സൂര്യനമസ്‌കാരം
ചിത്തവൃത്തി നിരോധനത്തിനുള്ള മാര്‍ഗമാണ് യോഗതന്ത്രം. മനുഷ്യമനസ്സ് ചഞ്ചലമാണ്. അത് എപ്പോഴും ഒന്നില്‍നിന്നു മറ്റൊന്നിലേക്ക് ചാഞ്ചാടിക്കൊണ്ടിരിക്കും. മനസ്സിന്റെ ഈ ചഞ്ചലതയെ യോഗസാധനാമാര്‍ഗങ്ങളുപയോഗിച്ചു നിയന്ത്രിക്കാന്‍ പരിശീലിക്കുകയാണ് യോഗി ചെയ്യുന്നത്. ഈ യോഗത്തിന് എട്ടു അംഗങ്ങളുണ്ട്: യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ.
ജീവാത്മാവും പരമാത്മാവുമായുള്ള ലയമാണ് യോഗസാധനയിലൂടെ സാധിക്കേണ്ട പരമമായ ലക്ഷ്യം. ചിത്തവൃത്തിനിരോധത്തിലൂടെ അതു സാധിക്കുന്നവരാണ് യോഗികള്‍. ഇത് ഒരു ജീവിതരീതിയാണ്. യോഗാഭ്യാസത്തെ ഒരു ചികിത്സാരീതിയായിട്ടല്ല ആചാര്യന്മാര്‍ കണ്ടിരുന്നത്. എന്നാല്‍, ഈ ശാസ്ത്രീയപദ്ധതിയിലെ ചില അംശങ്ങളെ മാത്രം എടുത്ത് പരിശീലിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായകമാവും.
യോഗശാസ്ത്രത്തിലെ എട്ടു അംഗങ്ങളില്‍ നിന്നു യമം, നിയമം എന്നിവയെ മാത്രം എടുക്കുക. 'യമം' എന്നാല്‍ മനസ്സിന്റെ നിയന്ത്രണം എന്നര്‍ത്ഥം. 'നിയമം' എന്നാല്‍ ആഹാരകാര്യത്തിലും മറ്റു പ്രവൃത്തികളിലുമുള്ള നിയന്ത്രണം. ഈ രണ്ടു അംശങ്ങള്‍കൊണ്ടു തന്നെ കായികമായ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ കഴിയും. യോഗാസനങ്ങള്‍ ശരീരത്തിനു ദൃഢത നല്‍കും. 'ആസനേന ഭവേ ദൃഢം' എന്നാണ് പ്രമാണം. യോഗാസനം അംഗലാഘവവും ശരീരദാര്‍ഢ്യവും നല്‍കും. ചിട്ടയായ ഭക്ഷണക്രമവും മനോനിയന്ത്രണവുമുള്ളവരാണ് യോഗാസനങ്ങള്‍ പിന്തുടരുന്നതെങ്കില്‍ ഏറെ ഫലപ്രദമാവും. പ്രാഥമിക യോഗാഭ്യാസങ്ങള്‍ ശീലിച്ച് അതിലൂടെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് എത്താനും എളുപ്പമാണ്.
യോഗാഭ്യാസം ഒരു ജീവിതരീതിയായി പിന്തുടരേണ്ടതാണ്. എല്ലാവിധ രോഗങ്ങളില്‍ നിന്നും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളില്‍ നിന്നും നമുക്കു രക്ഷയേകാന്‍ അതു സഹായകമാവും. ചിട്ടയായ യോഗാഭ്യാസം സാധിക്കാത്തവര്‍ക്കുപോലും സാധാരണയായി ശീലിക്കാവുന്നതാണ് സൂര്യനമസ്‌കാരം.
പകൃതിയുടെ ഊര്‍ജസ്രോതസ്സായ സൂര്യന് അഭിമുഖമായി നിന്നു നമസ്‌കരിക്കുന്നതാണ് സൂര്യനമസ്‌കാരം. അങ്ങനെ ശീലിക്കുന്നവരെ നമസ്‌കാരയോഗികള്‍ എന്നു വിളിക്കാറുണ്ട്. രാവിലെ സൂര്യന്‍ ഉദിച്ചുവരുമ്പോഴും വൈകുന്നേരം അസ്തമനവേളയിലും. പ്രകൃതിയുടെ ഊര്‍ജസ്രോതസ്സായ സൂര്യനെ മുഴുവന്‍ ശരീരം കൊണ്ടും നമസ്‌കരിക്കുകയാണിവിടെ. പ്രകൃതിയോടും പ്രപഞ്ചചൈതന്യത്തോടുമുള്ള വിനീതമായ ആദരമായിക്കൂടി സൂര്യനമസ്‌കാരത്തെ കാണാം.
