സൗന്ദര്യം കൂട്ടാം; ശസ്ത്രക്രിയയിലൂടെ
ഡോ: കെ.ജി. ഭാസ്‌കര
സൗന്ദര്യ ശസ്ത്രക്രിയ (കോസ്മറ്റിക് സര്‍ജറി) എന്നത് പ്ലാസ്റ്റിക് സര്‍ജറിയിലെ ഒരു പ്രധാന വിഭാഗമാണ്. ഇന്ത്യയില്‍ വളരെക്കാലം ആരും ശ്രദ്ധിക്കാതെയിരുന്ന സൗന്ദര്യ ശസ്ത്രക്രിയ ഇന്ന് ഒരു സജീവരംഗമായി മാറിയിരിക്കുന്നു. അപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന അവയവ വൈരൂപ്യങ്ങള്‍ മാറുന്നതിന്, പൊള്ളലാല്‍ വന്നുചേരുന്ന മുഖ-ശരീര പ്രശ്‌നങ്ങള്‍ മാറുന്നതിന്, ജന്മനാലുള്ള കുറവുകള്‍ മാറ്റി സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് എല്ലാം ഇന്ന് ഈ ശസ്ത്രക്രിയ ജനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്ന് സൗന്ദര്യ ശസ്ത്രക്രിയകള്‍ ചെയ്യണോ എന്നതല്ല പ്രശ്‌നം എത്ര കൃത്യമായും ഭംഗിയായും ചെയ്യാം എന്നതാണ് ജനങ്ങള്‍ ചിന്തിക്കുന്നത്.
നമ്മുടെ രാജ്യത്ത് കഴിഞ്ഞ ദശകത്തില്‍ സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വന്‍ പ്രചാരമാണ് ലഭിച്ചിരുന്നത്. താന്‍ മറ്റുള്ളവരുടെ മുന്നില്‍ എങ്ങനെ പ്രത്യക്ഷപ്പെടണം എന്ന് ഓരോരുത്തര്‍ക്കും ഇന്ന് ധാരണയുണ്ട്. ഇന്ന് ഈ ശസ്ത്രക്രിയ വിദഗ്ധമായി ചെയ്യാന്‍ സാധിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണവും കൂടിയിട്ടുണ്ട്.
സാധാരണയായി ചെയ്തുവരുന്ന സൗന്ദര്യ ശസ്ത്രക്രിയകള്‍:
റൈനോപ്ലാസ്റ്റി
മൂക്കിന് നടത്തുന്ന ശസ്ത്രക്രിയയാണിത്. ഇന്ത്യയില്‍ ഈ ശസ്ത്രക്രിയ ധാരാളമായി നടക്കുന്നു. ചപ്പിയ മൂക്കുകള്‍, വളരെ വലിപ്പം കൂടിയ മൂക്കുകള്‍, അമര്‍ന്നുപോയ മൂക്കിന്‍പാലം, മുകളിലേക്ക് വളരെ ഉയര്‍ന്നു നില്‍ക്കുന്ന മൂക്കിന്റെ അറ്റം, ചെരിഞ്ഞു നില്‍ക്കുന്ന മൂക്കിന്‍ തുമ്പ് എന്നിവയൊക്കെ മൂക്കിനു വേണ്ടി ചെയ്യുന്ന ശസ്ത്രക്രിയകളില്‍ ചിലവയാണ്.
