മനസ്സ്,പെരുമാറ്റം

കുഞ്ഞിനു രണ്ടു വയസ്സായി. ഇതുവരെ നന്നായി സംസാരിച്ചുതുടങ്ങിയിട്ടില്ല. വീട്ടില്‍ പകല്‍ മുഴുവന്‍ വേലക്കാരിയുടെ ഒപ്പമാണ് കുട്ടി കഴിയുന്നത്. എന്തു ചെയ്യണം?

കേള്‍വിക്കുറവ്, ബുദ്ധിവികാസക്കുറവ്, വേണ്ടവിധം മറ്റുള്ളവരുടെ സംസാരം കേള്‍ക്കാന്‍ അവസരം ലഭിക്കാതെ വരിക, എന്നീ കാരണങ്ങള്‍കൊണ്ട് കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ വൈകും. കുഞ്ഞിന്റെ പ്രശ്‌നം ഇതില്‍ ഏതാണെന്നു കണ്ടെത്തി പരിഹരിക്കേണ്ടതാണ്. കേള്‍വിക്ക് പ്രശ്‌നമില്ലെങ്കില്‍, ഉച്ചാരണശുദ്ധിയോടെ കുഞ്ഞിനോടു കൂടുതല്‍ സമയം സംസാരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

കുഞ്ഞ് വല്ലാതെ വാശിപിടിച്ച് കരയുമ്പോള്‍ പേടിപ്പിക്കുന്നതുകൊണ്ട് പ്രശ്‌നമുണ്ടോ?


കുഞ്ഞുങ്ങളുടെ കരച്ചില്‍ മാറ്റുവാന്‍ പേടിപ്പിക്കുന്നത് ഒരിക്കലും നല്ലതല്ല. കുഞ്ഞുങ്ങളില്‍ ഇതുമൂലം അമിതമായ ഉത്കണുയും ഭയവും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ചില കുട്ടികളില്‍ ഉത്കണു മൂലം ശാരീരിക അസുഖങ്ങള്‍ വരാം.

വിചാരിച്ച സാധനം കിട്ടുന്നതുവരെ കുട്ടി കരയുന്നു. പല കാര്യങ്ങള്‍ക്കും വാശിയാണ്. വാശി മാറ്റിയെടുക്കുവാന്‍ വഴിയുണ്ടോ?


വാശിപിടിച്ചു കരയുന്നതിനനുസരിച്ച് വിചാരിച്ച സാധനങ്ങള്‍ കൊടുത്താല്‍ കുട്ടികള്‍ക്ക് ഭാവിയില്‍ കൂടുതല്‍ പെരുമാറ്റപ്രശ്‌നങ്ങളും സ്വഭാവവൈകല്യങ്ങളും ഉണ്ടാകാം. അതിനാല്‍ തുടക്കത്തില്‍തന്നെ പെരുമാറ്റ ചികിത്സവഴി കുട്ടികളുടെ വാശി മാറ്റിയെടുക്കണം.

രണ്ടര വയസ്സുള്ള കുഞ്ഞ് ടിവി കണ്ടാലേ ഭക്ഷണം കഴിക്കൂ. വലുതാകുമ്പോള്‍ ഈ ശീലം ദോഷം ചെയ്യുമോ?


ഈ ശീലം മാറ്റിയെടുക്കേണ്ടതാണ്. കൂടുതല്‍ സമയം ടിവി കാണുന്നത് കുട്ടികള്‍ക്ക് പലവിധത്തില്‍ ദോഷം ചെയ്യും. കാഴ്ചത്തകരാറു മുതല്‍ പെരുമാറ്റ പ്രശ്‌നങ്ങള്‍ വരെ ഇതുമൂലം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.

കുട്ടി രാത്രി പലപ്പോഴും എഴുന്നേറ്റു കരയും. ഞങ്ങളുടെ ഉറക്കം പോകും. എന്താണിങ്ങനെ?


പേടിപ്പെടുത്തുന്ന കഥകള്‍ കേള്‍ക്കുകയോ, സിനിമയോ സീരിയലോ കാണുകയോ ചെയ്താല്‍ കുട്ടികള്‍ രാത്രിയില്‍ പേടിസ്വപ്നങ്ങള്‍ കണ്ട് എഴുന്നേറ്റു കരയാന്‍ സാധ്യതയുണ്ട്. മൂത്രമൊഴിക്കാന്‍ തോന്നുന്ന അവസരത്തിലും കുട്ടികള്‍ എഴുന്നേറ്റു കരയാറുണ്ട്. ഓരോ കുട്ടിയുടേയും സാഹചര്യം വിലയിരുത്തിയാല്‍ ഇതിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കാം.

