ലഹരിക്കായി മരുന്നുകളുടെ ദുരുപയോഗം

ചില പ്രത്യേക അസുഖങ്ങള്‍ക്ക് നിയന്ത്രിതമായ അളവില്‍ മാത്രം ഉപയോഗിക്കാവുന്ന മരുന്നുകള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്ന ശീലം വ്യാപകമാവുകയാണ്. ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ മാത്രം ലഭിക്കുന്ന നൈട്രാസിപാം, സാസ്‌മോ പ്രോക്‌സിവോണ്‍ എന്നീ ഗുളികകള്‍ കഴിഞ്ഞ മാസം കോഴിക്കോട്ട്് പിടിച്ചെടുത്തത് വാര്‍ത്തയായിരുന്നു.

മയക്കുമരുന്നുകളേക്കാള്‍ എളുപ്പത്തില്‍ ലഭിക്കുമെന്നതും ഒറ്റനോട്ടത്തില്‍ സാധാരണ അസുഖത്തിനുള്ള മരുന്നാണെന്ന് തോന്നിപ്പിക്കുമെന്നതും കൗമാരക്കാരില്‍ ഇത്തരം മരുന്നുകളുടെ ഉപയോഗം വ്യാപകമാകാന്‍ കാരണമായിട്ടുണ്ട്. കൂടാതെ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവയായതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാറില്ലെന്ന തെറ്റിദ്ധാരണയും ചിലര്‍ക്കുണ്ട്. എന്നാല്‍ ഏത് മരുന്നും നിര്‍ദേശിക്കപ്പെട്ട അസുഖങ്ങള്‍ക്ക് മാത്രമേ സുരക്ഷിതമായി ഉപയോഗിക്കാന്‍പറ്റൂ. പ്രായത്തിനനുസരിച്ചുപോലും അളവില്‍ മാറ്റമുണ്ടാകുന്ന ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ പുകവലി, മദ്യപാനം തുടങ്ങിയവ വര്‍ജിക്കണമെന്നും നിര്‍ദേശിക്കാറുണ്ട്.
ദുരുപയോഗം ചെയ്യുന്ന മരുന്നുകള്‍

പ്രധാനമായും മൂന്ന് ഇനത്തില്‍പ്പെട്ട മരുന്നുകളാണ് മയക്കുമരുന്നായി ദുരുപയോഗം ചെയ്യുന്നത്.

1. ഓപ്പിയോയിഡ്‌സ് (Opioids)
ഓക്‌സികോഡോണ്‍ (Oxycodone), ഹൈഡ്രോകോഡോണ്‍(Hydrocodone), മെപ്പെരിഡീന്‍ (Meperidine) തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നു.വേദനസംഹാരിയായും ചുമ, വയറ്റിളക്കം എന്നിവയ്ക്കും ഉപയോഗിക്കുന്ന മരുന്നുകളാണിവ. കേന്ദ്ര നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട് തലച്ചോറില്‍ വേദനാസംവേദനങ്ങള്‍ എത്തുന്നത് തടയുകയാണ് ഇതിന്റെ ധര്‍മം.

2.സെന്‍ട്രല്‍ നെര്‍വ്‌സ് സിസ്റ്റം (സി.എന്‍.എസ്.) ഡിപ്രസന്റ്‌സ്

പെന്റോബാര്‍ബിറ്റോള്‍ സോഡിയം (Pentobarbital Sodium), ഡയാസെപാം (Diazepam), അല്‍പ്രെസോളം (Alprazolam)തുടങ്ങിയവയാണ് ഈ ഇനത്തില്‍പ്പെട്ട മരുന്നുകള്‍.ഉത്കണ്ഠ, മനസ്സംഘര്‍ഷം, ഉറക്കക്കുറവ് എന്നിവയ്ക്ക് നിര്‍ദേശിക്കുന്നവയാണ് ഈ മരുന്നുകള്‍. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയാണ് ഇവയുടെ ധര്‍മം. പെരുമാറ്റത്തില്‍ ശാന്തതയോ മന്ദിപ്പോ ഉണ്ടാകുമെന്നതാണ് പ്രവര്‍ത്തനം .

