കിടക്കകള്‍ തിരഞ്ഞെടുക്കുമ്പോള്‍



മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് നല്ല ഉറക്കം പ്രധാനമാണെന്ന് ഏവരും സമ്മതിക്കും.എന്നാല്‍ സുഖനിദ്ര പ്രദാനം ചെയ്യുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് ഗൗരവപൂര്‍വം ചിന്തിക്കുന്നവര്‍ വിരളം. സൗകര്യപ്രദമായ കിടപ്പുമുറി, കൂടുതല്‍ ചൂടോ അധികം തണുപ്പോ ഇല്ലാത്ത അന്തരീക്ഷനില, ശാന്തമായ മാനസികാവസ്ഥ ഇങ്ങനെ വലുതും ചെറുതുമായ ഒട്ടേറെ ഘടകങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കുന്നു. കൂട്ടത്തില്‍ ഒട്ടും പ്രാധാന്യം കുറയാത്ത ഒന്നുണ്ട്, നിങ്ങളുടെ കിടക്ക.

മുന്‍ഗണന സുഖനിദ്രയ്ക്ക്

കിടക്ക വാങ്ങാന്‍ കടയിലെത്തിയാല്‍ വിസ്മയിപ്പിക്കുന്ന മോഡലുകള്‍ കാണാം. എന്നാല്‍ അവയില്‍ ആരോഗ്യകരമായി നിദ്ര സാധ്യമാക്കുന്നത് തിരഞ്ഞെടുക്കുന്നത് ഏറെ ശ്രദ്ധിച്ചുവേണം. ശരീരത്തിന് സമതുലിതാവസ്ഥ നല്‍കുന്ന കിടക്കയാണ് അഭികാമ്യമെന്ന് ആരോഗ്യവിഗ്ദര്‍ പറയുന്നു. നട്ടെല്ലിന് ആയാസമില്ലാത്ത അവസ്ഥ പ്രദാനം ചെയ്യുന്നകിടക്കയാണ് തിരഞ്ഞെടുക്കേണ്ടത്. തല, ചുമലുകള്‍, നിതംബം, ഉപ്പൂറ്റി എന്നിവയെ താങ്ങി നിര്‍ത്തുന്നതാകണമത്. എന്നാല്‍ എല്ലാവര്‍ക്കും ഒരേതരം കിടക്ക യോജിക്കണമെന്നില്ല. ഉദാഹരണത്തിന് നടുവേദനയുള്ളവര്‍ക്ക് അല്പം ഉറപ്പുള്ള പ്രതലത്തോടുകൂടിയ കിടക്കയാണ് യോജിക്കുക.

നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കിടക്ക നല്ലതാണോ എന്ന് തിരിച്ചറിയുക പ്രധാനമാണ്. രാവിലെ ഉറക്കമുണരുമ്പോള്‍ ചെറുതായി നടുവേദന അനുഭവപ്പെടുകയും 15-30 മിനുട്ടിനുള്ളില്‍ അത് മാറുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് കിടക്കയുടെ പ്രശ്‌നം തന്നെയാണെന്ന് കരുതാം. നിങ്ങളുടെ കിടക്ക മാറ്റേണ്ട സമയമായെന്ന് വ്യക്തം.

കിടക്ക തിരഞ്ഞെടുക്കുന്നത് അതില്‍ കിടന്നുനോക്കിയിട്ടാവുന്നതാണ് ഉചിതമെന്ന് വിദഗ്ദര്‍ പറയുന്നു. ചുരുങ്ങിയത് 10-15 മിനുട്ട്. കിടന്നുനോക്കിയാലേ കിടക്കയുടെ ഗുണം അറിയാന്‍ പറ്റൂ. എന്നാല്‍ മിക്കപ്പോഴും നമുക്കതിന് സൗകര്യം ലഭിക്കില്ല. എന്നിരുന്നാലും ശ്രദ്ധിച്ചുവേണം തിരഞ്ഞെടുക്കാന്‍.

പ്രത്യേകതയനുസരിച്ച് തിരഞ്ഞെടുക്കാം

വിപണിയില്‍ വിവിധയിനം കിടക്കകള്‍ ലഭ്യമാണെന്ന് പറഞ്ഞു. ഉപയോഗിക്കുന്നവരുടെ ശാരീരികാവസ്ഥയും ഉപയോഗക്ഷമതയും പരിഗണിച്ചുവേണം അവയിലൊന്ന് തിരഞ്ഞെടുക്കാന്‍.