നാലു വയസ്സുള്ള പെണ്‍കുട്ടി പറഞ്ഞാല്‍ അനുസരിക്കുന്നേയില്ല. ദേഷ്യപ്പെടുന്തോറും അനുസരണക്കേട് കൂടുന്നു. എന്തു ചെയ്യണം?


മാതാപിതാക്കളുടെ ചില പ്രത്യേക സമീപനരീതികള്‍ കുട്ടികളില്‍ വാശി ഉളവാക്കാം. ഇളയ കുട്ടി ജനിക്കുമ്പോള്‍, തന്നോടുള്ള സ്നേഹം കുറഞ്ഞുപോകുമോ എന്ന ഉത്കണു മൂലം മൂത്ത കുട്ടിക്ക് പെരുമാറ്റ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കുട്ടി അനുസരണക്കേട് കാണിക്കുന്ന സാഹചര്യത്തില്‍ വിശകലനം ചെയ്യണം. സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള പെരുമാറ്റവിദ്യകള്‍ ഉപയോഗിച്ച് ഈ പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാം.

മൂന്നര വയസ്സുള്ള കുട്ടി എപ്പോഴും മുതിര്‍ന്നവരോട് ചീത്ത വാക്കുകള്‍ പറയുന്നു. ഈ ശീലം എങ്ങനെ മാറ്റിയെടുക്കാം?


കൊച്ചുകുട്ടികള്‍ ചീത്ത വാക്കുകള്‍ പറഞ്ഞുതുടങ്ങുന്നത് മറ്റുള്ളവരില്‍നിന്നോ ദൃശ്യശ്രാവ്യമാധ്യമങ്ങളില്‍നിന്നോ കേട്ടിട്ടായിരിക്കും. അതുകൊണ്ട് കുട്ടികള്‍ ഇത്തരം വാക്കുകള്‍ കേള്‍ക്കാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കുകയും, മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്ല മാതൃക കാണിക്കുകയും ചെയ്യണം.

10 വയസ്സുള്ള കുട്ടിക്ക് സംസാരിക്കുമ്പോള്‍ വിക്കുണ്ട്. എന്തു ചെയ്യണം?


തിടുക്കത്തില്‍ പറയാതെ സാവധാനം സംസാരിക്കുവാന്‍ കുട്ടിയെ പരിശീലിപ്പിക്കണം. വിക്കുണ്ടാകുന്ന അവസരത്തില്‍ അത് അവഗണിക്കണം. ഉത്കണു ഉളവാക്കുന്ന സാഹചര്യങ്ങളില്‍ വിക്കു കൂടും. സംസാരത്തില്‍ വിക്കുണ്ടാകുമോ എന്ന കുട്ടിയുടെ ഭയം മാറ്റിയെടുക്കണം. കുട്ടിയുടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുകയും കുടുംബാംഗങ്ങളുമായി കൂടുതല്‍ സംസാരിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതാണ്. പാട്ടു പാടാനും കഥകള്‍ പറയാനും കുട്ടിക്ക് പ്രോത്സാഹനം കൊടുക്കണം.

മകള്‍ക്ക് 13 വയസ്സായി. അവളുടെ സുഹൃത്തുക്കള്‍ അധികവും ആണ്‍കുട്ടികളാണ്. അവള്‍ വഴിതെറ്റാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം?


ആണ്‍കുട്ടികളായ സുഹൃത്തുക്കളോടുള്ള സമീപനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മകളെ പറഞ്ഞു മനസ്സിലാക്കേണ്ടതാണ്. ലൈംഗികമായി ചൂഷണം ചെയ്യപ്പെടാനുള്ള സാഹചര്യങ്ങളില്‍ ചെന്നുപെടാതിരിക്കുവാനും ഈ സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് ധൈര്യത്തോടെ ഒഴിഞ്ഞുമാറാനും വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കണം. കുറ്റപ്പെടുത്തുന്നതിനു പകരം മകളുടെ വിശ്വാസം നേടിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കേണ്ടതാണ്. പഠനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിലേക്കു കുട്ടിയുടെ താല്‍പര്യം കൂട്ടിയെടുക്കുകയും ചെയ്യണം.

കുട്ടികള്‍ക്ക് ലൈംഗികതയെക്കുറിച്ചുള്ള പ്രാഥമിക അറിവ് നല്‍കേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എപ്പോഴാണ് വേണ്ടത്? എങ്ങനെയതു ചെയ്യാം?


കുടുംബജീവിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഓരോ പ്രായത്തിനും അനുസരിച്ച് കുട്ടികളുടെ സംശയങ്ങള്‍ക്ക് ലളിതമായി ഉത്തരങ്ങള്‍ നല്‍കേണ്ടതാണ്. വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പറഞ്ഞുമനസ്സിലാക്കേണ്ടതാണ്. കൂട്ടുകാരില്‍നിന്നും മറ്റും ലൈംഗികതയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് ഭാവിജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൗമാരപ്രായത്തില്‍ ലൈംഗികതയെക്കുറിച്ചുള്ള ശാസ്ത്രീയവിവരങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടതാണ്. മറ്റുള്ളവരില്‍നിന്നുമുള്ള ലൈംഗിക ചൂഷണം ഒഴിവാക്കാന്‍ ഇത് കുട്ടികളെ സഹായിക്കും.

മകന് 12 വയസ്സ്. ടിവിയില്‍ ഗുസ്തിപരിപാടികള്‍ കണ്ടിരിക്കുവാന്‍ ഭയങ്കര ഹരമാണ്. ഇത് അക്രമവാസന വളര്‍ത്തുമോ? ഇതെങ്ങനെ മാറ്റാം?


ഗുസ്തിപരിപാടികള്‍ അമിതമായി കാണുന്നത് കുട്ടികളില്‍ അക്രമവാസന വളര്‍ത്തും. അതിനാല്‍ കുട്ടിയുടെ ശ്രദ്ധ അതില്‍നിന്നു മാറ്റേണ്ടത് അത്യാവശ്യമാണ്. ബുദ്ധിവികാസത്തിനും ശാരീരിക വികാസത്തിനും ഉതകുന്ന കളികളിലേക്കു വിശ്രമവേളകളില്‍ കുട്ടിയുടെ ശ്രദ്ധ തിരിക്കണം.

മകള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു. അവള്‍ക്ക് ക്രിക്കറ്റ് താരം സെവാഗിനോട് പ്രണയം കലര്‍ന്ന ആരാധനയാണ്. ക്രിക്കറ്റുള്ള ദിവസം സ്‌കൂള്‍ മുടക്കി ടിവി കണ്ടിരിക്കും. എന്താണിങ്ങനെ?


കൗമാര പ്രായത്തില്‍ താരങ്ങളോടും മറ്റും സ്വാഭാവികമായും ആരാധന തോന്നാം. എന്നാല്‍ ആരാധനകൂടി പ്രണയത്തിന്റെ പരിവേഷത്തില്‍ എത്തിയാല്‍ അത് കുട്ടിയുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ കൗണ്‍സലിങ് വഴി ഈ ചിന്താഗതി മാറ്റിയെടുക്കണം.

മറ്റു കുട്ടികളോട് ദേഷ്യവും അസൂയയുമാണ് മകന്. എന്തുകൊണ്ടാണിത്? എങ്ങനെ മാറ്റാം.


പല കാരണങ്ങള്‍കൊണ്ട് കുട്ടികളില്‍ സ്വഭാവപ്രശ്‌നങ്ങള്‍ ഉണ്ടാകാം. പഠനത്തില്‍ പിന്നോട്ടു പോകുന്ന കുട്ടിക്ക് അപകര്‍ഷതാബോധം ഉണ്ടാവുകയും തന്നേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടിയോട് അസൂയ തോന്നുകയും ചെയ്യാം. മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് കുട്ടിയെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തിയാല്‍ സ്വാഭാവികമായും ഈ കുട്ടികളോട് ദേഷ്യവും അസൂയയും ഉണ്ടാകും. സ്വഭാവവൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍, പ്രകോപനങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ മറ്റു കുട്ടികളോട് ദേഷ്യപ്പെടാറുണ്ട്. അതിനാല്‍ ഓരോ കുട്ടിയുടേയും പ്രശ്‌നമെന്താണെന്നു വിശകലനം ചെയ്ത് പെരുമാറ്റ ചികിത്സവഴി ഈ സ്വഭാവങ്ങള്‍ മാറ്റിയെടുക്കാം.

കുട്ടിക്ക് ആറു വയസ്സായി. രണ്ടു വയസ്സുള്ള ഇളയ കുട്ടിയെ ഇവന്‍ വല്ലാതെ ഉപദ്രവിക്കുകയും ചീത്ത പറയുകയും ചെയ്യും. എന്തു ചെയ്യണം?


