പെണ്‍കുഞ്ഞിന്റെ മാനസികാരോഗ്യം

മാതാപിതാക്കള്‍, തങ്ങളുടെ കുഞ്ഞുങ്ങള്‍ പൂര്‍ണ ആരോഗ്യത്തോടുകൂടി വളര്‍ന്നു വരുവാന്‍ ആഗ്രഹിക്കുന്നവരാണ്. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികവളര്‍ച്ചയും മാനസിക ആരോഗ്യവും പ്രായാനുസൃതം ഉണ്ടെങ്കില്‍ മാത്രമേ ഒരു കുട്ടിക്ക് പൂര്‍ണ ആരോഗ്യമുണ്ട് എന്നു പറയുവാനാകൂ. കുഞ്ഞിന്റെ മാനസിക ആരോഗ്യം കുടുംബത്തിന്റെ കെട്ടുറപ്പിനെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യവും സ്നേഹവും കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന പ്രവണത നാം സമൂഹത്തില്‍ കാണാറുണ്ട്. ചെറുപ്പം മുതല്‍ അവഗണനയില്‍ വളരുന്ന പെണ്‍കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തിന് ക്ഷതമേല്‍ക്കുന്നു. ഇതുമൂലം അവരില്‍ അപകര്‍ഷബോധം ഉളവാകുന്നു. അതിനാല്‍ ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും തുല്യ പരിഗണനയാണ് നല്‍കേണ്ടത്. പെണ്‍കുഞ്ഞുങ്ങളെ പൂര്‍ണ ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കേണ്ടത്, ഭാവി തലമുറയുടെ വികസനത്തിനും നന്മയ്ക്കും ആവശ്യമാണ്.

സമീപനം പ്രധാനം

അമ്മയുടെ വൈകാരിക പ്രശ്‌നങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കും. അമ്മയുടെ മാനസികാരോഗ്യവും ശിശുവിനോടുള്ള സമീപനവും കുഞ്ഞിന്റെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു. ശൈശവാവസ്ഥ, ഒരു വ്യക്തിയുടെ വൈകാരികവും മാനസികവുമായ വികസനത്തിന്റെ സുപ്രധാന കാലഘട്ടമാണ്. ആദ്യ മാസങ്ങളില്‍ അമ്മയില്‍ നിന്ന് ലഭിക്കുന്ന സ്നേഹോഷ്മളമായ പരിപാലനം കുഞ്ഞിന്റെ വ്യക്തിത്വവികാസത്തില്‍ ശ്രദ്ധേയമായ പങ്കു വഹിക്കുന്നുണ്ട്.

കുഞ്ഞിനെ തൊട്ടിലില്‍ മാറ്റി കിടത്താതെ അമ്മയുടെ അരികത്ത് ശരീരത്തോടു ചേര്‍ത്തു കിടത്തുന്നതാണ് അഭികാമ്യം. അച്ഛനും കുഞ്ഞിനെ ശ്രദ്ധിക്കുന്നതില്‍ പ്രത്യേക താല്‍പര്യമെടുക്കണം. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം സുദൃഢമാകുന്നതിന് മുലയൂട്ടല്‍ അത്യാവശ്യമാണ്. അമ്മയുടെ പാല്‍നന്നായി കുടിച്ചുവളരുന്ന കുഞ്ഞിന്റെ ബുദ്ധിവികാസം നല്ല രീതിയില്‍ നടക്കും. അച്ഛനമ്മമാരോടൊപ്പം കളിച്ചും ചിരിച്ചും വളരുന്ന കു ഞ്ഞുങ്ങള്‍ പ്രായാനുസൃതം മാനസിക വളര്‍ച്ച പ്രാപിക്കുന്നു.

ബുദ്ധിവികാസം

കുഞ്ഞിന്റെ ബുദ്ധിവികസനത്തിന്റെ അമ്പതു ശതമാനത്തിലേറെ ഉണ്ടാകുന്നത്, ആദ്യത്തെ നാലു വര്‍ഷങ്ങള്‍ക്കുള്ളിലാണ്; അതില്‍ത്തന്നെ എണ്‍പതു ശതമാനം ആദ്യത്തെ രണ്ടു വയസിനുള്ളിലും. ശൈശവാവസ്ഥ മുതല്‍ കുഞ്ഞിന്റെ മാനസിക വളര്‍ച്ചയും ബുദ്ധിവികസനവും വേണ്ടരീതിയില്‍ നടക്കുന്നുണ്ടോ എന്നു മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. അപാകതകള്‍ എത്രയും നേരത്തെ കണ്ടുപിടിക്കുന്നുവോ, ചികിത്സ അത്രയും കൂടുതല്‍ ഫലപ്രദമാകും.