ആദിത്യസ്യ നമസ്‌കാരാഃ
യേ കുര്‍വന്തി ദിനേദിനേ
തസ്യരോഗാഃ ന ജായന്തേ
ജരാ മൃത്യു കൃതാനി ച
എന്നാണ് ആയുര്‍വേദാചാര്യന്മാര്‍ സൂര്യനമസ്‌കാരത്തെക്കുറിച്ചു പറയുന്നത്. നിത്യവും സൂര്യനമസ്‌കാരം ചെയ്യുന്നവരെ രോഗങ്ങളോ ജരാനരകളോ ബാധിക്കുകയില്ല എന്നര്‍ത്ഥം. എല്ലാ സന്ധികള്‍ക്കും മാംസപേശികള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഒരു സമ്പൂര്‍ണ വ്യായാമമാണ് സൂര്യനമസ്‌കാരം.
ദഹനം ക്രമമാക്കാന്‍
ദഹനക്രമങ്ങള്‍ ചിട്ടപ്പെടുത്താനും ഇതു സഹായകമാണ്. അപാനവായുവിന്റെ പ്രവര്‍ത്തനം സുഗമമാകും. മലമൂത്ര വിസര്‍ജനങ്ങളും തൃപ്തികരമാവും. വ്യായാമം ശരീരത്തിന്റെ മൊത്തം ഊഷ്മാവ് ഉയര്‍ത്തും. അത് ജഠരാഗ്നിദീപ്തി ഉണ്ടാക്കുകയും ചെയ്യും. അങ്ങനെ നല്ല വിശപ്പുണ്ടാകാനും ദഹനശോധനക്രമങ്ങള്‍ സുഖകരമാക്കാനും സൂര്യനസ്‌കാരം സഹായകമാവുന്നു. ആഹാരം ദഹിച്ച് ആധാതുക്കള്‍ പരിണമിച്ചാണ് രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ സപ്തധാതുക്കളായിത്തീരുന്നത്. ഈ ധാത്വഗ്നികളുടെ പ്രവര്‍ത്തനം ക്രമവും സുഗമവുമായിരിക്കുമ്പോള്‍ ശരീരത്തിന്റെ ആരോഗ്യാവസ്ഥ ഭദ്രമായിരിക്കും. അങ്ങനെയുള്ളവരെ ഒരു രോഗവും ബാധിക്കുകയില്ല.
മറ്റു ഏതു വ്യായാമമുറകളെക്കാളും സൗകര്യപ്രദമാണ് സൂര്യനമസ്‌കാരം. യോഗയുടെ പൂര്‍ണ ചിട്ടകളും ജീവിതക്രമങ്ങളും പാലിക്കാന്‍ കഴിയാത്തവര്‍ക്കുപോലും ഒരു വ്യായാമം എന്ന നിലയില്‍ സൂര്യനമസ്‌കാരം ശീലിക്കാവുന്നത്. ജീവിതചര്യയില്‍ ക്രമീകരണങ്ങള്‍ വരുത്താന്‍ കഴിഞ്ഞാലേ പൂര്‍ണഫലങ്ങള്‍ ലഭിക്കുകയുള്ളു. എങ്കില്‍പോലും നിത്യേനയുള്ള സൂര്യനമസ്‌കാരം വളരെയേറെ ആരോഗ്യദായകമാണ്.
കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍
ശിരസ്സു മുതല്‍ അംഗുഷും അഥവാ കാലിന്റെ പെരുവിരല്‍ വരെ എല്ലാ അവയവങ്ങള്‍ക്കും സന്ധികള്‍ക്കും ആയാമം-വലിവ്-നല്‍കുന്നു സൂര്യനമസ്‌കാരം. നടത്തം, ഓട്ടം, സൈക്കിളിങ് തുടങ്ങി സാമാന്യമായി നാം ശീലിച്ചു വരുന്ന വ്യായാമങ്ങളൊന്നും ഇതുപോലെ എല്ലാ സന്ധികള്‍ക്കും മാംസപേശികള്‍ക്കും വ്യായാമം നല്‍കാന്‍ പര്യാപ്തമല്ല. സന്ധികളും മാംസപേശികളും വലിയുന്നതുകൊണ്ട് അവിടങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള പ്രവണത കുറയും. അരയ്ക്കു ചുറ്റിലും വയറിനു താഴെയുമാണ് കൂടുതലായി കൊഴുപ്പ് അടിയാറുള്ളത്. സൂര്യനമസ്‌കാരത്തില്‍ ഈ ഭാഗങ്ങള്‍ നന്നായി വലിയുകയും ഇളകുകയും ചെയ്യും.