രണ്ടാമത്തെ കുഞ്ഞ് ജനിച്ചുകഴിയുമ്പോള്‍ മൂത്ത കുട്ടിക്ക് മാതാപിതാക്കളുടെ ശ്രദ്ധ വേണ്ടത്ര കിട്ടാതെ വരുമ്പോഴാണ് ഇളയ കുട്ടിയോട് മോശമായി പെരുമാറാന്‍ തുടങ്ങുന്നത്. ഇതിന് സഹോദരവൈരം അഥവാ സിബ്ലിങ് റൈവല്‍റി എന്നു പറയുന്നു. അതിനാല്‍ മാതാപിതാക്കളുടെ (പ്രത്യേകിച്ച് അമ്മയുടെ) ശ്രദ്ധ മുത്തകൂട്ടിക്ക് ആവശ്യത്തിനു കിട്ടുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. ഇളയ കുഞ്ഞിന്റെ പരിചരണത്തില്‍ മൂത്ത കുട്ടിയേയും പങ്കെടുപ്പിച്ച്, കുഞ്ഞ് തന്റെ സ്വന്തമാണ് എന്ന ചിന്ത മൂത്ത കുട്ടിയില്‍ ഉണ്ടാക്കിയെടുക്കണം.

കുഞ്ഞിന് മറ്റുള്ളവരോട് വലിയ നാണമാണ്. എടുക്കാനോ സംസാരിക്കാനോ നില്‍ക്കില്ല. ഓടി അകത്തൊളിക്കും. മറ്റുള്ളവരോട് ഇടപഴകാന്‍ എങ്ങനെ പഠിപ്പിക്കും?


കുട്ടിക്ക് സാമൂഹികമായി ഇടപഴകാന്‍ മാതാപിതാക്കള്‍ അവസരങ്ങള്‍ ഉണ്ടാക്കണം. മറ്റുള്ളവരുടെ മുഖത്തുനോക്കി സംസാരിക്കുവാന്‍ ചെറുപ്രായത്തില്‍തന്നെ പ്രേരണ നല്‍കണം. മറ്റുള്ളവരുമായി സംസാരിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ഈ അവസരങ്ങളില്‍ വേണ്ടത്ര പ്രോത്സാഹനം കൊടുക്കുകയും ചെയ്യണം.

പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കുട്ടിക്ക് വായിക്കാന്‍ ഇഷ്ടമാണ്. എഴുതാന്‍ തീരെ താല്‍പര്യമില്ല. കൈയക്ഷരവും നന്നല്ല. എന്തു ചെയ്യണം?


ശരാശരിയോ അതില്‍ കൂടുതലോ ബുദ്ധിശക്തിയുള്ള കുട്ടികളില്‍, വായന, എഴുത്ത്, ഗണിതശാസ്ത്രപരമായ കഴിവുകള്‍ എന്നിവ മാത്രം പിന്നോട്ടു പോകുന്ന അവസ്ഥയ്ക്കാണ് പഠനവൈകല്യം എന്നു പറയുന്നത്. പഠനവൈകല്യങ്ങള്‍ നാലു തരമുണ്ട്: വായനയിലുള്ള വൈകല്യം, എഴുതുന്നതിലുള്ള വൈകല്യം, ഗണിതശാസ്ത്രപരമായ കഴിവുകളുടെ വൈകല്യം, പഠന സംബന്ധമായ കഴിവുകളെ ബാധിക്കുന്ന കൂട്ടായ വൈകല്യം.
വായിക്കാന്‍ ഇഷ്ടമുള്ള കുട്ടിക്ക് കൈയക്ഷരം മോശമാകുകയും എഴുതുവാന്‍ താല്‍പര്യം കുറയുകയും ചെയ്യുന്നത്, എഴുതുന്നതിലുള്ള വൈകല്യം കൊണ്ടാകാം. കുട്ടിയുടെ പഠനസംബന്ധമായ കഴിവുകള്‍ ശാസ്ത്രീയമായ വിശകലനം ചെയ്തതിനുശേഷം തിരുത്തല്‍ പരിശീലനങ്ങള്‍ നല്‍കേണ്ടതാണ്.

മകന് 12 വയസ്സ്. കണക്കിനോട് തീരെ താല്‍പര്യമില്ല. എല്ലാ വിഷയവും ഒരുപോലെ ഇഷ്ടപ്പെടാന്‍ എന്തു ചെയ്യണം?


കണക്കിനോട് തീരെ താല്‍പര്യമില്ലെങ്കില്‍ ആദ്യമായി പരിശോധിക്കേണ്ടത് ഗണിതശാസ്ത്രപരമായ കഴിവുകളുടെ വൈകല്യം ഉണ്ടോ എന്നാണ്. ഇവര്‍ക്ക് ഗണിതശാസ്ത്രപരമായ കഴിവുകള്‍ വികസിപ്പിക്കുവാനുള്ള പ്രത്യേക പരിശീലനം കൊടുത്താല്‍ ഈ വിഷയം ഇഷ്ടപ്പെടാന്‍ തുടങ്ങും. പഠനവൈകല്യം ഇല്ലാത്ത കുട്ടികള്‍ക്കും ചില വിഷയങ്ങളോട് താല്‍പര്യം ഇല്ലാതിരിക്കാം. രസകരമായ പഠനരീതികള്‍ വഴിയും പ്രോത്സാഹനങ്ങള്‍ നല്‍കിയും കണക്കിനോടുള്ള താല്‍പര്യം കൂട്ടിയെടുക്കുവാന്‍ സാധിക്കും.