ബുദ്ധിവികാസത്തിന്റെ ചില പ്രധാന ഘട്ടങ്ങള്‍ ഇവയാണ്.

1. രണ്ടുമാസം തികയുമ്പോള്‍ കുഞ്ഞ് മുഖത്തു നോക്കി ചിരിക്കണം.
2. നാലുമാസം തികയുമ്പോള്‍ കഴുത്ത് ഉറയ്ക്കണം.
3. എട്ടുമാസം തികയുമ്പോള്‍ ഇരിക്കണം.
4. 12 മാസം തികയുമ്പോള്‍ നില്‍ക്കണം. ഒറ്റയൊറ്റ വാക്കുകള്‍ ഉച്ചരിച്ചു തുടങ്ങണം.
5. 15 മാസം തികയുമ്പോള്‍ നടക്കണം.

ഇതില്‍ നേരിയ തോതിലുള്ള അന്തരങ്ങള്‍ കാണാറുണ്ട്.

കുടുംബാന്തരീക്ഷം

കുട്ടികളുടെ മാനസിക വളര്‍ച്ചയിലും സ്വ ഭാവരൂപീകരണത്തിലും കുടുംബാന്തരീക്ഷത്തിന് വലിയ പങ്കുണ്ട്. കുടുംബാംഗങ്ങളുടെ സ്നേഹവാത്സല്യങ്ങള്‍ ലഭിക്കുന്ന കുഞ്ഞ് സംതൃപ്തിയോടെ വളരുന്നു. എന്നാല്‍ വിമര്‍ ശനങ്ങള്‍മാത്രം കേട്ടു വളരുന്ന കുട്ടികള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുവാനാണ് പഠിക്കുക. വിദ്വേഷത്തില്‍ വളരുന്ന കുട്ടികള്‍ കലഹങ്ങളില്‍ ഏര്‍പ്പെടുന്നു. സഹിഷ്ണുതയില്‍ വ ളരുന്ന കുഞ്ഞുങ്ങള്‍ ക്ഷമാശീലം പഠിക്കുന്നു. പ്രോത്സാഹനം വേണ്ടവിധം കിട്ടുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസം പുലര്‍ത്തുവാന്‍ സാധിക്കുന്നു, അഭിനന്ദനം ലഭിച്ചു വളരുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരില്‍ നന്മകാണുവാന്‍ കഴിയുന്നു. സുരക്ഷിതത്വബോധത്തോടെ വളരുന്ന കുട്ടികള്‍ മറ്റുള്ളവരെ വിശ്വസിക്കുവാന്‍ പഠിക്കുമ്പോള്‍ അപമാനിതരായി വളരുന്ന കുഞ്ഞുങ്ങള്‍ സ്വയം നിന്ദിക്കുകയാണ് ചെയ്യുക.

കുഞ്ഞുങ്ങളുടെ മനസില്‍ ഭയത്തിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ വിതയ്ക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സത്യസന്ധത, വിനയം, പരസ്​പരസ്നേഹം എന്നീ ഗുണങ്ങള്‍ കുഞ്ഞുങ്ങള്‍ മാതാപിതാക്കളില്‍ നിന്നുകണ്ടുപഠിക്കേണ്ടതാണ്. എന്നാല്‍, അമിത പരിലാളനവും, അമിതസ്വാതന്ത്ര്യവും കുട്ടികള്‍ക്ക് ദോഷഫലമാണ് ഉണ്ടാക്കുന്നത്.