ജനറല്‍ അനസ്‌തേഷ്യയിലാണ് ഇത്തരം ശസ്ത്രക്രിയകള്‍ സാധാരണയായി ചെയ്യുക. മൂക്ക് തുറന്ന് ചെയ്യുന്ന ശസ്ത്രക്രിയകളെ 'ഓപ്പണ്‍ സര്‍ജറി' എന്നും തുറക്കാതെ ചെയ്യുന്ന ശസ്ത്രക്രിയകളെ 'ക്ലോസ്ഡ് സര്‍ജറി' എന്നും പറയുന്നു. ഓരോന്നിനും അതിന്റേതായ സവിശേഷതകളുണ്ട്. മുറിവിന്റെ പാടുകളൊന്നും തന്നെ ശസ്ത്രക്രിയയ്ക്കു ശേഷം അവശേഷിക്കുന്നില്ല. സന്ദര്‍ഭത്തിനനുസരിച്ച് ഡോക്ടര്‍മാര്‍ രോഗിയുടെ തന്നെ എല്ലിന്റെ കഷണമോ തരുണാസ്ഥിയോ കൃത്രിമ ഉപകരണമോ മൂക്കിന്റെ പുനര്‍നിര്‍മാണത്തിനുപയോഗിക്കുന്നു. ഇത്തരം ശസ്ത്രക്രിയയ്ക്കുശേഷം രണ്ടു ദിവസത്തിനകം തന്നെ രോഗിക്ക് ആസ്പത്രി വിടാന്‍ സാധിക്കും.
അബ്‌ഡോമിനോപ്ലാസ്റ്റി
ശരീരത്തിന്റെ ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയാണിത് എന്ന് ഈ ശസ്ത്രക്രിയയെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ട്. യഥാര്‍ഥത്തില്‍ ശരീരാകൃതി മെച്ചപ്പെടുത്താനുള്ള ശസ്ത്രക്രിയയാണിത്. ലിപ്പോസക്ഷന്‍വഴി അധികമുള്ള കൊഴുപ്പ് വലിച്ചെടുത്ത് ശരീരത്തിന്റെ ആകൃതി മെച്ചപ്പെടുത്താന്‍ സാധിക്കും. അഞ്ചു മുതല്‍ എട്ടു വരെ ലിറ്റര്‍ കൊഴുപ്പ് സുരക്ഷിതമായി ഈ മാര്‍ഗത്തിലൂടെ ശരീരത്തില്‍നിന്ന് നീക്കം ചെയ്യാന്‍ സാധിക്കും. ലിപ്പോസക്ഷന്‍ സാധാരണയായി ചെയ്യുന്നത് വയറിലും നെഞ്ചിലും കഴുത്തിലും നിതംബത്തിലുമൊക്കെയാണ്. ജനറല്‍ അനസ്‌തേഷ്യയാണ് ഈ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്നത്. ചില ലിപ്പോസക്ഷന്‍ ലോക്കല്‍ അനസ്‌തേഷ്യയിലും ചെയ്യുന്നുണ്ട്.
ലിപ്പോസക്ഷന്‍ വഴി കൊഴുപ്പ് വലിച്ചെടുത്തശേഷം ചെയ്യുന്ന ശസ്ത്രക്രിയയാണ് അബ്‌ഡോമിനോപ്ലാസ്റ്റി. കൊഴുപ്പ് വലിച്ചെടുത്തുകഴിയുമ്പോള്‍ ത്വക്കും മാംസവും വളരെ അയയുന്നു. അതു മുറിച്ചുമാറ്റി ശരിയാക്കുന്നതാണ് ഈ ശസ്ത്രക്രിയ.സ്തനങ്ങളുടെ വലിപ്പം കൂട്ടുക, വലിപ്പം കുറയ്ക്കുക തുടങ്ങിയവ സാധാരണയായി ചെയ്യാറുള്ള സ്തനസൗന്ദര്യ ശസ്ത്രക്രിയകളാണ്.സ്തനങ്ങളുടെ വലിപ്പം കൂട്ടാന്‍ 'സിലിക്കോണ്‍ ഇംപ്ലാന്റ്' സാധാരണ സ്തനങ്ങളുടെ അടിയില്‍ വെച്ചുപിടിപ്പിക്കുന്നു. വിവിധ വലിപ്പത്തിലും ആകൃതിയിലും സിലിക്കോണ്‍ ഇംപ്ലാന്റ് ലഭ്യമാണ്. വളരെ ലഘുവായ ശസ്ത്രക്രിയയിലൂടെ മുറിവുകളൊന്നും പുറത്തുകാണാതെ സ്തനങ്ങളെ സാധാരണ രീതിയിലാക്കുന്നു.