3. ഉത്തേജക ഔഷധങ്ങള്‍

മീതൈല്‍ ഫെനിഡേറ്റ് (Methylphchidate), ആംഫെറ്റാമിന്‍(Ampctamine) തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. കുട്ടികളില്‍ കാണപ്പെടുന്ന എ.ഡി.എച്ച്.ഡി.ക്ക് നല്‍കുന്ന മരുന്നുകളാണിവ. തലച്ചോറിന്റെ പ്രവര്‍ത്തനം ത്വരപ്പെടുത്തുക, കടുതല്‍ ജാഗ്രതയുണ്ടാക്കുക തുടങ്ങിയവയാണ് ഇതിന്റെ സ്വാധീനത്താലുണ്ടാകുന്ന മാറ്റങ്ങള്‍.

പാര്‍ശ്വഫലങ്ങള്‍

രോഗത്തിനല്ലാതെ മരുന്നു കഴിക്കുന്നതുതന്നെ അപായംവരുത്തും. മേല്പറഞ്ഞ മരുന്നുകള്‍ രോഗികളല്ലാത്തവര്‍ കഴിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. ഉദാഹരണത്തിന് ഒപ്പിയോയിഡ് ഛര്‍ദി, വിഷാദം, ചിന്താമാന്ദ്യം തുടങ്ങിയവയ്ക്ക് കാരണമാകും. അളവുകൂടിയാല്‍ ശ്വാസതടസ്സത്തിലേക്കും 'കോമ' അവസ്ഥയിലേക്കും എത്തിയേക്കും. മരണവും സംഭവിക്കാം. മദ്യത്തോടൊപ്പം ഉപയോഗിക്കുന്നതും ദുരന്തമുണ്ടാക്കും.

സി.എന്‍.എസ്. ഡിപ്രസന്റുകളും അപകടകാരികളാണ്. വേദനാസംഹാരികള്‍, അലര്‍ജിക്കുള്ള മരുന്നുകള്‍, മദ്യം ഇവയ്‌ക്കൊപ്പം കഴിച്ചാല്‍ ഹൃദയമിടിപ്പും ശ്വാസഗതിയും മന്ദഗതിയിലാക്കി മരണത്തിന് കാരണമായേക്കും. എ.ഡി.എച്ച്.ഡി.ക്കുള്ള മരുന്നുകള്‍ രോഗികളല്ലാത്തവര്‍ കഴിച്ചാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. ചെറിയ സമയത്തിനുള്ളില്‍ കൂടുതല്‍ അളവ് കഴിക്കുന്നതാണ് മിക്കപ്പോഴും അപായമുണ്ടാക്കുന്നത്. ലഹരിക്കായി ഇത്തരം മരുന്നുകഴിക്കുന്നവര്‍ മിക്കപ്പോഴും അളവ് കൂട്ടി കഴിക്കുന്നത് പതിവാണ്.

കുട്ടികളുടെ മേല്‍ ശ്രദ്ധ

കുട്ടികള്‍ അനാവശ്യമായി മരുന്നു കഴിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. തലവേദന, ചെറുപനി എന്നിവയ്ക്കാണെങ്കില്‍ പോലും പതിവായി ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് കഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിയന്ത്രിക്കേണ്ടതാണ്. കൂടാതെ അവരുടെ കൈയില്‍ പതിവായി കാണുന്ന ഗുളിക വാങ്ങി, മരുന്നിനെക്കുറിച്ച് അറിയാവുന്നവരുടെ അടുത്ത് കൊണ്ടുപോയി ചോദിച്ചറിയണം. അമിത ഉറക്കം, ഉറക്കം തൂങ്ങല്‍, വിഷാദം തുടങ്ങി അസ്വാഭാവിക പെരുമാറ്റം കുട്ടികളില്‍ കാണുകയാണെങ്കില്‍ അവരുടെ പ്രവൃത്തികള്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കല്‍ ഇത്തരം മരുന്നുകള്‍ അനാവശ്യമായി കഴിച്ചുതുടങ്ങിയാല്‍ മയക്കുമരുന്നുപോലെ ലഹരിയാകാന്‍ സാധ്യതയുണ്ട്.

ഒ.കെ. മുരളീകൃഷ്ണന്‍