മാനസിക വളര്‍ച്ച

കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന ഒരു പ്രധാന മാനസികപ്രശ്‌നം ബുദ്ധിമാന്ദ്യം ആണ്. ശാരീരിക വളര്‍ച്ചക്കനുസൃതമായി ബുദ്ധിവികാസവും മാനസിക വളര്‍ച്ചയും ഇല്ലാത്ത അ വസ്ഥയ്ക്കാണ് ബുദ്ധിമാന്ദ്യം എന്നുപറയുന്നത്. ശ്രദ്ധാശക്തി, ഓര്‍മശക്തി, താരതമ്യനിര്‍ണയശക്തി, സങ്കല്‍പനശേഷി, പ്രശ്‌നപരിഹാരശേഷി എന്നിവ ബുദ്ധിമാന്ദ്യമുള്ള കുട്ടികളില്‍ അപര്യാപ്തമായിരിക്കും. വൈകാരിക പ്രശ്‌നങ്ങള്‍, നശീകരണമനോഭാവം, പെരുമാറ്റ വൈകല്യങ്ങള്‍ എന്നീ അനുബന്ധപ്രശ്‌നങ്ങളും ഇവരില്‍ കാണാറുണ്ട്. ഗര്‍ഭകാലത്തും പ്രസവസമയത്തും ജനനത്തിനുശേഷം വളര്‍ച്ചയുടെ കാലഘട്ടത്തിലും തലച്ചോറിന് ക്ഷതമോ മുരടിക്കലോ സംഭവിക്കുന്നതുകൊണ്ടാ ണ് ബുദ്ധിമാന്ദ്യം ഉണ്ടാകുന്നത്.

ജനിതകപ്രശ്‌നങ്ങള്‍, ഗര്‍ഭിണി ആയിരിക്കുമ്പോള്‍ അമ്മയ്ക്കുണ്ടാകുന്ന ചില രോഗങ്ങള്‍, മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവ്, ജനിച്ച ഉടനെ പ്രാണവായു വേണ്ടവിധത്തില്‍ ലഭിക്കാതെ വരുക, ശൈശവാവസ്ഥയിലും ബാല്യകാലത്തും തലച്ചോറിനെ ബാധിക്കുന്ന ചില രോഗങ്ങള്‍, അപസ്മാരം, ചില ഹോര്‍മോണുകളുടെ അപര്യാപ്തത എന്നിവമൂലം കു ഞ്ഞുങ്ങള്‍ക്ക് ബുദ്ധിമാന്ദ്യം ഉണ്ടാകാം. ശാരീരികമായി പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും ചുറ്റുപാടുമുള്ള കാര്യങ്ങള്‍ കാണുവാനും, മനസിലാക്കുവാനുമുള്ള സന്ദര്‍ഭങ്ങള്‍ വേണ്ടവിധം ലഭിക്കാതെ വന്നാലും കുട്ടിയുടെ ബു ദ്ധിപരമായ വളര്‍ച്ചയ്ക്ക് മാന്ദ്യം സംഭവിക്കാം.

ശാസ്ത്രീയമായ പരിശോധനകളിലൂടെ കുഞ്ഞിന്റെ മാനസികവളര്‍ച്ചയുടെ തോതും, ബുദ്ധിമാന്ദ്യത്തിന്റെ തീവ്രതയും മനസിലാക്കാം. ബുദ്ധിയുടെ അളവ് (മാനസിക പ്രായവും ശാരീരിക പ്രായവും തമ്മിലുള്ള അനുപാതം-ഐ.ക്യു.) 70 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിലാണെങ്കില്‍ ലഘുവായ ബുദ്ധിമാന്ദ്യം എന്നു പറയുന്നു. ഐ.ക്യു. 35 നും 50നും ഇടയ്ക്ക് ഉള്ളപ്പോള്‍ മിതമായ ബുദ്ധിമാന്ദ്യം എന്നു പറുയുന്നു. ഗുരുതരമായ ബുദ്ധിമാന്ദ്യം ഉള്ളവരുടെ ഐ.ക്യു. 20നും 35നും ഇടയ്ക്കായിരിക്കും. ഐ.ക്യു. 20നു താഴെയാണെങ്കില്‍ തീവ്രമായ ബുദ്ധിമാന്ദ്യം ഉണ്ടെന്നു മനസിലാക്കാം.

ബുദ്ധിമാന്ദ്യം ഉണ്ടാകാന്‍ സാധ്യതയുള്ള കുഞ്ഞുങ്ങളെ ശൈശവാവസ്ഥയില്‍തന്നെ കണ്ടെത്തി, പരിശീലനവും ചികിത്സകളും ആരംഭിച്ചാല്‍ ബുദ്ധിപരമായ വൈകല്യങ്ങളും അനുബന്ധമായ മാനസികപ്രശ്‌നങ്ങളും ഒരു പരിധിവരെ ഒഴിവാക്കുവാന്‍ സാധിക്കും. ക്ഷമയോടെയുള്ള നിരന്തരമായ പരിശീലനങ്ങളിലൂടെയും സ്നേഹപൂര്‍വമായ പ്രചോദനങ്ങളിലൂടെയും ഇവരുടെ കഴിവുകള്‍ വികസിപ്പിക്കാം.