കുട്ടിക്ക് മൂന്നര വയസ്സായി. പ്രീ സ്‌കൂളില്‍ വിടേണ്ട കാര്യമുണ്ടോ? അതോ പിന്നീട് നേരിട്ട് ഒന്നാം ക്ലാസില്‍ ചേര്‍ത്താല്‍ മതിയോ?


കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ ചേരുന്നതിനുമുമ്പ് നേടിയെടുക്കേണ്ട കഴിവുകള്‍ക്കാണ് പ്രീ അക്കാദമിക് കഴിവുകള്‍ എന്നു പറയുന്നത്. കളികളിലൂടെ വളരെ ലളിതമായ രീതിയില്‍ ഈ കഴിവുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുവാന്‍ സാധിക്കും. മാതാപിതാക്കള്‍ക്ക് ഇതിനുള്ള നിര്‍ദേശങ്ങള്‍ ചെയില്‍ഡ് ഗൈഡന്‍സ് ക്ലിനിക്കുകളില്‍ കൊടുക്കാറുണ്ട്. മാതാപിതാക്കള്‍ ഉദ്യോഗസ്ഥരാണെങ്കില്‍ കുട്ടി വീട്ടില്‍ ഒറ്റപ്പെടാതിരിക്കാനായി പ്രീസ്‌കൂളില്‍ ചേര്‍ക്കുന്നത് നല്ലതാണ്. വീട്ടില്‍നിന്നോ പ്രീസ്‌കൂളില്‍നിന്നോ പ്രീ അക്കാദമിക് കഴിവുകള്‍ നേടിയെടുത്ത കുട്ടിക്ക് ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നാല്‍ പഠനപ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല.

ഞങ്ങള്‍ രണ്ടുപേരും ജോലിക്കാരാണ്. വൈകീട്ട് കുറച്ചു നേരമേ മകനെ ശ്രദ്ധിക്കാന്‍ പറ്റുന്നുള്ളൂ. അവന്റെ സ്വഭാവം നല്ലതാകാന്‍ എന്തുചെയ്യണം?


മകന്റെ കൂടെ ചെലവഴിക്കുന്ന സമയം അവന് പ്രോത്സാഹനങ്ങള്‍ കൊടുക്കണം. പഠനസംബന്ധമായ കാര്യങ്ങളില്‍ ആവശ്യമുള്ള നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കേണ്ടത് ആവശ്യമാണ്. സത്യസന്ധത, ആത്മാര്‍ഥത, ക്ഷമ, സ്നേഹം, ലാളിത്യം, മിതവ്യയം, മുതലായ ഗുണങ്ങള്‍ മാതാപിതാക്കളില്‍നിന്നാണ് കുട്ടികള്‍ കൂടുതലായും പഠിക്കുന്നത്. അതിനാല്‍ മകന് നല്ല മാതൃകയായി മാതാപിതാക്കള്‍ പ്രവര്‍ത്തിക്കണം.

കുട്ടിയുടെ കൂടെ കഴിയാന്‍ കിട്ടുന്ന സമയം വളരെ കുറവാണ്. ഉള്ള സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം?


കുട്ടിക്കുവേണ്ടി മാത്രമായി ഒന്നുരണ്ടു മണിക്കൂറെങ്കിലും നല്‍കണം. ആ സമയത്ത് കുട്ടിയുടെ കൂടെ കളികളില്‍ പങ്കു ചേരുന്നത് നല്ലതാണ്. സ്‌കൂളിലെ കാര്യങ്ങളെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും കുട്ടിക്കു പറയാനുള്ളതെല്ലാം ക്ഷമയോടെ കേള്‍ക്കണം. പരാതികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അവ പരിഹരിക്കേണ്ടതാണ്. പഠനത്തിലും സ്നേഹത്തോടെ പ്രോത്സാഹനം നല്‍കണം.

മകന് ഏഴു വയസ്സായി. അമ്മയുടെ ഒപ്പമേ കിടക്കൂ. അവനെ മാറ്റിക്കിടത്താറായോ? എത്ര പ്രായത്തിലാണ് ഒറ്റയ്ക്ക് കിടത്തി ശീലിപ്പിക്കേണ്ടത്?


