സന്ധിവാതത്തിന് ആധുനിക ചികിത്സ

കഴിഞ്ഞ 10വര്‍ഷങ്ങളായി അഭൂതപൂര്‍വമായ മുന്നേറ്റമാണ് സന്ധിവാത (Arthritis) ചികിത്സയില്‍ ആധുനിക വൈദ്യശാസ്ത്രം കൈവരിച്ചിരിക്കുന്നത്. സന്ധിവാത രോഗങ്ങള്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തില്‍ ഫലപ്രദമായ ചികിത്സ ഇല്ല എന്ന ഒരു ധാരണ പരക്കേ ഉണ്ടായിരുന്നു. എന്നാല്‍ റുമറ്റോളജി എന്ന പ്രത്യേക ചികിത്സാവിഭാഗത്തിന്റെ ആവിര്‍ഭാവത്തോടെ പലപ്പോഴും പൂര്‍ണമായും ചികത്സിച്ചുമാറ്റാന്‍ കഴിയില്ല എന്നു വിശ്വസിച്ചിരുന്ന പല സന്ധിവാതരോഗങ്ങളും പൂര്‍ണമായി ചികിത്സിച്ചു മാറ്റാനും മറ്റുള്ളവ രോഗം നിയന്ത്രിച്ചു നിര്‍ത്തി, രോഗിയുടെ ദൈനംദിനജീവിതം സുഖമമാക്കാനും കഴിയുന്നുണ്ട്. ഓരോതരം സന്ധിവാതരോഗങ്ങളും വേര്‍തിരിച്ചറിഞ്ഞ് അതിന് ഫലപ്രദമായ ചികിത്സ നിര്‍ണയിക്കുക എന്നതാണ് ആധുനികചികിത്സയുടെ അടിസ്ഥാനതത്ത്വം.

വര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍ട്ടിസോണ്‍ (സ്റ്റിറോയ്ഡ്) മരുന്നുകളും വേദനാസംഹാരികളും മാത്രമായിരുന്നു റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് (ആമവാതം) പോലുള്ള സന്ധിവാത രോഗങ്ങളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ രംഗത്തുണ്ടായിട്ടുള്ള ഗവേഷണഫലമായി അസുഖത്തിന്റെ ഗതിയെ നിയന്ത്രിച്ചു നിര്‍ത്തുന്ന മരുന്നുകളുടെ (ഡിസീസ് മോഡിഫൈയിങ് ആന്റി റുമാറ്റിക് ഡ്രഗ്‌സ്) ഉപയോഗത്തോടെ പാര്‍ശ്വഫലങ്ങളില്ലാതെ ഫലപ്രദമായ ചികിത്സ ഇപ്പോള്‍ ലഭ്യമാണ്. ആമവാതം പോലുള്ള സന്ധിവാതരോഗങ്ങളില്‍ അടുത്ത കാലത്തെ ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്, ഠച/ എാ്യസമ, ഇന്റര്‍ ലുക്കീന്‍ എന്നീ സൈറ്റോകൈനുകള്‍ എന്നറിയപ്പെടുന്ന രാസ സന്ദേശവാഹകരാണ് സന്ധികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടിന് കാരണമാകുന്നത്എന്നാണ്. ഈ രാസസന്ദേശ വാഹകരുടെ പ്രവര്‍ത്തനം തടയുന്ന ബയോളജിക്‌സ് എന്ന വിഭാഗം മരുന്നുകളുടെ ഉപയോഗത്തോടെ ആമവാതം പോലുള്ള സന്ധിവാത രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാം എന്ന് കണ്ടുവരുന്നുണ്ട്.