മാനസികവളര്‍ച്ച വേണ്ടവിധം ഉണ്ടാകാത്ത കുട്ടികളില്‍ 95 ശതമാനവും മിതമായോ ലഘുവായോ മാത്രം ബുദ്ധിമാന്ദ്യം ഉള്ളവരാണ്. പ്രത്യേക പരിശീലനം തുടക്കം മുതല്‍ ന ല്‍കിയാല്‍ ഇവര്‍ക്ക് പരസഹായമില്ലാതെ സമൂഹത്തില്‍ ജീവിക്കുവാന്‍ സാധിക്കും.

കുട്ടികള്‍ക്ക് മാനസികപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ നിരവധിയുണ്ട്. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍, ശി ഥിലമായ കുടുംബബന്ധങ്ങള്‍, കുടുംബാംഗങ്ങളുടെ മാനസികരോഗങ്ങള്‍, അന്ധവിശ്വാസങ്ങള്‍, പഠനത്തിലുള്ള പിന്നോക്കാവസ്ഥ, മറ്റുള്ളവരുടെ പരിഹാസങ്ങള്‍, ശാരീരികപീഡനം, ലൈംഗികപീഡനം എന്നിവ ഇതിന് ഉ ദാഹരണങ്ങളാണ്.

പഠനവൈകല്യം

കുട്ടികളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്ന ഒരു പ്രധാന കാരണമാണ് പഠനവൈകല്യം. പത്തു ശതമാനത്തോളം കുട്ടികള്‍ക്ക് പഠനവൈകല്യങ്ങള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. വിജ്ഞാനപരമായ വസ്തുതകള്‍ വിശകലനം ചെയ്ത് മനസില്‍ ഉറപ്പിക്കുന്നതിനും സന്ദര്‍ഭോചിതമായി പ്രയോഗിക്കുന്നതിനും ഉള്ള അപര്യാപതയാണ് ഇവരുടെ പ്രശ്‌നം. പഠനത്തിന് ആവശ്യമായ അടിസ്ഥാനപരമായ മസ്തിഷ്‌ക്കപ്രവര്‍ത്തനങ്ങള്‍ ഇവരില്‍ അപൂര്‍ണമാണ്. കുട്ടികളുടെ പഠനവൈകല്യമുള്ള വിദ്യാ ഭ്യാസപ്രശ്‌നങ്ങള്‍ പ്രധാനമായും നാലു വിഭാഗങ്ങളായി തിരിക്കാം.

1. വായനയിലുള്ള വൈകല്യം
2. എഴുതുന്നതിലുള്ള വൈകല്യം
3. ഗണിതശാസ്ത്രപരമായ കഴിവുകള്‍ക്കുള്ള വൈകല്യം
4. പഠിക്കുവാനുള്ള കഴിവുകളെ ബാധിക്കുന്ന കൂട്ടായ വൈകല്യങ്ങള്‍

പഠനത്തില്‍ പിന്നോക്കാവസ്ഥയുള്ള കുട്ടികളുടെ ബുദ്ധിപര വും വിദ്യാഭ്യാസപരവും മാനസികവുമായ കഴിവുകളുടെ വിശദമായ പരിശോധനയിലൂടെ പഠനവൈകല്യത്തിന്റെ തീവ്രതയും അനുബന്ധ പ്രശ്‌നങ്ങളും മനസിലാക്കാം. ഓരോ കുട്ടിയുടെയും പ്രശ്‌നങ്ങള്‍ വ്യത്യസ്തമായിരിക്കും. യഥാര്‍ത്ഥ അപാകതകള്‍ മനസിലാക്കിയാല്‍ പ്രശ്‌നങ്ങള്‍ക്കനുസൃതമായ പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കാം.

