മൈഗ്രേന്‍: വല്ലാത്ത തലവേദന തന്നെ

അഞ്ജലി എന്‍.കുമാര്‍

വളരെ ശക്തമായി നെറ്റിയുടെ ഇരുവശങ്ങളിലും മാറിമാറി ഉണ്ടാകുന്ന തലവേദനയെയാണ് ചെന്നിക്കുത്ത്, കൊടിഞ്ഞി അഥവാ മൈഗ്രേന്‍ എന്നുപറയുന്നത്. വെളിച്ചത്തോടുള്ള അസഹ്യത, ഉയര്‍ന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഛര്‍ദ്ദി, വിവിധനിറങ്ങള്‍ കണ്ണിനുമുന്‍പില്‍ മിന്നിമറയുക എന്നിവയാണ് പ്രധാന ബുദ്ധിമുട്ടുകള്‍. ചെന്നിക്കുത്ത് വിഭാഗത്തില്‍ പെടുന്ന തലവേദന രോഗികളില്‍ ഒരു പ്രത്യേക കാലയളവില്‍ ആവര്‍ത്തിച്ചു വരും. ഏകദേശം 15 ശതമാനം സ്ത്രീകളിലും ആറ് ശതമാനം പുരുഷന്മാരിലും മൈഗ്രേന്‍ കണ്ടുവരുന്നു.

രോഗകാരണം

വൈദ്യശാസ്ത്രത്തിന് ഇതുവരെ ഈ രോഗത്തിന്റെ കാരണങ്ങള്‍ വ്യക്തമായി കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല . എങ്കിലും രക്തത്തിലെ ചില ഹിസ്റ്റമിനുകളുടെ സാന്നിധ്യം രോഗകാരണമായി കരുതപ്പെടുന്നു. കൂടാതെ ശരിയായ രക്തചംക്രമണത്തിന്റെ അഭാവത്താല്‍, തലച്ചോറിലെ ആന്തരിക പ്രക്രിയകളില്‍ സംഭവിക്കുന്ന ക്രമമല്ലാത്ത വ്യതിയാനങ്ങളും അമിതമായ ഉത്കണ്ഠയും ചെന്നിക്കുത്തിന്റെ കാരണമായി കണക്കാക്കപ്പെടുന്നു.

പ്രധാന ലക്ഷണങ്ങള്‍

ശക്തമായ തലവേദന (4 മുതല്‍ 72 മണിക്കൂര്‍ വരെ നീളുന്നത്), വിങ്ങിപ്പൊട്ടുന്നതുപോലുള്ള വേദന, മനംപുരട്ടല്‍, ഛര്‍ദ്ദി, കണ്ണില്‍ പ്രകാശം മിന്നിമറിയുന്നതുപോലുള്ള തോന്നല്‍, കാഴ്ചയ്ക്കുണ്ടാകുന്ന മങ്ങല്‍, വെളിച്ചത്തേക്ക് നോക്കുന്നതും ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നതും അസഹ്യമായി തോന്നുക എന്നിവ പ്രധാന ലക്ഷണങ്ങളാണ്.

മൈഗ്രേന്‍ ഉണ്ടാകുമ്പോള്‍ തലച്ചോറിന്റെ പല ഭാഗങ്ങളിലും രക്തപ്രവാഹം കുറയുന്നു. ചിലപ്പോള്‍ തലവേദനയുടെ കൂടെ ശരീരത്തിന്റെ പകുതിഭാഗം കുറച്ചുനേരത്തേക്ക് തളര്‍ന്നു പോകാറുണ്ട്.
സ്‌കാന്‍ ചെയ്യുന്നത് വഴി രോഗം കണ്ടുപിടിക്കാന്‍ കഴിയില്ല എന്നതാണ് മറ്റൊരു വീഴ്ച.
രോഗലക്ഷണങ്ങള്‍ കൊണ്ടു മാത്രമാണ് രോഗനിര്‍ണയം നടത്തുന്നത്.