സാധാരണ, വിവാഹിതരായ സ്ത്രീകളുടെ പ്രസവത്തിനും മുലയൂട്ടലിനും ശേഷം മാത്രമേ സ്തനങ്ങളുടെ വലിപ്പം കുറയ്ക്കല്‍ ശസ്ത്രക്രിയ നടത്താറുള്ളൂ. സ്തനങ്ങളുടെ വലിപ്പം അസാധാരണമായ രീതിയില്‍ കൂടുതലാണെങ്കില്‍ മാത്രം വിവാഹത്തിന് മുമ്പ് ഈ ശസ്ത്രക്രിയ ചെയ്യാറുണ്ട്. നൂതന സാങ്കേതികവിദ്യയുടെ സഹായത്താല്‍ വളരെ ചെറിയ മുറിവു മാത്രമേ കാണപ്പെടുകയുള്ളൂ. സ്തനങ്ങള്‍ക്ക് സ്വാഭാവികത ലഭിക്കുകയും ചെയ്യും.
ചെറുപ്പക്കാരായ പുരുഷന്മാരില്‍ സാധാരണ കണ്ടുവരുന്ന സ്തനവളര്‍ച്ച എന്ന പ്രശ്‌നമാണ് ഗൈനക്കോമാസ്റ്റിയ. സാധാരണയായി ലിപ്പോസക്ഷന്‍ എന്ന ശസ്ത്രക്രിയയിലൂടെ ഇതിനു പരിഹാരം നേടാനാവും. എല്ലാ മനുഷ്യരും ചെറുപ്പമായിരിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യം രഹസ്യമല്ല. പക്ഷേ, നമ്മുടെ സമൂഹത്തിലെ ചിലര്‍ മാത്രമേ സൗന്ദര്യവര്‍ധക സര്‍ജറിയിലൂടെ സൗന്ദര്യം സംരക്ഷിക്കാന്‍ ശ്രമിക്കാറുള്ളൂ.
സൗന്ദര്യവര്‍ധക ശസ്ത്രക്രിയയില്‍ അടുത്തകാലത്ത് വളരെ പ്രസിദ്ധി നേടിയതാണ് മുഖസൗന്ദര്യവര്‍ധക സര്‍ജറി. മുഖത്തെ ചെറുപ്പം കാത്തുസൂക്ഷിക്കുന്ന വളരെയേറെ ശസ്ത്രക്രിയകള്‍ ഇന്നു പ്രചാരത്തിലുണ്ട്.കഷണ്ടിക്കെതിരെയുള്ള ചികിത്സ വര്‍ഷങ്ങളായി നടക്കുന്നു. കോശങ്ങളുടെ വികസനം ഉള്‍പ്പെടെ പലവിധ ചികിത്സയും ഈ രംഗത്ത് പ്രചാരത്തിലുണ്ട്. ആണുങ്ങളുടെ കഷണ്ടി മാറ്റുന്നതിനായി ഇവിടെ സാധാരണയായി ചെയ്യുന്നത് ഗ്രാഫ്റ്റിങ് അഥവാ മുടികളുടെ പറിച്ചുനടലാണ്. ഇത് ഏറ്റവും അപകടം കുറഞ്ഞതും നല്ല ഫലം തരുന്നതുമാണ്.
വളരെക്കാലമായി വേണ്ടത്ര ഗൗരവം കൊടുക്കാതിരുന്ന സൗന്ദര്യശസ്ത്രക്രിയ ഇന്ന് വളരെ സജീവമാണ്. മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ സൗന്ദര്യ ശസ്ത്രക്രിയ കേരളത്തില്‍ ചെയ്യാവുന്നതാണ്. സാമൂഹിക പ്രതിബന്ധങ്ങളെ മാറ്റിവെച്ച്, ജന്മനാലും മറ്റ് അപകടങ്ങളാലും വന്നുചേരുന്ന ശാരീരിക അഭംഗികള്‍ ഇതിലൂടെ മാറ്റിയെടുക്കാവുന്നതാണ്.