
കഴുത്തിന്റെ
വടിവ് നിലനിര്‍ത്താം
ശംഖുപോലെ മനോഹരമായ കഴുത്ത്... ആവശ്യത്തിന് നീളവും ചര്‍മത്തിന്റെ ദൃഢതയുമാണ് കഴുത്തിന്റെ സൗന്ദര്യം. മധ്യവയസ്സ് കഴിയുമ്പോള്‍ ശരീരകോശങ്ങളുടെ വര്‍ധനയുടെ തോത് കുറയുന്നു. ഇത് ചര്‍മത്തിന്റെ ഭംഗിയെ നഷ്ടപ്പെടുത്തുന്നു. കൂടാതെ ചര്‍മത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കുന്ന രണ്ടു പ്രോട്ടീനുകളുടെ ഇലാസ്റ്റിന്, കൊളേജിന് ഉത്പാദനവും കുറഞ്ഞുതുടങ്ങുന്നു.
പ്രായമേറുന്നതിന്റെ ആദ്യ ലക്ഷണമാണ് കഴുത്ത് അയയുന്ന അവസ്ഥ. വണ്ണം കൂടുന്നതും ആകാരത്തിന് വരുന്ന വ്യത്യാസവും മറ്റു ലക്ഷണങ്ങളാണ്. മെലിഞ്ഞ ശരീരപ്രകൃതമുള്ളവരിലാണ് 'ഇരട്ടത്താടി' (double chun) വരുന്നത്.
ദിവസവും പുറംകൈകൊണ്ട് കീഴ്ത്താടിയില്‍ പതിയെ അടിക്കുക. കുറച്ചു മിനുട്ടുകള്‍ ഇത് പരിശീലിക്കാം.
താടിയിലെ മസിലുകള്‍ക്ക് വ്യായാമം ആവശ്യമാണ്. വായ പൂര്‍ണമായും തുറന്ന്, കീഴ്ത്താടി മുന്നോട്ടേക്ക് നീട്ടിപ്പിടിക്കുക. ഇനി കീഴ്ത്താടി മേല്ച്ചുണ്ടോളം ഉയര്‍ത്തണം. ഇത് ദിവസം 3 - 4 പ്രാവശ്യം ചെയ്യുക.
കൈകള്‍ക്ക് ബലം കിട്ടാന്‍
ഒരേ സമയം വണ്ണം കൂടുകയും ഒപ്പം പ്രായത്തോടനുബന്ധമായി കൈകളിലെ കോശങ്ങള്‍ ദുര്‍ബലമാവുകയും ചെയ്യുന്നു. തല്‍ഫലമായി കൈവണ്ണകള്‍ അയഞ്ഞ് തൂങ്ങുന്നു. ഇരുപത്തിയഞ്ചാം വയസ്സില്‍ തന്നെ കൈകളുടെ ദൃഢത വര്‍ധിപ്പിക്കാനുള്ള വെയിറ്റ്-ട്രെയിനിങ് വ്യായാമങ്ങള്‍ പരിശീലിക്കണം. 'ട്രൈസെപ്സ് എക്സ്ടെന്‍ഷന്‍', 'ബൈസെപ്കേള്സ്' എന്നിവ ഉത്തമമാണ്.
അധികം വെയില് കൊള്ളുന്നതും ചര്‍മത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും.
കൈകള്‍ വീശിയുള്ള നടപ്പ് പേശികള്‍ക്ക് ഉറപ്പ് നല്‍കും.
സ്തനങ്ങളുടെ ഉറപ്പിന്
പേശികള്‍ ഇല്ലാത്ത അവയവമായതിനാല്‍ സ്തനങ്ങള്‍ പ്രായമേറുമ്പോള്‍ പെട്ടെന്ന് ഇടിഞ്ഞ് തൂങ്ങുന്നു. അമിതവണ്ണവും ശരിയല്ലാത്ത അളവിലുള്ള ബ്രാ ഉപയോഗിക്കുന്നതും സ്തനങ്ങളുടെ രൂപഭംഗി നഷ്ടപ്പെടുത്തും.
സ്തനചര്‍മം ഉണങ്ങിയിരിക്കുന്നത് തടയാന്‍ 'വാട്ടര്‍ ബേസ്ഡ് മോയിസ്ചറൈസറു'കള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
ശരിക്കും സ്തനങ്ങളില്‍ ഉറച്ചു നില്ക്കുന്നതും പാകമായ അളവിലുള്ളതുമായ ബ്രാതന്നെ ധരിക്കുക.
വ്യായാമം ചെയ്യുമ്പോള്‍ 'സ്പോര്‍ട്സ് ബ്രാ' അല്ലെങ്കില്‍ പാകമായ സാധാരണ ബ്രാ ധരിക്കണം.
അമിതവണ്ണം വരുന്നത് തടയാന്‍ ജോഗിങ് ശീലിക്കുക.