ഹൃദയത്തില്‍നിന്ന് സ്‌നേഹം സിരകളില്‍ നിന്ന് ചോര. ഒരു മനുഷ്യനു മറ്റൊരാള്‍ക്ക് ഇതില്‍പ്പരമെന്തു നല്‍കാനാവും? ഗുരുവായൂരപ്പന്‍ കോളേജും പ്രോവിഡന്‍സ് വിമന്‍സ് കോളേജും ഈ നിര്‍മലചിന്ത കൊണ്ടാണ് കോഴിക്കോട്ടുകാരെ തങ്ങളോട് ചേര്‍ത്തുപിടിച്ചിരിക്കുന്നത്. ചോരചിന്തി ഇവര്‍ വെട്ടിയ നന്മയുടെ വഴികള്‍ ആയിരക്കണക്കിനു മനുഷ്യര്‍ക്ക് ജീവന്റെ പുതുവഴി കാട്ടി. പാഠപുസ്തകങ്ങളില്‍ രക്തദാനത്തിന്റെ ഏറ്റവും നല്ല പാഠമെഴുതിച്ചേര്‍ത്ത ഈ കലാലയങ്ങള്‍ ഇന്ന് അംഗീകരിക്കപ്പെടുന്നു; രക്തദാനത്തിന്റെ ഏറ്റവും മികച്ച മാതൃകകളെന്ന പേരില്‍.പൊക്കുന്നിലെയും മലാപ്പറമ്പിലെയും രണ്ടു കുന്നിന്‍മുകളിലിരുന്ന് പരസ്പരം ഒരു നഗരത്തിന്റെ അകലം സൂക്ഷിക്കുമ്പോഴും ചോരയെക്കുറിച്ച് ഇവരുടെ സിരകളിലൊഴുകിയ ചിന്തകള്‍ ഒരുപോലെ. വര്‍ഷങ്ങളായി ഇരുകലാലയങ്ങളും രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികളെ നിരന്തരം ബോധവത്കരിച്ചു. തങ്ങളിലെ ജീവദ്രവത്തെ മനസ്സറിഞ്ഞ് മറ്റൊരുവനു നല്‍കാന്‍ കുട്ടികള്‍ തയ്യാറായിത്തുടങ്ങിയത് അങ്ങനെയാണ്. ഓരോ ജീവന്‍ രക്ഷപ്പെടുമ്പോഴും അവര്‍ പറഞ്ഞു ; ഇനിയുമിനിയും എടുത്തുകൊള്ളുക.
മെഡിക്കല്‍ കോളേജിലെയും ബീച്ച് ആസ്പത്രിയിലെയും കോട്ടപ്പറമ്പിലെയും രക്തബാങ്കുകള്‍ ഈ കുട്ടികള്‍ ഇടയ്ക്കിടെ തങ്ങളുടെ രക്തംകൊണ്ടു നിറച്ചു. ഇരു കോളേജിലെയും ബ്ലഡ് ഡോണേഴ്‌സ് ഫോറങ്ങളിലെ കുട്ടികള്‍ വേറെവേറെ സംഘമായെത്തിയാണ് രക്തദാനം നടത്താറുള്ളത്. ഒപ്പം തങ്ങളുടെ രക്തത്തിനായി എവിടെയോ കാത്തിരിക്കുന്ന ആരുടെയോ വിളിക്കായി ഇവര്‍ കാതോര്‍ത്തിരുന്നു. നിരവധി പേര്‍ ഈ കൗമാരരക്തം സിരകളില്‍ നിറച്ച് ജീവിതം തിരിച്ചുപിടിച്ചു.
ഗുരുവായൂരപ്പന്‍ കോളേജിലെ ബി.കോം വിദ്യാര്‍ഥി നീതയുടെ എ നെഗറ്റീവ് രക്തത്തിനായി കോളേജിലെ എന്‍.എസ്.എസ്. ചുമതലയുള്ള രാജന്‍ മലയില്‍ സാര്‍ വിളിച്ചത് ഒരു രാത്രിയാണ്. അതിരാവിലെ മെഡിക്കല്‍ കോളേജിലെത്തി രക്തം നല്‍കിയ ശേഷമാണ് നീത അന്ന് കോളേജിലെത്തിയത്. ഇതുപോലെ നിരവധി പേര്‍. അശ്വതി, പ്രശാന്ത് പട്ടേരി, ഗീത, ആഷിഫ്, ലിനീഷ്... പറഞ്ഞാല്‍ തീരില്ല പേരുകള്‍.
കഴിഞ്ഞ വര്‍ഷം മാത്രം 312 പേരാണ് ഗുരൂവായൂരപ്പന്‍ കോളേജില്‍നിന്ന് രക്തദാനം നടത്തിയത്. കോളേജിലെ എന്‍.എസ്.എസ്സും റെഡ് റിബ്ബണ്‍ ക്ലബ്ബും അധ്യാപകരും വിദ്യാര്‍ഥികളും ഈ പ്രവര്‍ത്തനത്തില്‍ ഒറ്റക്കെട്ടാണ്. ഒരിക്കല്‍ 62 യൂണിറ്റ് രക്തം നല്‍കി കുട്ടികള്‍ ജീവന്‍ നിലനിര്‍ത്തിയ കോനോത്ത് രാമകൃഷ്ണന്റെ കുടുംബത്തിന്റെ സഹായത്തോടെ, മികച്ച പ്രവര്‍ത്തനം നടത്തുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും കോളേജ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ കോളേജിനുള്ള സംസ്ഥാന അവാര്‍ഡാണ് ഇക്കുറി ഗുരുവായൂരപ്പന്‍ കോളേജിനെ തേടിയെത്തിയിരിക്കുന്നത്.
പെണ്‍കുട്ടികളുടെ ചോരയ്ക്ക് കരുത്തുപോരെന്ന് പ്രോവിഡന്‍സ് കോളേജിലെ കുട്ടികളെ കണ്ടാല്‍ പിന്നെയാരും പറയില്ല. 1982 മുതല്‍ ഇവിടത്തെ ബ്ലഡ് ഡോണേഴ്‌സ് ഫോറം സജീവമാണ്. ആവശ്യക്കാര്‍ക്ക് ഉടന്‍ ദാതാവിനെ നല്‍കാന്‍ രക്തഗ്രൂപ്പ് ഡയറക്ടറിയുമുണ്ട്.