നിത്യേന ഈ വ്യായാമം ലഭിക്കുമ്പോള്‍ അവിടെ കൊഴുപ്പ് അടിയാനുള്ള സാധ്യത കുറയുന്നു. കൊഴുപ്പ് അടിഞ്ഞുകൂടിയവരില്‍ അതു ഇല്ലാതാക്കാനും സൂര്യനമസ്‌കാരം സഹായകമാണ്. ഇങ്ങനെയാണ് സൂര്യനമസ്‌കാരത്തിലൂടെ കൊളസ്‌ട്രോളില്‍ നിന്നു മോചനം ലഭിക്കുന്നത്. അല്ലാതെ ഏതെങ്കിലും തരത്തിലുള്ള മാന്ത്രികവിദ്യയോ സിദ്ധിവിശേഷമോ ഇതിലില്ല. കുറച്ചു സൂര്യനമസ്‌കാരം ചെയ്താല്‍ കൊഴുപ്പ് അലിഞ്ഞുപോകുന്ന മാജിക്കുമല്ല ഇത്.
ഏറ്റവും സൗകര്യപ്രദം
മറ്റു വ്യായാമങ്ങളെ അപേക്ഷിച്ച് ഏറെ സൗകര്യപ്രദമാണ് സൂര്യനമസ്‌കാരം. നടത്തത്തിനും ഓട്ടത്തിനുമൊക്കെ പുറത്തു പോകണം. മൈതാനമോ കടലോരമോ ഉദ്യാനമോ ഉണ്ടാവണം. അതിനു തക്കവേഷം അണിയണം. മഴയോ മഞ്ഞോ ഒക്കെയാണെങ്കില്‍ 'ഇന്നു തല്‍ക്കാലം വ്യായാമം വേണ്ട' എന്നു മടിപിടിച്ചിരിക്കാനും സാധ്യത കൂടുതല്‍. ഈവക പ്രശ്‌നങ്ങളൊന്നും സൂര്യനമസ്‌കാരത്തിനില്ല. കിടപ്പുമുറിയില്‍ വച്ചുപോലും ചെയ്യാനാവും. മലമുകളിലെ വീട്ടിലോ ഫ്ലാറ്റിലോ ലോഡ്ജ ിലോ മറ്റോ താമസിക്കുന്നവര്‍ക്കും സൂര്യനമസ്‌കാരം ചെയ്യാം. യോഗാഭ്യാസത്തിന്റെ ഭാഗമായി ചെയ്യുന്നവരും വിശ്വാസത്തിന്റെ കൂടി പിന്‍ബലത്തില്‍ ചെയ്യുന്നവരും സൂര്യനു നേരെ തിരിഞ്ഞാണ് നമസ്‌കരിക്കേണ്ടത്. കേവലം ശരീരവ്യായാമത്തിനു മാത്രമായി ഇതു ചെയ്യുന്നവര്‍ അത്തരം കാര്യങ്ങളൊന്നും നോക്കിയില്ലെങ്കിലും കുഴപ്പമില്ല.
എങ്ങനെ, എപ്പോള്‍
സൂര്യനമസ്‌കാരം ചെയ്യുമ്പോള്‍ വയറ് ഒഴിഞ്ഞിരിക്കണം. രാവിലെ എഴുന്നേറ്റയുടന്‍ പ്രാഥമിക ദേഹശുദ്ധികള്‍ വരുത്തിയശേഷം സൂര്യനമസ്‌കാരം ചെയ്യുക. കുളിച്ച ശേഷം ചെയ്യുന്നതു നല്ലത്. സൂര്യനമസ്‌കാരംചെയ്യുമ്പോള്‍ അല്‍പം വിയര്‍പ്പു പൊടിയുന്നതുകൊണ്ടു പ്രശ്‌നമൊന്നുമില്ല. നമസ്‌കാരശേഷം ശരീരമാസകലം നന്നായി തടവി ചൂടു പിടിപ്പിക്കുക. എല്ലാ ശരീരഭാഗങ്ങളിലും പേശികളിലും ഇങ്ങനെ തിരുമ്മാം. തൊലിക്കു കീഴിലായി അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ക്രമേണ ഇല്ലാതാവാന്‍ ഈ തിരുമ്മല്‍ സഹായകരമാവും. ചര്‍മത്തിന് ജീവസ്സും കാന്തിയും ഉണ്ടാവുകയും ചെയ്യും. ശരീരത്തിലെ ഓരോ രോമകൂപത്തിനും കൂടി ഉണര്‍വും ഉന്മേഷവും ഉണ്ടാകും. ഈ ഉണര്‍വ് ദിവസം മുഴുവന്‍ നിലനില്‍ക്കുകയും ചെയ്യും.