സവിശേഷ ലക്ഷണങ്ങള്‍ നിരവധി

ശക്തമായ ലക്ഷണങ്ങളുടെ അകമ്പടി ഇല്ലാതെയും കൊടിഞ്ഞി ഉണ്ടാകാറുണ്ട്. ഇരുട്ട് ഇഷ്ടപ്പെടുക, അന്തര്‍മുഖത്വം, ദേഷ്യം തുടങ്ങിയ സ്വഭാവ സവിശേഷതകളും ഇവര്‍ക്കുണ്ടാകും. തലവേദനയ്‌ക്കൊപ്പം സങ്കീര്‍ണമായ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന മൈഗ്രേന്‍ കുട്ടികള്‍, സ്ത്രീകള്‍ എന്നിവരില്‍ കൂടുതലായിരിക്കും. സംസാരത്തില്‍ കുഴച്ചില്‍, ബാലന്‍സ് ഇല്ലാതിരിക്കുക, കാഴ്ച മങ്ങുക, പെരുപ്പ്, ബോധക്ഷയം ഇവയും ഉണ്ടാകാറുണ്ട്.

കുട്ടികളും മൈഗ്രേനും

കുട്ടികളില്‍ തലവേദന പ്രകടമാകാതെതന്നെ മൈഗ്രേന്‍ വരാം. ഇടയ്ക്കിടെയുള്ള വയറുവേദന, ഛര്‍ദി, നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുക, ശരീരത്തിന്റെ ഒരുഭാഗത്ത് മാത്രമായുള്ള തളര്‍ച്ച ഇവ മൈഗ്രേന്റെ സൂചനയായി കുട്ടികളില്‍ കാണുന്നു. ചിലരില്‍ തളര്‍ച്ച നീണ്ടുനില്‍ക്കും. പാരമ്പര്യമായി ഉണ്ടാകാവുന്ന ഇത്തരം മൈഗ്രേന് കുറച്ചുകാലം തുടര്‍ചികിത്സ വേണ്ടിവരും.

തുടര്‍ച്ചയായ മൈഗ്രേന്‍

മൈഗ്രേന്‍ ഉള്ള ഒരാള്‍ക്ക് തുടര്‍ച്ചയായി ദിവസങ്ങളോളം ശക്തമായ വേദന നിലനില്‍ക്കുന്നതാണ് തുടര്‍ച്ചയായ മൈഗ്രേന്‍. രോഗാണുബാധ, തലയ്ക്ക് ഏല്‍ക്കുന്ന ആഘാതങ്ങള്‍, മയക്കുമരുന്നിന് അടിമയായ അവസ്ഥ, മാനസിക പിരിമുറുക്കം ഇവയെല്ലാം ഇത്തരം തലവേദനയ്ക്ക് ഇടയാക്കും.ചിലപ്പോള്‍ മൈഗ്രേന്‍ കണ്ണുകളുടെ ചലനത്തെയും ബാധിക്കാറുണ്ട്. ഇതില്‍ തലവേദനയ്‌ക്കൊപ്പമോ അതിനു ശേഷമോ കണ്ണ് ഭാഗികമായോ മുഴുവനായോ അടഞ്ഞുപോവുക, കാഴ്ച കുറയുക, കോങ്കണ്ണ്, നോക്കുന്നതെല്ലാം രണ്ടായി തോന്നുക ഇവ ഉണ്ടാകും.

മൈഗ്രേന്‍ വരാതിരിക്കാന്‍

*തീക്ഷ്ണമായ ഗന്ധം, ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കുക
*കൃത്യസമയത്ത് ആഹാരം കഴിക്കുക, ഉറങ്ങുക
*ആര്‍ത്തവസമയത്ത് തലവേദനയുടെ ഗുളികകള്‍ കരുതിവെയ്ക്കുക, ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കൃത്യസമയത്ത് കഴിക്കുക

ചികിത്സ

മരുന്നുകൊണ്ട് പൂര്‍ണമായും മാറ്റാന്‍ കഴിയാത്ത ഒരു രോഗമാണ് മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത്. രോഗിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ക്കനുസരിച്ച് കുറച്ചുകാലം മരുന്നുകള്‍ കഴിക്കുന്നത് രോഗം വീണ്ടും വരുന്നത് കുറയ്ക്കാന്‍ സഹായിക്കും. ചില റിലാക്‌സേഷന്‍ രീതികളും ജലചികിത്സയും ഈ രോഗത്തിന് ആശ്വാസം ലഭിക്കുന്ന ചികിത്സാരീതികളാണ്. ദോഷകരമായ ചികിത്സാരീതികളെ ആരോഗ്യകരമായി സമന്വയിപ്പിച്ച് നല്‍കുന്ന ഹോളിസ്റ്റിക് ചികിത്സ വഴി 90 ശതമാനം രോഗികള്‍ക്കും മുക്തിനേടാന്‍ കഴിയും

