
നാരായണിയോട് ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ എന്റെ മനസ്സില്‍ വ്യക്തമായ ഒരു ഉത്തരമുണ്ടായിരുന്നു. അത് മനസ്സില്‍ സൂക്ഷിച്ചുകൊണ്ടുതന്നെ നാരായണിയോടും ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു. 'നാരായണി രക്ഷപ്പെടാനുള്ള കാരണമെന്താണെന്നറിയാമോ'...ഒരു സംശയവുംകൂടാതെ ഉത്തരംവന്നു...എന്റെ മകള്‍ ലത, ഒരേയൊരു മകള്‍ അവള് കാരണമാണ് എന്റെ ജീവന് തിരിച്ചുകിട്ടിയത്. ഐന്റ മനസ്സിലെ ഉത്തരവും അത് തന്നെയായിരുന്നു. ഞാന്‍ ആഗ്രഹിച്ച ഉത്തരവും അതുതന്നെയായിരുന്നു. 'ഞാന്‍ രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ ആ രാത്രി ലേക്ഷോര് ആശുപത്രി അവളുടെ കണ്ണീരില്‍ മുങ്ങിപ്പോയേനേനാരായണിയുടെ കണ്ഠമിടറി.'
ശരിയാണ്. 4 മാസംമുമ്പ് ഒരു ശനിയാഴ്ച രാത്രി...നാരായണിയുടെ അസുഖം മൂര്‍ച്ഛിച്ചു. ഒന്നുംചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഞാന്‍ ലതയെ വിളിച്ചുപറഞ്ഞു. അമ്മയില്ലെങ്കില്‍ ഞാനില്ല ഡോക്ടര്‍...ലത ജീവിതത്തിന്റെ ചുരുളുകള്‍ അഴിച്ചുതുടങ്ങി. അച്ഛനും അമ്മയും ഞാനുമടങ്ങുന്ന ഒരു നമ്പൂതിരി കുടുംബം. അച്ഛന് ചെറിയ ഒരു അമ്പലത്തില്‍ പൂജാരിയാണ്. അവിടെനിന്ന് കിട്ടുന്ന തുച്ഛമായ ഒരു വരുമാനം. അതാണ് ഞങ്ങളുടെ ജീവിതമാര്‍ഗം. അച്ഛന് ഒരുദിവസംപോലും അവധിയില്ല.
അമ്പലത്തിലെ സമയവും ഡോക്ടര്‍ക്കറിയാമല്ലൊ. നമ്പൂതിരി കുടുംബമായതുകൊണ്ട് ആരോടെങ്കിലും സഹായംചോദിക്കാനും മടി. കോളേജില്‍ പോയിരുന്ന ഞാന്‍, അമ്മയുടെകൂടെ വീട്ടില്‍ ആളില്ലാത്തതിനാല്‍...എന്റെ പഠിത്തവും മുടങ്ങിയിരിക്കുകയാണ്. എന്നാലും സാരമില്ല. എനിക്കെന്റെ അമ്മയെ തിരികെക്കിട്ടിയാല്മതി. ഞാന്‍ സകല ദൈവങ്ങളേയും വിളിച്ച് പ്രാര്‍ഥിക്കാം. എന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കാതിരിക്കില്ല...ഡോക്ടര്‍ ശ്രമിക്കണം. ആ കണ്ണുകളിലെ തിളക്കവും തീഷ്ണതയും ഞാന്‍ നേരിട്ടുകണ്ടു.
അടുത്തദിവസം രാവിലെ ആ മുറിയില്‍ ചെന്നപ്പോള്‍ ഉറക്കച്ചടവോടെ അമ്മയുടെ അരികിലിരിക്കുന്ന ആ മുഖം കണ്ടു. ആ കണ്ണുകളിലെ തിളക്കവും തീഷ്ണതയും അപ്പോഴുമുണ്ട്. ഒരു സെക്കന്‍ഡ്പോലും ആ കുട്ടി കണ്ണടച്ചിട്ടില്ല സാര്നഴ്സ് പറഞ്ഞു. അങ്ങനെ എത്രയെത്ര രാത്രികള്‍. മകള്‍ മാത്രം മുഴുവന്‍സമയവും ആ അമ്മയുടെകൂടെ. ആ ജീവന് ദൈവത്തിനുകൊടുക്കാതെ, തിരികെ പിടിച്ചുവാങ്ങിയ മകള്‍...
ലതയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു. എന്റെ കൈ മുറുകെ പിടിച്ച് ഒരു കൊച്ചുകുട്ടിയെപ്പോലെ അവള് പൊട്ടിക്കരഞ്ഞു. അവളുടെ എല്ലാ ഭാരവും അവള് ഇറക്കിവെയ്ക്കുകയാണെന്ന് തോന്നി.
അവളിറങ്ങിപ്പോകുമ്പോള് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അവളുടെ കഴുത്തിലും കാതിലും സ്വര്ണത്തിളക്കമില്ലായിരുന്നു. പക്ഷേ, ആ കണ്ണുകളില്‍ രത്നത്തിളക്കമുണ്ടായിരുന്നു. സന്ധ്യയ്ക്കെന്തിന് സിന്ദൂരം...എന്‍ കണ്മണിക്കെന്തിനാഭരണം.
ഞാന്‍ കരയാതിരിക്കാന്‍ പാടുപെടുകയായിരുന്നു. എന്റെ കൂടെയിരുന്നിരുന്ന ഡോ. മനുവിന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. ഡോക്ടറല്ലെ...കരയാന്‍ പാടില്ലല്ലൊ.