പെരുമാറ്റ പ്രശ്‌നങ്ങള്‍

കുട്ടികളില്‍ പെരുമാറ്റത്തിലുള്ള വിവിധ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ഒരു പ്രവൃത്തിയിലും അധികനേരം ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പറ്റാതിരിക്കുക, ഒരുപ്രവൃത്തി പൂര്‍ത്തീകരിക്കാതെതന്നെ അതില്‍ നിന്നും വ്യതിചലിച്ച് മറ്റൊരു പ്രവൃത്തിയില്‍ ഏര്‍പ്പെടുക, അനാവശ്യമായി കൈകാലുകള്‍ ചലിപ്പിച്ചുകൊണ്ടിരിക്കുക, ക്രമപ്രകാരം ഊഴം കാത്തിരിക്കുന്നതിനും ഇരിപ്പിടത്തില്‍ ക്ഷമയോടെ ഇരിക്കുന്നതിനും പ്രയാസം അനുഭവപ്പെടുക, അനാവശ്യമായി ബഹളമുണ്ടാക്കുക, ഇച്ഛാഭംഗം വരുത്തുന്ന അവസ്ഥകളില്‍ തികഞ്ഞ അസഹിഷ്ണുത പ്രദര്‍ശിപ്പിക്കുക തുടങ്ങിയ പെരുമാറ്റപ്രശ്‌നങ്ങളില്‍ മനഃശാസ്ത്രപരമായ ചികിത്സകള്‍ ആവശ്യമാണ്.

മാനസികസംഘര്‍ഷം മൂലം കുട്ടികളില്‍ ശ്രദ്ധക്കുറവ്, മറവി, ഉറക്കക്കുറവ്, ഉല്‍ക്കണു, വിഷാദം എന്നിവ ഉണ്ടാകാം. വിറയല്‍, ബോധക്കേട്, വേദനകള്‍, ശ്വാസത്തിനുള്ള ബുദ്ധിമുട്ട്, ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നീ മനോജന്യമായ ശാരീരികപ്രശ്‌നങ്ങളും, മാനസികസംഘര്‍ഷമുള്ള അവസരങ്ങളില്‍ കുട്ടികള്‍ക്ക് അനുഭവപ്പെടാറുണ്ട്. മാനസിക സംഘര്‍ഷംകൊണ്ട് ശരീരത്തില്‍ പല ഭാഗങ്ങളിലാ യി വേദനഅനുഭവപ്പെടുന്ന അവസ്ഥയ്ക്ക് പെയ്‌ന് ഡിസോര്‍ഡര്‍ എന്നാണ് പറയുന്നത്. തലവേദന, നെഞ്ചുവേദന, വയറുവേദന, കൈകാലുകളിലെ വേദന തുടങ്ങിയ ലക്ഷണങ്ങളാണ് കുട്ടികള്‍ക്ക് അനുഭവപ്പെടുന്നത്. പരിശോധനകളില്‍ ശാരീരികമായ യാതൊരു രോഗവും കാണുകയില്ല.

മനഃശാസ്ത്രപരമായ ചികിത്സകള്‍ വഴി, ഉല്‍ക്കണുമാറ്റി, മാനസിക കഴിവുകള്‍ വികസിപ്പിക്കുന്നതിലൂടെ മനോജന്യമായ ശാരീരികപ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാം. സംസാരവൈകല്യങ്ങള്‍, സ്വഭാവ വൈകല്യങ്ങള്‍ തുടങ്ങിയ കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്കും മനഃശാസ്ത്രപരമായ ചികിത്സകള്‍ വളരെ ഫലപ്രദമാണ്. കുട്ടികളുടെ മാനസികാരോഗ്യം അവരുടെ ജീവിതവിജയത്തി ന് അത്യന്താപേക്ഷിതമാണ്. മാനസികപ്രശ്‌നങ്ങളും ശാരീരികപ്രശ്‌നങ്ങളെപ്പോലെതന്നെ പ്രാധാന്യമുള്ളവയാണ്. അതിനാല്‍ കുട്ടികളിലുണ്ടാകുന്ന മാനസികപ്രശ്‌നങ്ങള്‍ തുടക്കത്തില്‍തന്നെ കണ്ടുപിടിച്ച് മാറ്റിയെടുക്കേണ്ടതാണ്. ശൈശവത്തിലും ബാല്യകാലത്തും പ്രായാനുസൃതം മാനസികവളര്‍ച്ച പ്രാപിക്കുകയും മാനസികാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടി കുടുംബത്തിന്റെ വിളക്കും ഭാവിതലമുറയ്ക്ക് വഴികാട്ടിയുമായി ശോഭിക്കുക തന്നെ ചെയ്യും.


ഡോ. ബീനാ ജോണ്‍സണ്‍

കണ്‍സള്‍ട്ടന്‍റ്, ചെയില്‍ഡ് ഗൈഡന്‍സ് ക്ലിനിക്,
ബേബി മെമ്മോറിയല്‍ ഹോസ്​പിറ്റല്‍,
കോഴിക്കോട്

അവലംബം:
മാതൃഭൂമി ആരോഗ്യമാസിക