
കേരളം കാണാനെത്തിയതാണ് ലണ്ടന്‍ സ്വദേശികളായ സൂസെനും ഹില്‍ബെര്‍ട്ടും. രണ്ടുപേരും മധ്യവയസ്‌കര്‍. ദമ്പതികള്‍. കുമരകത്ത് ഹൗസിംഗ് ബോട്ടില്‍ കായല്‍ഭംഗി നുകരുമ്പോഴാണ് ആയുര്‍വേദ മസാജിനെപ്പറ്റി അറിയുന്നത്. ഉടനെ ഇരുവരും ഒരു രസത്തിന് ആയുര്‍വേദ മസാജിംഗിന് വിധേയരായി. ബോട്ടുടമതന്നെയാണ് സൗകര്യമൊരുക്കിയത്.
പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹില്‍ബെര്‍ട്ടിന് കടുത്ത പുറം വേദന. മുമ്പൊരിക്കലും അങ്ങനെ ഉണ്ടായിരുന്നില്ല. കൊച്ചിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കു വിധേയമായപ്പോള്‍ ശരീരത്തിന് ചതവുണ്ടെന്ന് അറിഞ്ഞു. നീര്‍ക്കെട്ടും. മസാജിംഗ് പിഴച്ചതാണ് സംഭവം.
ആയുര്‍വേദം ഉത്തമ ചികിത്സാരീതി
ആയുര്‍വേദം എന്നുകേള്‍ക്കുമ്പോള്‍ വിദേശടൂറിസ്റ്റുകളെ പറ്റിക്കാനുള്ളതാണ് എന്ന മനോഭാവമാണ് പലര്‍ക്കും. ഇത് ശരിയല്ല. ശരീരത്തിലെ വിട്ടുമാറാത്ത അസുഖങ്ങള്‍ക്ക് അലോപ്പതിയേക്കാള്‍ ഫലപ്രദമായ ചികിത്സ ആയുര്‍വേദത്തില്‍ ലഭ്യമാണ്. ശരീരത്തിലടിഞ്ഞുകൂടുന്ന മാലിന്യങ്ങളാണ് രോഗങ്ങളുടെ മുഖ്യകാരണം. ഈ മാലിന്യങ്ങളെ യുക്തമായ മാര്‍ഗങ്ങളിലൂടെ നിര്‍വീര്യമാക്കി പുറം തള്ളുകയാണ് ചികിത്സയുടെ അടിസ്ഥാനം.
മാനസിക സമ്മര്‍ദങ്ങളും ക്രമംതെറ്റിയ ഭക്ഷണശീലങ്ങളുമുള്ള മലയാളി ആയുര്‍വേദത്തിന്റെ പഞ്ചകര്‍മ ചികിത്സകള്‍ക്ക് വര്‍ഷത്തിലൊരിക്കലെങ്കിലും വിധേയമാകുന്നത് നല്ലതാണെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
വ്യാജന്‍മാര്‍ ധാരാളം
'തേക്കടിയിലെ ഒരു ആയുര്‍വേദകേന്ദ്രത്തില്‍ ഞാന്‍ പോയിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്, വിശ്വാസ്യയോഗ്യമാണ് എന്നൊക്കെയാണ് ടൂറിസ്റ്റ് ഗൈഡ് പറഞ്ഞത്. ചെന്നപ്പോള്‍ നല്ല സ്വീകരണം. പക്ഷേ, ഇടയ്ക്ക് അവിടെയൊരാള്‍ ചെവിയില്‍ പറഞ്ഞു: സാര്‍ അല്‍പം രൂപ കൂട്ടിത്തന്നാല്‍ മസാജിങ്ങിന് സ്ത്രീകളെ ഏര്‍പ്പെടുത്താം. അതൊരു തട്ടിപ്പ് കേന്ദ്രമാണെന്ന് അപ്പോഴാണ് മനസ്സിലായത്. പെട്ടെന്ന് തന്നെ ഞാന്‍ അവിടം വിട്ടു''-ഭാര്യയും മകള്‍ക്കുമൊപ്പം കേരളത്തില്‍ വന്ന ഉത്തരേന്ത്യന്‍ പ്രൊഫസര്‍ അരവിന്ദ് പരീഖ് പറഞ്ഞു. വിട്ടുമാറാത്ത നടുവേദനയാണ് ചികിത്സ തേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ആയുര്‍വേദത്തിന് വിദേശത്തുള്‍പ്പടെ വന്‍ ജനപ്രീതിയായതോടെ വ്യാജന്‍മാരും രംഗത്തെത്തി. പണം തട്ടിക്കാനുള്ള മാര്‍ഗമായാണ് പലരും ആയുര്‍വേദത്തെ കാണുന്നത്.
'മസാജ് സെന്ററുകളുടെ മറവില്‍ അനാശാസ്യം എന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം അംഗീകാരമില്ലാത്ത മിക്ക ആയുര്‍വേദ കേന്ദ്രങ്ങളും പിടിച്ചുനില്‍ക്കുന്നത് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിലൂടെയാണ്''-ആയുര്‍വേദ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സോമനാഥന്‍ പറയുന്നു.
സര്‍ക്കാര്‍ അംഗീകാരമുള്ള, വിശ്വാസ്യത ഉറപ്പായ കേന്ദ്രങ്ങളില്‍ മാത്രമേ ആയുര്‍വേദ ചികിത്സയ്ക്ക് വിധേയരാകാവൂ. കോട്ടക്കല്‍ ആര്യവൈദ്യശാല, വൈദ്യരത്‌നം, കണ്ടംകുളത്തി, കേരള ആയുര്‍വേദ സമാജം, കെ.ഐ.പി.എല്‍, കെ.ടി.ഡി.സിയുടെ കോവളത്തെ ശാന്തീതീരം, തിരുവനന്തപുരത്തെ ശ്രീധരീയം, സോമ തീരം, തേക്കടിയിലെ ആരണ്യ നിവാസ് എന്നിങ്ങനെ നിരവധി പ്രശസ്തവും വിശ്വാസ്യയോഗ്യവുമായ കേന്ദ്രങ്ങള്‍ ഉണ്ട്്.
ചികിത്സയ്ക്കായി വര്‍ഷകാലം
ആയുര്‍വേദചികിത്സകള്‍ക്ക് ഏറ്റവും നല്ല സമയം വര്‍ഷകാലമാണ്. അന്തരീക്ഷം തണുപ്പുള്ളതും ഈര്‍പ്പമുള്ളതും പൊടി വിമുക്തവുമായിരിക്കും. അത് ശരീരദ്വാരങ്ങളെ തുറക്കുന്നു. ഊര്‍ജം ശരീരത്തില്‍ നിറഞ്ഞ പ്രസരിപ്പോടെ നില്‍ക്കും.