ഇ.എസ്.ആര്‍. റുമറ്റോയ്ഡ് ഫാക്ടര്‍ എന്നീ രക്തപരിശോധനകള്‍ കൂടാതെ അടുത്ത കാലത്ത് ആന്റി സി.സി.പി. എന്ന രക്തപരിശോധനയും റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗ നിര്‍ണയത്തിന് ഉപയോഗിക്കുന്നുണ്ട്. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലും ശരീര പരിശോധന രക്തപരിശോധന എന്നിവ വഴിയുമാണ് രോഗ നിര്‍ണയം നടത്തുന്നത്. ഓരോ വ്യക്തിയിലും അസുഖത്തിന്റെ സ്വഭാവം വ്യത്യസ്തമായിരിക്കും. ചിലരില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ സന്ധിവൈകല്യമുണ്ടാകുമ്പോള്‍ മറ്റുചിലരില്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഏറ്റക്കുറച്ചിലോടെ അസുഖം മുന്നോട്ടുപോയേക്കാം. അടുത്ത കാലത്തായി രോഗകാഠിന്യം നിര്‍ണയിക്കാന്‍ ഉതകുന്ന ഡിസീസ് ആക്ടിവിറ്റി സേ്കാര്‍ന്റ അടിസ്ഥാനത്തില്‍ രോഗചികിത്സ നിര്‍ണയിക്കപ്പെടുന്നുണ്ട്. ഈ രീതി അനുസരിച്ച് ഏതുതരം രോഗികള്‍ക്കാണ് തുടക്കത്തില്‍ തന്നെ സമഗ്രമായ ചികിത്സ വേണ്ടതെന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയും. എല്ലാ ഗവേഷണ ഫലങ്ങളും സൂചിപ്പിക്കുന്നതും തുടക്കത്തില്‍ തന്നെയുള്ള സമഗ്ര ചികിത്സ രോഗം നിയന്ത്രിക്കാനും തദ്വാര സന്ധിവൈകല്യങ്ങള്‍ തടയാനും കഴിയും എന്നതാണ്.

റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ള സന്ധിവാത രോഗങ്ങളില്‍ ഉറക്കമുണരുമ്പോള്‍ തന്നെ അനുഭവപ്പെടുന്ന വേദനയും സന്ധികളുടെ വഴക്കമില്ലായ്മയും ലക്ഷണങ്ങളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലും രോഗത്തിന്റെ ദീര്‍ഘകാല സ്വഭാവവും എത്ര കരുത്തനായ വ്യക്തിയെയും മാനസികമായി തളര്‍ത്തിയേക്കാം. എന്നാല്‍ രോഗത്തിന് കീഴ്‌പ്പെടാതെ രോഗത്തെ കീഴടക്കി മുന്നേറാനുള്ള മാനസികാവസ്ഥ നമ്മള്‍ക്കുണ്ടാവണം. ഒരു വിദഗ്ധ ചികിത്സ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെറും മരുന്നുകൊണ്ടുള്ള ചികിത്സ മാത്രമല്ല, രോഗത്തെ അഭിമുഖീകരിക്കാന്‍ രോഗിയെ സഹായിക്കുക എന്നതും കൂടിയാണ്.

ഈ ദീര്‍ഘകാല രോഗത്തിന്റെ പിടിയില്‍ പെടുമ്പോഴും ജീവിതം സന്തോഷപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇനി പറയുന്നു.

ശുഭാപ്തി വിശ്വാസം നിങ്ങളെ സഹായിക്കും. നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ സന്ധിവേദനകൊണ്ട് കഷ്ടപ്പെടുമ്പോഴും ഓര്‍ക്കുക. ഈ വിഷമഘട്ടം അധികനാള്‍ നില്‍ക്കയില്ല. ശരിയായ വിദഗ്ധ ചികിത്സയിലൂടെ നിങ്ങള്‍ക്ക് ഇത് തരണം ചെയ്യാന്‍ കഴിയും. മാനസികമായി തളരാതെ ശുഭാപ്തി വിശ്വാസത്തോടെ പിടിച്ചു നില്‍ക്കുക.

നിങ്ങളുടെ രോഗത്തെക്കുറിച്ച് വിദഗ്ധമായി മനസ്സിലാക്കാന്‍ ശ്രമിക്കുക, ഇതിന് ലഭ്യമായ എല്ലാ ചികിത്സാരീതികളെ കുറിച്ചും നിങ്ങളുടെ ഡോക്ടറോട് ചോദിച്ചോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് മുതലായ സൗകര്യങ്ങളുടെ സഹായത്താല്‍ മനസ്സിലാക്കാം.