മൂത്ത കുട്ടിയുണ്ടെങ്കില്‍ ഏഴു വയസ്സുള്ള മകനെ മൂത്ത സഹോദരന്റെയോ സഹോദരിയുടെയോകൂടെ മാറ്റിക്കിടത്താം. കൗമാരപ്രായം തുടങ്ങിയാല്‍ ഒറ്റയ്ക്കു കിടത്തി ശീലിപ്പിക്കേണ്ടത് ആവശ്യമാണ്.

മകന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. മുതിര്‍ന്നവരോട് തീരെ ബഹുമാനമില്ല. അധ്യാപകരോടും അങ്ങനെതന്നെ. ഗുരുഭക്തിയും ബഹുമാനവുമൊക്കെ എങ്ങനെ ഉണ്ടാക്കിയെടുക്കാം?


ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ക്ക് വലിയ ഒരു പങ്ക് വഹിക്കുവാനുണ്ട്. സമാധാനപരമായ കുടുംബാന്തരീക്ഷം ശരിയായ വ്യക്തിത്വവികസനത്തിന് അത്യാവശ്യമാണ്. നല്ല സംസാരം, നല്ല പെരുമാറ്റം, നല്ല വ്യക്തിബന്ധങ്ങള്‍ എന്നിവയുടെ പ്രാധാന്യം മാതാപിതാക്കളുടെ പ്രവൃത്തികളിലൂടെ കുട്ടികള്‍ മനസ്സിലാക്കേണ്ടതാണ്. സ്വഭാവവൈകല്യങ്ങള്‍ ഉള്ള കുട്ടിയാണെങ്കില്‍ മനഃശാസ്ത്രപരമായ ചികിത്സ ആവശ്യമായി വരാം.

മകന്‍ എസ്.എസ്.എല്‍.സി.ക്ക് പഠിക്കുന്നു. അവന് എന്തു പറഞ്ഞാലും പെട്ടെന്നു സങ്കടം വരും. മൂഡോഫാകും. എന്തു ചെയ്യണം?


പ്രശ്‌നങ്ങളെ സമചിത്തതയോടെ നേരിടാനുള്ള കഴിവ് കുറവുള്ളവര്‍ക്കാണ് ഇപ്രകാരം സങ്കടം ഉണ്ടാകുന്നത്. ജീവിതത്തില്‍ ആവശ്യം വരുന്ന കഴിവുകള്‍ ഉണ്ടാക്കിയെടുക്കുന്ന പ്രത്യേക പരിശീലനം വഴി കുട്ടിയുടെ ഈ പ്രശ്‌നം മാറ്റിയെടുക്കാന്‍ സാധിക്കും.

10-ാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ക്ക് നാലു മാസമായി ഇടയ്ക്കിടെ തലവേദനയും ബോധക്കേടും ഉണ്ടാകുന്നു. പരീക്ഷയെക്കുറിച്ച് പേടിയുണ്ട്. പല ടെസ്റ്റുകളും ചെയ്തു. എല്ലാം നോര്‍മല്‍ ആണ്. മരുന്നുകള്‍ കഴിച്ചിട്ടും ഇതു മാറുന്നില്ല. എന്തായിരിക്കാം ഇതിനു കാരണം?


ഉത്കണുയും സങ്കടവും മാനസികപിരിമുറുക്കവും മൂലം ഉണ്ടാകുന്ന ശാരീരിക അസുഖങ്ങള്‍ക്ക് മനോജന്യ ശാരീരിക പ്രശ്‌നങ്ങള്‍ എന്നാണ് പറയുന്നത്. ശാരീരിക വേദനകള്‍ (തലവേദന, നെഞ്ചുവേദന, പുറംവേദന, വയറുവേദന, കൈകള്‍ വേദന മുതലായവ) ബോധക്കേട്, വിറയല്‍, നെഞ്ചിടിപ്പ്, ശ്വാസത്തിനുള്ള ബുദ്ധിമുട്ട്, ഛര്‍ദ്ദി, അപസ്മാരം പോലെയുള്ള ചേഷ്ടകള്‍ മുതലായ ലക്ഷണങ്ങള്‍ ഉണ്ടാകാം. അസുഖങ്ങള്‍ക്കു കാരണമായി ശാരീരിക തകരാറുകള്‍ ഒന്നും ഉണ്ടാവുകയില്ല. ഉത്കണുയുടെ കാരണങ്ങള്‍ കണ്ടെത്തി കുട്ടിയുടെ ചിന്താഗതി മാറ്റുവാനുള്ള ബുദ്ധിപരമായ ചികിത്സകള്‍ വഴി ഇപ്രകാരമുള്ള അസുഖങ്ങള്‍ മാറ്റിയെടുക്കാം. ഇത്തരം അസുഖങ്ങളുള്ള കുട്ടികളില്‍ പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങള്‍ ധാരാളമായി കാണാറുണ്ട്.
അസുഖങ്ങളെക്കുറിച്ച് അമിതമായ ഭയമുള്ളവരിലും ഈ ലക്ഷണങ്ങള്‍ ഉണ്ടാകാം. അച്ഛനമ്മമാര്‍ തമ്മിലുള്ള വഴക്ക്, ഉദ്ദേശിച്ച കാര്യം സാധിക്കാതെവരിക തുടങ്ങിയ സന്ദര്‍ഭങ്ങളിലും മനോജന്യമായ ശാരീരിക അസുഖങ്ങള്‍ ഉണ്ടാകാറുണ്ട്.

രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ക്ലാസില്‍ അടങ്ങിയിരിക്കുന്നില്ല എന്നു ടീച്ചര്‍ പരാതിപ്പെടുന്നു. വീട്ടില്‍ ആണെങ്കിലും ഒരു കാര്യത്തിലും ശ്രദ്ധനിലനിര്‍ത്തുവാന്‍ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ?


കുട്ടികളില്‍ ശ്രദ്ധക്കുറവും അമിതപ്രവര്‍ത്തനവും കാണുന്ന അവസ്ഥയ്ക്കാണ് അച്ചടക്കക്കുറവെന്നും അമിതസക്രിയത്വമെന്നും പറയുന്നത്. ഇങ്ങനെയുള്ള കുട്ടികളില്‍ ചില പെരുമാറ്റസവിശേഷതകള്‍ കാണാറുണ്ട്. അനാവശ്യമായി എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന പ്രകൃതം, ക്ലാസിനു ചുറ്റും കറങ്ങിനടക്കുക, ക്രമപ്രകാരം ഊഴം കാത്തിരിക്കാന്‍ പ്രയാസം അനുഭവപ്പെടുക, ആലോചിക്കാതെ അപകടകരങ്ങളായ പ്രവൃത്തികളില്‍ ഏര്‍പ്പെടുക, ഒരു പ്രവൃത്തിയിലും അധികനേരം ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയാതിരിക്കുക, വീട്ടിലേക്കോ സ്‌കുളിലേക്കോ ആവശ്യമായ വസ്തുക്കള്‍ കളഞ്ഞുപോകുക മുതലായവയാണ് ഈ സവിശേഷതകള്‍ ശ്രദ്ധ കൂടുവാനും അമിത പ്രവര്‍ത്തനം നിയന്ത്രിക്കുവാനുമുള്ള പെരുമാറ്റ ചികിത്സ ഈ പ്രശ്‌നം പരിഹരിക്കുവാന്‍ സഹായകമാണ്.

കുട്ടികളെ അടിക്കാമോ? അല്ലെങ്കില്‍ ശിക്ഷിക്കേണ്ടത് എങ്ങനെയൊക്കെ? ഏതൊക്കെ സന്ദര്‍ഭങ്ങളില്‍?


പരിണതഫലങ്ങളെക്കുറിച്ചു ചിന്തിക്കാതെ അപകടകരങ്ങളായ പ്രവൃത്തികളില്‍ കുട്ടി ഏര്‍പ്പെടുകയാണെങ്കില്‍ അതില്‍നിന്ന് പെട്ടെന്നു പിന്തിരിപ്പിക്കാനായി ചിലപ്പോള്‍ അടിക്കേണ്ടി വരാം. അടിക്കാനുണ്ടായ സാഹചര്യം കുട്ടിക്ക് വ്യക്തമാക്കിക്കൊടുക്കണം. ഭാവിയില്‍ ഇതുപോലെയുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ സ്നേഹത്തോടെ പറഞ്ഞുകൊടുക്കാന്‍ മറക്കരുത്.
പെരുമാറ്റ പ്രശ്‌നങ്ങള്‍ കാണിക്കുന്ന അവസരത്തില്‍ കുട്ടികള്‍ക്ക് സാധാരണ ലഭിക്കുന്ന ചില ആനുകൂല്യങ്ങള്‍ ഒഴിവാക്കുന്നത്, അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കും. കുട്ടികളുമായി തുറന്നു സംസാരിക്കുകയും, അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും സ്നേഹത്തോടെ പെരുമാറുകയും ചെയ്താല്‍, ശിക്ഷിക്കേണ്ട പല സന്ദര്‍ഭങ്ങളും ഒഴിവാക്കാന്‍ സാധിക്കും.

മകള്‍ക്ക് അഞ്ചു വയസ്സ്. സ്വന്തം കളിപ്പാട്ടങ്ങള്‍ ആര്‍ക്കും കൊടുക്കില്ല. മറ്റു കുട്ടികളുടേത് അവള്‍ക്കു വേണം! എന്താണിങ്ങനെ?