തുടക്കത്തില്‍, രാവിലെ രണ്ടു തവണ സൂര്യനമസ്‌കാരം മാത്രം ചെയ്യുക. രണ്ടുദിവസം കഴിയുമ്പോള്‍ ഇത് നാലാക്കാം. അങ്ങനെ ക്രമേണ എണ്ണം കൂട്ടിക്കൊണ്ടുവരിക. ഏതാനും ദിവസം കഴിയുമ്പോള്‍ രാവിലെയും വൈകീട്ടും ചെയ്തു തുടങ്ങാം. ഏതാണ്ട് രണ്ടു മാസം കൊണ്ട് രാവിലെയും വൈകീട്ടും 24 സൂര്യനമസ്‌കാരം വീതം ചെയ്യാന്‍ കഴിയും. (ഇതിന് ഒരു നേരം കഷ്ടി 20 മിനിട്ടു മതിയാകും.) ഇങ്ങനെ നിത്യവും 48 സൂര്യനമസ്‌കാരം ചെയ്യുന്നവര്‍ക്ക് കൊളസ്‌ട്രോള്‍ എന്നല്ല, അത്തരത്തിലുള്ള ജീവിതശൈലീരോഗങ്ങള്‍ മിക്കവാറും ഇല്ലാതാവും.
അസ്വസ്ഥതകള്‍ ഒഴിവാക്കാം
ചെയ്തുതുടങ്ങുമ്പോള്‍ ചെറിയ സന്ധിവേദനയൊക്കെ ഉണ്ടായേക്കാം. അതു രണ്ടു മൂന്നു ദിവസം കൊണ്ടു ഭേദമാവും. മാറുന്നില്ലെങ്കില്‍ ഗന്ധര്‍വഹസ്താദികഷായത്തില്‍ അല്‍പം ഇന്തുപ്പും ശര്‍ക്കരയും ചേര്‍ത്ത് രാവിലെ കഴിക്കുക. ശരീരവേദന മാറ്റാനും കൂടുതല്‍ അയവും ഉന്മേഷവുമുണ്ടാക്കാനും തൈലം തേച്ചുള്ള കുളി നല്ലതാണ്. ബലാശ്വഗന്ധാദി തൈലമോ സഹചരാദി തൈലമോ തേച്ചു കുളിക്കുന്നത് ഏറെ ഫലപ്രദമായിരിക്കും.
ദേഹവേദന തോന്നുന്നുവെങ്കില്‍ തുടര്‍ന്ന് സൂര്യനമസ്‌കാരം ചെയ്യരുത്. നമസ്‌കാരത്തിന്റെ എണ്ണം കൂട്ടിക്കൊണ്ടുവരുന്നതും സാവധാനത്തിലാക്കണം. 24 എണ്ണം ചെയ്യുന്നതാണ് നല്ലതെങ്കിലും 12ഓ 20ഓ ഒക്കെ ചെയ്തു നിര്‍ത്തുകയുമാവാം.
മറ്റസുഖങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ക്കും ചെറിയ പ്രശ്‌നങ്ങള്‍ മൂലം ഇതര വ്യായാമങ്ങള്‍ക്കൊന്നും കഴിയാത്തവര്‍ക്കുമെല്ലാം സൂര്യനമസ്‌കാരം ചെയ്യാം. സൂര്യനമസ്‌കാരം തന്നെ രണ്ടു വിധത്തില്‍ ചെയ്യാം. ശാരീരികായാസം തീരെ കുറഞ്ഞ വിധത്തിലും അല്‍പം ആയാസമുള്ള വിധത്തിലും. തുടക്കക്കാര്‍ ആദ്യം ലളിതരീതിയിലുള്ള നമസ്‌കാരം ചെയ്ത് അംഗലാഘവം വരുത്തിയ ശേഷം മാത്രം ആയാസകരമായ രീതി സ്വീകരിക്കുന്നത് നന്ന്. വ്യത്യസ്തമായ രീതികളില്‍ ചെയ്യുന്നവരുമുണ്ട്.
തയ്യാറാക്കിയത്:
ബിജു സി.പി.