സ്വാസ്ഥ്യപൂര്‍ണമായ ജീവിതത്തിന് അവശ്യം വേണ്ട മൂന്നു സംഗതികള്‍ ഹിതഭക്ഷണം, മതിയായ ഉറക്കം, മിതമായ ലൈംഗികത എന്നിവയാണെന്നു പറയാറുണ്ട്. ഇവ മൂന്നും പരസ്പരം ആശ്രയിച്ചു നിലനില്‍ക്കുന്നവയുമാണ്. ഇണകളുടെ പരസ്പരധാരണയും വിശ്വാസവുമാണ് ലൈംഗികജീവിത വിജയത്തിന് അത്യന്താപേക്ഷിതം. പോഷകസമൃദ്ധമായ സാധാരണ ഭക്ഷണവും മതിയായ വ്യായാമവുമുണ്ടെങ്കില്‍ പ്രശ്‌നങ്ങളേതുമില്ലാതെ സാധാരണ ലൈംഗികജീവിതം പുലര്‍ത്താനാവും.

ലൈംഗികതയുടെ മുഖ്യശത്രുവാണ് അമിതവണ്ണം. അതിനാല്‍ അമിതാഹാരവും പൊണ്ണത്തടിയിലേക്കു നയിക്കുന്ന മറ്റു സാഹചര്യങ്ങളും ഒഴിവാക്കണം. ലൈംഗികതാല്‍പര്യങ്ങളുണ്ടെങ്കിലും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അമിതവണ്ണമുള്ളവര്‍ക്കു കഴിയാതെ വരാം. പൊണ്ണത്തടി ആശാസ്യമല്ലെങ്കിലും അത്യാവശ്യം കൊഴുപ്പ് ശരീരത്തിലുണ്ടാവണം. ലൈംഗികതയുമായി ബന്ധപ്പെട്ട ഹോര്‍മോണുകളും മറ്റും ഉല്‍പാദിപ്പിക്കാന്‍ കൊഴുപ്പുകൂടിയേ തീരൂ. വല്ലാതെ മെലിഞ്ഞിരിക്കുന്നത് ലൈംഗികോത്തേജകമല്ല എന്നര്‍ത്ഥം.

മാംസ്യവും ധാതുക്കളും സമൃദ്ധമായി അടങ്ങിയിട്ടുള്ള ഭക്ഷണം തിരഞ്ഞെടുക്കണം. മാംസാഹാരങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍കൊണ്ട് പ്രശ്‌നമൊന്നുമില്ലെങ്കിലും പൊതുവില്‍ സസ്യാഹാരത്തിനു പ്രാധാന്യം കൊടുക്കുന്നതു നന്നായിരിക്കും. നിത്യേന പഴം കഴിക്കുന്നത് ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും. നാട്ടില്‍ ലഭ്യമായ വാഴപ്പഴങ്ങള്‍ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കുക. ലൈംഗികജീവിതം ആഹ്ലാദപൂര്‍ണമാക്കുന്നതില്‍ മാമ്പഴത്തിനുള്ള പ്രാധാന്യം ഏറെപ്രസിദ്ധമാണ്. മാമ്പഴം സമൃദ്ധമായി കഴിക്കുന്നത് നവോന്മേഷവും ഊര്‍ജ്ജവുമേകും. സുലഭമായി ലഭിക്കുന്ന പഴങ്ങളില്‍ പേരയ്ക്കയാണ് ഏറ്റവും നല്ല മറ്റൊരു ലൈംഗികോത്തേജനകാരി.

പുരുഷന്മാര്‍ക്ക് പ്രത്യേകം ഗുണം ചെയ്യുന്നതാണ് ഈന്തപ്പഴം. ശുക്ലവര്‍ദ്ധകവുമാണിത്. പപ്പായ, പൈനാപ്പിള്‍, മുന്തിരി തുടങ്ങിയ പഴങ്ങളും നല്ലതുതന്നെ. പച്ചക്കറികള്‍ സമൃദ്ധമായി കഴിക്കുന്നത് പൊതുവില്‍ ശരീരത്തിന്റെ സുഖാവസ്ഥ നിലനിര്‍ത്താനും ലൈംഗികക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായകമാണ്. പച്ചക്കറികളുടെ കൂട്ടത്തില്‍ വെണ്ടക്കായയ്ക്ക് സവിശേഷപ്രാധാന്യമുണ്ടെന്നു പറയാം. നിത്യവും രണ്ടോ മൂന്നോ വെണ്ടയ്ക്ക പച്ചയ്ക്കു തിന്നാന്‍ കഴിയുമെങ്കില്‍ ഉത്തമം. ഉത്തേജനകാരിയായ മറ്റൊരു വിശേഷ ഇനമാണ് വെള്ളരി. പാവയ്ക്ക, മുരിങ്ങക്കായ, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളും പതിവായി കഴിക്കുന്നതു നന്ന്. വറ്റല്‍മുളകിന് വാജീകരണശേഷിയുണ്ട്.

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു നുള്ളു മുളകുപൊടി ചേര്‍ത്തുകുടിക്കുന്നതു നല്ലതാണെന്ന് ചിലേടങ്ങളില്‍ ധാരണയുണ്ട്. ഇതിന്റെ ശാസ്ത്രീയത കണ്ടെത്തേണ്ടിയിരിക്കുന്നു. ഉള്ളി പ്രശസ്തമായ വാജീകരണ സസ്യമാണ്. പ്രത്യേകിച്ച് ചെറിയ ഉള്ളി. കറിവെച്ചും കറികളില്‍ ചേര്‍ത്തും ഉള്ളി കഴിക്കാം. കിഴങ്ങുവര്‍ഗങ്ങള്‍ മിക്കവയും വാജീകരണശേഷിയുള്ളവ തന്നെ. ചേമ്പ് ലൈംഗിക ഹോര്‍മോണുകളുടെ നില മെച്ചപ്പെടുത്തും. പുരുഷന്മാരില്‍ ശുക്ലവര്‍ദ്ധനയ്ക്കും ശുക്ലത്തിന്റെ ഗുണം മെച്ചപ്പെടുത്താനും ചേമ്പു നല്ലതാണ്. എന്നാല്‍ ഇത് അധികം കഴിക്കുന്നത് മൂത്രാശയക്കല്ലിനു കാരണമാകാം.

കാച്ചിലില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ വാജീകരണ ഔഷധങ്ങളുടെ നിര്‍മിതിയില്‍ പ്രധാനമാണ്. ലൈംഗികശേഷി നിലനിര്‍ത്താനും ശീഘ്രസ്ഖലനം തടയാനും കൂര്‍ക്ക ഉത്തമമാണെന്നു കാണുന്നു. കാരറ്റിന് ഇക്കാര്യത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. യുനാനി ചികിത്സയില്‍ വാജീകരണത്തിന് കാരറ്റ് പല രൂപത്തില്‍ ഉപയോഗിക്കാറുണ്ട്.
Pages... 1 | 2 |