മറ്റുള്ളവരുമായി പങ്കുവെച്ച് ജീവിക്കുന്നതിന്റെ പ്രധാന്യം മകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുത്തു വളര്‍ത്തുന്ന കുട്ടികള്‍ സ്വാര്‍ഥരും വാശിയുള്ളവരുമായി മാറാം. അതിനാല്‍ മറ്റു കുട്ടികളുമായി കളിപ്പാട്ടങ്ങള്‍ പങ്കുവെച്ചുകളിക്കുവാന്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കേണ്ടതാണ്.

ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്ക് സ്‌കൂളില്‍ പോകുവാന്‍ മടിയാണ്. എന്തു ചെയ്യണം?


അമ്മയുടെ അടുത്തുനിന്നോ വീട്ടില്‍നിന്നോ മാറിനില്‍ക്കുവാനുള്ള ഉത്കണു കാരണം ചില കുട്ടികള്‍ സ്‌കൂളില്‍ പോകുവാന്‍ ഇഷ്ടപ്പെടാറില്ല. അമിതലാളനയും അമിതമായ സംരക്ഷണ പ്രവണതയും ഉള്ള കുടുംബസാഹചര്യമാണെങ്കിലും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുവാന്‍ മടി വരാം. പഠനപ്രശ്‌നമുണ്ടെങ്കിലും, അധ്യാപകരെ ഭയമാണെങ്കിലും സ്‌കൂളില്‍ പോകുവാന്‍ മടിയുണ്ടാകും. മകളുടെ പ്രശ്‌നം ഏതാണെന്നു കണ്ടെത്തി മനഃശാസ്ത്രപരമായ രീതിയില്‍ പരിഹരിക്കപ്പെടേണ്ടതാണ്.

മകന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു. അവന്റെ കൂട്ടുകാരൊക്കെ തല്ലിപ്പൊളി കുട്ടികളാണെന്ന് ഒരു അധ്യാപകന്‍ പരാതിപ്പെട്ടു. കൂട്ടുകെട്ട് നന്നാക്കാന്‍ രക്ഷിതാക്കള്‍ക്ക് എന്തു ചെയ്യാനാകും?


വീട്ടില്‍നിന്നു വേണ്ടത്ര സ്നേഹവും പ്രചോദനവും ലഭിക്കാതെ വരുമ്പോഴാണ് കൗമാരപ്രായക്കാര്‍, കൂട്ടുകാരുടെ സാമീപ്യം കൂടുതലായും ആഗ്രഹിക്കുന്നത്. ചിലപ്പോള്‍ മോശമായ കൂട്ടുകെട്ടുകളില്‍ ചെന്നുപെടുവാനും സാധ്യതയുണ്ട്. അതിനാല്‍ മക്കളുടെകൂടെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നല്ല മാതൃക ആകുകയും ജീവിതമൂല്യങ്ങളുടെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കുകയും വേണം. മകന്റെ കൂട്ടുകാരെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കുകയും മോശമായ കൂട്ടുകെട്ടുകളില്‍നിന്നും സൗമ്യമായി പിന്തിരിപ്പിക്കുകയും വേണം.

മകന്‍ പ്ലസ് വണ്ണിനു പഠിക്കുന്നു. എന്നും പോക്കറ്റ് മണി വേണം. അവന്‍ ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടുന്നുണ്ടോ എന്ന് എങ്ങനെ അറിയാം?


എന്നും പോക്കറ്റ് മണി വാങ്ങുന്ന കുട്ടി ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടുവാന്‍ സാധ്യത കൂടുതലാണ്. കൊടുക്കുന്ന പണം എങ്ങനെയൊക്കെ വിനിയോഗിക്കുന്നു എന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. കുട്ടി പഠനത്തില്‍ പെട്ടെന്ന് പിന്നോട്ടു പോകുകുയോ, വൈകി വീട്ടില്‍ എത്തുകയോ, ഒറ്റയ്ക്ക് മുറിയടച്ച് ഇരിക്കുകയോ, പെരുമാറ്റ പ്രശ്‌നങ്ങള്‍ കാണിക്കുകയോ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍, അവന്‍ ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടുന്നുണ്ടോ എന്നു ന്യായമായും സംശയിക്കേണ്ടതാണ്.

ഡോ. ബീന ജോണ്‍സണ്‍

കണ്‍സള്‍ട്ടന്‍റ്, ചെയില്‍ഡ് ഗൈഡന്‍സ് ക്ലിനിക്
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍,
കോഴിക്കോട്