റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് രാമചന്ദ്രനെ സ്‌കൂട്ടറിടിച്ചു വീഴ്ത്തിയത്. രണ്ടു കാലിലും ഒടിവ്. 'ചികിത്സ എപ്പോള്‍ തുടങ്ങണം?' എന്ന് ചോദിക്കുന്നതില്‍ അര്‍ഥമുണ്ടോ? ചോദിച്ചാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചു പോകും! അത്യാസന്ന നിലയില്‍ കിടക്കുന്ന ഒരു രോഗിക്ക് ചികിത്സ എപ്പോള്‍ തുടങ്ങണം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എത്രയും പെട്ടെന്ന് ആസ്പത്രിയിലെത്തിക്കുക, ചികിത്സ തുടങ്ങുക. എന്നാല്‍, ഈ അപകടത്തെക്കാളും ഗുരുതരമായ വിപത്തുകളാണ് പ്രമേഹം വരുത്തിവെക്കുന്നതെന്ന് എത്രപേര്‍ക്കറിയാം? ഇന്ന് ആഗോളതലത്തില്‍ പ്രമേഹം അറിയപ്പെടുന്നതു തന്നെ, ശരീരത്തിലെ സുപ്രധാന അവയവങ്ങളെയെല്ലാം തകരാറിലാക്കാന്‍ കഴിയുന്ന, ആരോഗ്യമുള്ള ഒരു മനുഷ്യനെ പൂര്‍ണമായും അവശനാക്കാന്‍ കഴിയുന്ന, ചികിത്സയ്ക്ക് ഏറ്റവും ചെലവേറിയ ഒരു രോഗമായിട്ടാണ്.

പ്രമേഹം 'നിശ്ശബ്ദ കൊലയാളി' എന്നൊക്കെ അറിയപ്പെടുന്നുണ്ടെങ്കിലും ചികിത്സ എപ്പോള്‍ തുടങ്ങണമെന്ന കാര്യത്തില്‍ ഒരു സംശയം രോഗികള്‍ക്ക് മാത്രമല്ല, ചികിത്സകര്‍ക്കും ഉണ്ട് എന്നതാണ് സത്യം. പ്രമേഹ ലക്ഷണങ്ങളായ ശരീരഭാരം കുറയുക, കലശലായ ക്ഷീണം, വിശപ്പ്, ദാഹം, എപ്പോഴും മൂത്രം ഒഴിക്കണമെന്നു തോന്നുക എന്നിവയെല്ലാം അനുഭവപ്പെടുന്നത് ടൈപ്പ്-2 പ്രമേഹം വന്നെത്തി എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്. സ്വാഭാവികമായും വേദനയോ ക്ഷീണമോ കാഴ്ചക്കുറവോ ഒന്നും തന്നെ അനുഭവപ്പെടാതിരിക്കുന്നതു കൊണ്ട്, പലരും ആദ്യത്തെ 5-8 വര്‍ഷം ചികിത്സിക്കാതിരിക്കുകയോ ചികിത്സയ്ക്ക് പ്രാധാന്യം കൊടുക്കാതിരിക്കുകയോ ചെയ്യും. ഇതു തന്നെയാണ് ഭാവിയിലെ ഗുരുതര വിപത്തുകള്‍ക്കും 20 മടങ്ങോളം വര്‍ദ്ധിക്കുന്ന ചികിത്സാ ചെലവിനും കാരണമാവുന്നത്.

പ്രമേഹചികിത്സ എന്നാല്‍ ഗുളികകളും ഇന്‍സുലിന്‍ ഇന്‍ജക്ഷനും ഉപയോഗിച്ചുള്ള ചികിത്സ മാത്രമല്ല. പ്രമേഹചികിത്സയ്ക്ക് പ്രധാനമായും താഴെ പറയുന്ന ലക്ഷ്യങ്ങളാണുള്ളത്.

1. അമിതഭാരം ഉണ്ടെങ്കില്‍ കുറയ്ക്കണം. 2. രക്തത്തിലെ പഞ്ചസാര കൂടുതലാണെങ്കില്‍ അത് നിയന്ത്രണവിധേയമാക്കണം. 3. രക്തത്തിലെ കൊഴുപ്പ് കൂടുതലാണെങ്കില്‍ അത് നിയന്ത്രണവിധേയമാക്കണം. 4. രക്തസമ്മര്‍ദം അല്പമെങ്കിലും കൂടുതലുണ്ട് എങ്കില്‍ അതും നിയന്ത്രണവിധേയമാക്കണം.

മേല്‍പ്പറഞ്ഞ നാല് രോഗാവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് ചികിത്സിക്കാന്‍ വിട്ടുപോകുകയോ അവഗണിക്കപ്പെടുകയോ ചെയ്യുകയാെണങ്കില്‍ പ്രമേഹചികിത്സ ഭാവിയില്‍ പരാജയപ്പെടും എന്ന് ഏകദേശം ഉറപ്പാക്കാം.

മറ്റൊരര്‍ഥത്തില്‍ രക്തത്തിലെ പഞ്ചസാര കൂടുതലാെണന്ന് കണ്ടെത്തി പ്രമേഹചികിത്സ തുടങ്ങുമ്പോള്‍, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, അമിതവണ്ണം എന്നീ ഘടകങ്ങളില്‍ ഏതെങ്കിലും ഒന്ന് ഒപ്പമുണ്ടെങ്കില്‍ അതിന് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കുക തന്നെ വേണം.

വെറുംവയറ്റില്‍ ഷുഗര്‍ 126-ല്‍ കൂടുതല്‍ ആകുമ്പോഴാണ് പ്രമേഹം ആണെന്ന് ഉറപ്പിക്കുന്നത്. അല്ലെങ്കില്‍ റാന്‍ഡം ബ്ലഡ് ഷുഗര്‍ 200-ല്‍ കൂടുതലോ എച്ച്.ബി. എ വണ്‍ സി-6.5 ശതമാനമോ ആവണം. ഈ മൂന്ന് അവസ്ഥകളിലും പ്രമേഹചികിത്സ തീവ്രമായിത്തന്നെ തുടങ്ങണം. വെറുംവയറ്റില്‍ ഷുഗര്‍ 100 ആണെങ്കില്‍ അത് പ്രമേഹത്തിന്റെ പ്രാരംഭ അവസ്ഥയാണ്. ഈ ഘട്ടത്തിലും ചികിത്സ തുടങ്ങണം.

പ്രമേഹത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഏറ്റവും ഫലപ്രദമായ ചികിത്സ നിത്യേന 30 മിനിറ്റ് വ്യായാമമാണ്. അതോടൊപ്പം ഭക്ഷണത്തിലെ മധുരവും കൊഴുപ്പും നന്നേ ഒഴിവാക്കാനും ശ്രമിക്കണം. എന്നാല്‍ വ്യായാമം ചികിത്സയുടെ ഭാഗമാക്കുന്നത് 30 വയസ്സിനു ശേഷം ആദ്യമായാണെങ്കില്‍, വിശദമായ വൈദ്യപരിശോധനകള്‍ക്കു ശേഷമായിരിക്കണം അത്. കാരണം, നമ്മളറിയാതെ രക്തസമ്മര്‍ദമോ കൊഴുപ്പോ കൂടുതലാണ് എങ്കില്‍ അവ ചികിത്സിച്ചിട്ടോ, ചികിത്സയോടൊപ്പമോ വേണംവ്യായാമം നടത്താന്‍.
Pages... 1 | 2 |