ഒരു വിദഗ്ധ ചികിത്സകന് നിങ്ങളെ സഹായിക്കാന്‍ കഴിയും. രോഗത്തെക്കുറിച്ചും, മരുന്നുകളെ കുറിച്ചും ഡോക്ടറുമായി ചര്‍ച്ച ചെയ്യാം. മറ്റു ചികിത്സകള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് ഡോക്ടറെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വിവിധതരം ആരോഗ്യപ്രശ്‌നങ്ങളും ഡോക്ടറുമായി ചര്‍ച്ച ചെയ്യാന്‍ കഴിയണം. ഡോക്ടര്‍ ഒരു ചികിത്സാരീതി നിര്‍ണയിക്കുമ്പോള്‍ അതിലടങ്ങിയ മരുന്നുകളെ കുറിച്ചും പാര്‍ശ്വഫലങ്ങള്‍ മുന്‍കരുതലുകള്‍ എന്നിവയെ കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കണം. ഇക്കാര്യത്തില്‍ നിങ്ങളുടെ ഡോക്ടറോടു തന്നെ ചോദിച്ചു മനസ്സിലാക്കുക എന്നത് നിങ്ങളുടെ അവകാശമാണ്.

ചെറിയ തോതിലുള്ള വ്യായാമങ്ങള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. നടത്തം, നീന്തല്‍ എന്നീ ലഘുവ്യായാമങ്ങള്‍ ശാരീരികമായും മാനസികമായും ഉത്തേജനം നല്‍കും. ഒന്നോര്‍ക്കുക! അമിതഭാരം ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് ഒരു വിധത്തിലും നല്ലതല്ല. ഭാരം താങ്ങുന്ന സന്ധികള്‍ പ്രത്യേകിച്ച് ഇടുപ്പ്, കാല്‍മുട്ടുകള്‍, കണങ്കാലുകള്‍ എന്നിവ ശരീരഭാരത്തിന്റെ മൂന്നുമുതല്‍ അഞ്ചു മടങ്ങുവരെയാണ് ഭാരം താങ്ങുന്നത് എന്നോര്‍ക്കുക. ശരീരഭാരം ഏതാണ്ട് അഞ്ചുകിലോ കുറയുമ്പോള്‍ സന്ധികളില്‍ പതിനഞ്ചുമുതല്‍ ഇരുപതു കിലോവരെ ഭാരമാണ് ഒഴിവാകുന്നത്.

ആരോഗ്യകരമായ ഭക്ഷണരീതി സ്വീകരിക്കണം. അധിക എരിവ്, പുളി, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ശരീരഭാരം കൂടാതെ എന്നാല്‍ പോഷകാഹാരക്കുറവുണ്ടാക്കാത്ത ഭക്ഷണരീതി നിങ്ങളുടെ ഡയറ്റീഷ്യന് നിര്‍ദ്ദേശിക്കാന്‍ കഴിയും. പച്ചക്കറി, പഴവര്‍ഗങ്ങള്‍, എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. കോഴിയിറച്ചി മിതമായും മത്സ്യം കറിവെച്ചുമാകാം. എന്നാല്‍ എല്ലാതരം പൊരിച്ച ഭക്ഷണസാധനങ്ങളും ഒഴിവാക്കുന്നതാണ് അഭികാമ്യം.

നിങ്ങളുടെ സന്ധികളെ എങ്ങനെ സംരക്ഷിക്കണം എന്ന് മനസ്സിലാക്കിയിരിക്കണം. ഉദാഹരണമായി അമിതഭാരമുള്ള ഒരു ആര്‍ത്രൈറ്റിസ് രോഗി കോണിപ്പടി കയറിയിറങ്ങുന്നത് കാല്‍മുട്ടുകളില്‍ കൂടുതല്‍ തേയ്മാനം ഉണ്ടാക്കിയേക്കാം. ഇങ്ങനെ ഒരോ സന്ധികളും സംരക്ഷിക്കേണ്ടത് എങ്ങനെ എന്ന് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കണം.
ശരിയായ മരുന്നുകൊണ്ടുള്ള ചികത്സ, വ്യായാമം, ഭക്ഷണക്രമം, ആരോഗ്യകരമായ ജീവിതരീതി എന്നിവ ഒരുമിച്ച് ചേരുമ്പോള്‍ നിങ്ങളുടെ ചികിത്സ ഫലപ്രദമാകുന്നു.

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ രോഗം പൂര്‍ണമായും ചികിത്സിച്ചു മാറ്റുന്ന രീതികള്‍ ഉണ്ടാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്. Be Positive.

ഡോ. രമേഷ് ഭാസി

കണ്‍സള്‍ട്ടന്റ് റുമറ്റോളജിസ്റ്റ് ,
മിംസ്, കോഴിക്കോട്.