കോയില്‍ സ്​പ്രിങ് ഉള്ള കിടക്കകള്‍ ഇപ്പോഴും വിപണിയില്‍ ലഭ്യമാണ്. സ്​പ്രിങ്ങിന് മുകളില്‍ വ്യത്യസ്തയിനം വസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരം കിടക്കകളുടെ കാര്യത്തില്‍ കൂടുതല്‍ കോയിലുകളുള്ള കിടക്കയാണ് സുഖപ്രദമെന്ന തെറ്റുധാരണ നിലനില്‍ക്കുന്നുണ്ട്. 390 ലധികം കോയിലുകളിലധികം കിടയ്ക്കക്ക് ആവശ്യമില്ലെന്ന് ഈ രംഗത്തുള്ള വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അവ ആവശ്യത്തിന് ഇല്ലെങ്കില്‍ സുഖനിദ്ര അസാധ്യമാവുകയും ചെയ്യും. അമിതഭാരമുള്ളവര്‍ക്ക് കോയില്‍ സ്​പ്രിങ് ഉള്ള കിടക്കകള്‍ ഉചിതമാണ്. ശരീരഭാരം താങ്ങുന്നതിനും കിടക്കയില്‍ നിന്ന് എളുപ്പത്തില്‍ എഴുന്നേല്‍ക്കുന്നതിനും ഇത്തരം കിടക്കകള്‍ അവരെ സഹായിക്കുന്നു.

പ്രകൃതിദത്തം അല്ലെങ്കില്‍ കൃത്രിമമറബ്ബര്‍ ഇവയിലേതുകൊണ്ടും ലാറ്റെക്‌സ് കിടക്കകള്‍ ഉണ്ടാക്കാം. ഉറപ്പുള്ളതും എന്നാല്‍ സുഖനിഗ്ര ഉറപ്പുവരുത്തുന്നതുമാണ് ഇവ. ലാറ്റെക്‌സ് കിടക്കകള്‍ പുറംവേദനയ കുറയ്ക്കുമെന്നും അനുഭവസ്ഥര്‍ പറയുന്നു.

പോളിയൂറെത്തേനില്‍ നിന്ന് ഉണ്ടാക്കുന്ന മെമ്മറി ഫോമുകളും വിപണിയിലുണ്ട്.ശരീരതാപനിലയോട് പ്രതികരിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ശരീരത്തിന്റെ രൂപത്തോട് താദാത്മ്യം പ്രാപിക്കുകയും ചെയ്യും. ഉറക്കത്തിനിടയിലുള്ളചലനങ്ങള്‍ കൂടെ കിടക്കുന്നവര്‍ അറിയാത്തരീതിയില്‍ ആഗിരണം ചെയ്ത് ഇല്ലാതാക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്. ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെന്നതും രാസവസ്തുക്കളുടെ ഗന്ധമുണ്ട് എന്നതും ഇതിന്റെ പരിമിതികളാണ്.

മേല്‍പ്പറഞ്ഞവ കൂടാതെ യാത്രയ്ക്കിടയിലോ കിടപ്പിലായ രോഗികള്‍ ഉപയോഗിക്കുന്നതോ ആയ എയര്‍ ബെഡ്ഡുകള്‍, സ്വീകരണമുറിയില്‍ ഇടുകയും അതിഥികള്‍ വരുമ്പോള്‍ ഉപയോഗിക്കുകയും ചെയ്യുന്ന സോഫകള്‍ തുടങ്ങിയവയും വീടുകളില്‍ സന്ദര്‍ഭത്തിനനുസരിച്ച് വാങ്ങാറുണ്ട്.

ചുരുക്കത്തില്‍ ഓരോരുത്തര്‍്ക്കും സുഖം നല്‍കുന്ന കിടക്ക തിരഞ്ഞെടുക്കുകയാണ് വേണ്ടത്. എന്നാല്‍ 10-15 വര്‍ഷത്തെ ഉപയോഗത്തിനുശേഷം കിടക്ക മാറ്റുന്നതാണ് നല്ലത്.ഓര്‍ക്കേണ്ട മറ്റൊരു കാര്യം കിടക്ക എത്ര നല്ലതായാലും അതില്‍ ആവശ്യത്തിന് വിശ്രമിക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ടോ എന്നതാണ്.

ഡോ. ഒ.കെ മുരളീധരന്‍