ഇ-കോളിയെ എന്തിന് ഭയക്കണം ?
അന്തരീക്ഷത്തില്‍ സാധാരണമായി കാണപ്പെടുന്ന ബാക്ടീരിയയാണ് ഇ-കോളി. മിക്കവാറും സാഹചര്യങ്ങളില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ആവശ്യമായവയാണ് ഇവ. ഉദാഹരണത്തിനു ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ കെ. നല്‍കുന്നതില്‍ ഈ ബാക്ടീരിയയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. പക്ഷേ, ചില സാഹചര്യങ്ങളില്‍ ഇവയുടെ സാന്നിധ്യം അപകടകരവുമാണ്.
എന്താണ് ഇ-കോളി?
Escherichia Coli എന്നതിന്റെ ചുരുക്കപ്പേരാണ് ഇ-കോളി. മനുഷ്യരുടെയും മൃഗങ്ങളുടെയും ആമാശയഭാഗങ്ങളിലാണ് ഇ-കോളി കണ്ടുവരുന്നത്. ഇവയില്‍ത്തന്നെ നിരുപദ്രവകാരികളും അപകടകാരികളുമുണ്ട്. മെനിഞ്ചൈറ്റിസ്, ഡയേറിയ തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്ന ഇ-കോളികളും കൂട്ടത്തിലുണ്ട്. മലത്തിലാണ് ഈ ബാക്ടീരിയയുടെ പ്രധാന താവളം. അതുകൊണ്ടുതന്നെ മലത്തിലൂടെ പുറത്തെത്തുന്ന ഇവ പരിസരപ്രദേശങ്ങളിലും എത്തുന്നു. ശരിയായി വേവിക്കാത്ത മാംസം, മലിനജലം എന്നിവയിലൂടെയാണ് ഈ ബാക്ടീരിയ നമ്മുടെ ശരീരത്തിലെത്തുന്നത്.
ഇ-കോളി 0157
കുട്ടികളെയും പ്രായമായവരെയും എളുപ്പത്തില്‍ ബാധിക്കുന്ന ബാക്ടീരിയയാണിത്. 1980-കളില്‍ ബ്രിട്ടനിലാണ് ഇവ ആദ്യമായി സാന്നിധ്യമറിയിക്കുന്നത്. നൂറില്‍ താഴെയുള്ള ഇ-കോളി 0157 തന്നെ രോഗമുണ്ടാക്കാന്‍ പര്യാപ്തമാണ്. കന്നുകാലികളില്‍ 15 ശതമാനത്തോളം എണ്ണത്തില്‍ ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടുവരുന്നു. ചെറിയ വയറിളക്കം മുതല്‍ വയറുവേദനയും രക്തത്തോടെയുള്ള മലശോധനയും വരെ രോഗലക്ഷണങ്ങളില്‍പ്പെടും. ബാക്ടീരിയബാധയുണ്ടായി മൂന്നു മതല്‍ എട്ടുദിവസം വരെ സമയമെടുത്താണ് രോഗലക്ഷണങ്ങള്‍ കാണിക്കുന്നത്. ഇവ ബാധിച്ചവരില്‍ ചെറിയൊരു ശതമാനത്തിനു ചുവന്ന രക്താണുക്കള്‍ക്ക് ക്ഷയമുണ്ടാക്കുന്ന verocytotoxin producing e coli കണ്ടുവരുന്നു. ഇതു വൃക്കയെയും ബാധിക്കും.
സാധാരണയായി ചികിത്സിച്ചില്ലെങ്കിലും 5-10 ദിവസം കൊണ്ട് രോഗം ഭേദമാകും. എന്നാല്‍ വയറിളക്കമുണ്ടെങ്കില്‍ ശ്രദ്ധിക്കണം.
ഇ-കോളി 0157 ബാധയ്ക്ക് ഫലപ്രദമായ ചികിത്സ ഇനിയും കണ്ടെത്തിയില്ലെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്. ആന്‍റിബയോട്ടിക് ഔഷധങ്ങള്‍ക്കും കാര്യമായ പ്രതികരണമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ വിവേചനമില്ലാത്ത ആന്‍റിബയോട്ടിക് ഉപയോഗം ഈ ബാക്ടീരിയയുടെ പ്രതിരോധം വര്‍ധിപ്പിക്കാനാണ് കാരണമായതെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.
രോഗപ്രതിരോധം
അറവുശാലകളിലും ഫാമുകളിലും ശുചിത്വം പാലിക്കുകയാണ് ഇ-കോളി വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. കൂടാത അടുക്കളയില്‍ പ്പോലും ഭക്ഷ്യപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശുചിത്വം ഉറപ്പാക്കണം. വേവിച്ച മാംസവും പച്ചമാംസവും തൊട്ടുതൊട്ടിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, ഹോട്ടലുകളില്‍നിന്ന് മാംസവിഭവങ്ങള്‍ കഴിക്കുമ്പോള്‍ ശരിയായി വെന്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, പാസ്ചറൈസ് ചെയ്ത പാല്‍മാത്രം കുടിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീടുകള്‍ തിങ്ങിനില്‍ക്കുന്ന ഇടങ്ങളില്‍ കക്കൂസ് ടാങ്കും കിണറുമായുള്ള അകലം സുരക്ഷിതമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഇതുകൂടാതെ ഇനിപ്പറയുന്ന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.
* റഫ്രിജറേറ്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണോയെന്ന് ശ്രദ്ധിക്കണം. നാലു ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ബാക്ടീരിയ വേഗത്തില്‍ പെരുകും.
* പാചകം ചെയ്ത ഇറച്ചി, പാലുത്പന്നങ്ങള്‍, മറ്റു ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ അന്തരീക്ഷ ഊഷ്മാവില്‍ കുറച്ചുനേരം മാത്രമേ വെക്കാവൂ.
* പച്ചയ്ക്ക് കഴിക്കുന്ന എല്ലാ പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
* ഭക്ഷണത്തിനു മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
* ടോയ്‌ലറ്റിലും സോപ്പ് ഉപയോഗിക്കുന്നത് ശീലമാക്കുക.
ഒ.കെ. മുരളീകൃഷ്ണന്‍
അവലംബം: ബി.ബി.സി. ഹെല്‍ത്ത്