മൈഗ്രേന് കാരണമാകുന്ന ഭക്ഷണങ്ങള്‍


* യീസ്റ്റ് ചേര്‍ത്തതും പുളിപ്പിച്ചതുമായ ബ്രെഡ്, കേക്ക്, പിസ മുതലായവ
* പൊട്ടറ്റോ ചിപ്‌സ്, പ്രിസര്‍വ് ചെയ്ത നട്‌സ് മുതലായവ
* അച്ചാറുകള്‍,ടൈറമിന്‍ ചേര്‍ന്ന ഭക്ഷണ വസ്തുക്കള്‍
* സംസ്‌കരിച്ച മാംസാഹാരങ്ങള്‍
* മദ്യം, ബിയര്‍, വൈന്‍ എന്നിവയും ഒഴിവാക്കുക

ആവിയില്‍ പുഴുങ്ങിയ ഏത്തപ്പഴം, ഇലക്കറി, മുഴുധാന്യങ്ങള്‍, മുട്ട, ഓട്‌സ്, ബദാം, ഇഞ്ചി, കപ്പലണ്ടി, എള്ള്, മത്തി, അയില, എന്നിവ മൈഗ്രേന്‍ വേദനയുടെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കാനും കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും മൈഗ്രേന്‍ സാധ്യതയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

തലവേദനയുണ്ടാക്കുന്ന മറ്റു രോഗങ്ങള്‍


*കണ്ണുകള്‍ക്കുണ്ടാകുന്ന ആയാസം
*പല്ല്, മൂക്ക്, തൊണ്ട, എന്നിവയെ ബാധിക്കുന്ന അസുഖങ്ങള്‍
*സൈനസൈറ്റിസ്
*കഴുത്തിലെ എല്ലുകളിലെ തേയ്മാനം
*തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍
*മാനസിക പിരിമുറുക്കം
ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സയ്ക്കു നില്ക്കാതെ ഡോക്ടറുടെ ചികിത്സ തേടണം.

സ്ത്രീകളും മൈഗ്രേനും

സ്‌ത്രൈണ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലാണ് സ്ത്രീകളില്‍ കൂടുതലായും മൈഗ്രേന് ഇടയാക്കുന്നത്. ആര്‍ത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പലരിലും തലവേദന കൂടുതലായിരിക്കും. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് മൈഗ്രേന്‍ പൊതുവെ കുറയുമെങ്കിലും ചിലരില്‍ വേദനയുടെ കാഠിന്യം കൂടിവരാറുണ്ട്. ഗര്‍ഭിണികളില്‍ അപൂര്‍വമായി മൈഗ്രേന്‍ കാണാറുണ്ട്.

ചിലയിനം ഭക്ഷണങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, ഉറക്കം, കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവ പലരിലും കാണാറുണ്ട്. ചിട്ടയില്ലാത്ത ഉറക്കം, കൂടുതല്‍ ഉറക്കം, ഉച്ചയുറക്കം, ഉറക്കത്തിന്റെ തുടര്‍ച്ച നഷ്ടമാകുക ഇവ മൈഗ്രേന്‍ തീവ്രമാകാന്‍ കാരണമാകാറുണ്ട്.

സ്ത്രീകളില്‍ സ്‌െ്രെതണ ഹോര്‍മോണ്‍ നിലയിലുള്ള വ്യതിയാനങ്ങള്‍ മൈഗ്രേന് പ്രേരകമാകാറുണ്ട്.
അസഹ്യമായ ചൂട്, അതിശൈത്യം, കടല്‍നിരപ്പില്‍നിന്ന് ഉയര്‍ന്ന സ്ഥലം തുടങ്ങിയവയും ചിലരില്‍ മൈഗ്രേന്‍ ഉദ്ദീപനമാകുന്നുണ്ട്.

വിഷാദം, ദുഃഖം, മറ്റ് സമ്മര്‍ദങ്ങള്‍ ഇവയും മൈഗ്രേനിലേക്ക് നീങ്ങാറുണ്ട്. വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ വായിക്കുക, കാഴ്ചപ്രശ്‌നമുള്ളവര്‍ കണ്ണടയില്ലാതെ വായിക്കുക, കംപ്യൂട്ടര്‍ മോണിറ്ററിലെ കടുത്ത പ്രകാശം കൂടുതല്‍ ഏല്‍ക്കുക ഇവയും മൈഗ്രേന്‍ സാധ്യത കൂട്ടാറുണ്ട്. പുകവലി, മദ്യപാനം ഇവ മൈഗ്രേന്‍ കൂട്ടും.