാധിക്കുക.
സന്തോഷം,ഓര്‍മശക്തി,ചിന്തകള്‍,ഏകാഗ്രത, സമയബോധം തുടങ്ങിയവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളിലാണ് കന്നാബിനോയിഡ് റിസപ്റ്ററുകള്‍ കുടുതലുള്ളത്.ഇക്കാരണത്താലാണ് കഞ്ചാവിന്റെ ലഹരി മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നത്. ചുരുക്കത്തില്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ തലച്ചോറിന്റെ ഈ വക പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായി മന്ദീഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ബൗദ്ധിക പ്രവര്‍ത്തനങ്ങളെ മയക്കുമരുന്നുപയോഗം കാര്യമായി ബാധിക്കുമെന്നതിനാല്‍ കൗമാരക്കാരുടെ പഠനം താളം തെറ്റുന്നു.
കൂടാതെ ദീര്‍ഘകാലം കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ മുന്‍കോപം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ,ഉത്കണ്ഠ തുടങ്ങിയവ കണ്ടുവരുന്നു. ഇടവേളകളില്ലാതെ മയക്കുമരുന്നു കിട്ടാനുള്ള ആഗ്രഹം സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഇക്കാരണത്താല്‍ ലഹരിമരുന്നുപയോഗം യുവാക്കളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത് സ്വാഭാവികമാണ്.
ദീര്‍ഘകാലമായി ഉപയോഗിക്കുന്നവര്‍ക്ക് കഞ്ചാവ് കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത (withdrawal symptoms )ഭ്രാന്തിന് സമാനമായ രംഗങ്ങള്‍ സൃഷ്ടിക്കും. ഇത് ആദ്യത്തെ ഒരു ദിവസത്തിനുശേഷം പ്രത്യക്ഷപ്പെട്ട് രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസത്തില്‍ പാരമ്യത്തിലെത്തും. കഞ്ചാവുപയോഗിക്കാതെ രണ്ടാഴ്ച പിടിച്ചുനില്‍ക്കുകയാണെങ്കില്‍ രോഗി സാധാരണ നില പ്രാപിക്കും. മയക്കുമരുന്നുപയോഗം മാനസികരോഗമുണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സ്‌കിസോഫ്രീനിയ പോലുള്ള മാനസികരോഗത്തിന് സാ ധ്യതയുള്ളവരില്‍ രോഗാവസ്ഥ വഷളാക്കാന്‍ മയക്കുമരുന്നുപയോഗം കാരണമാകും.
ഹൃദയാരോഗ്യത്തിന് ഭീഷണി
കഞ്ചാവിന്റെ ഉപയോഗം ഹൃദയമിടിപ്പ് 20 മുതല്‍ 100 ശതമാനം വരെ വര്‍ധിപ്പിച്ചേക്കാം. പുക ഉള്ളിലേക്കെടുത്ത് മൂന്നുമണിക്കൂര്‍വരെ ഈ അവസ്ഥയുണ്ടാകാം.