സാധാരണ നിലയില്‍ ടോണ്‍സിലൈറ്റിസിന് ശസ്ത്രക്രിയ ആവശ്യമായി വരാറില്ല. മുതിര്‍ന്നവരില്‍ ഇതിന്റെ ആവശ്യം ഉണ്ടാകാറില്ല. എന്നാല്‍, ചില കുട്ടികളില്‍ ശസ്ത്രക്രിയ വേണ്ടി വരാറുണ്ട്. ടോണ്‍സില്‍ പ്രശ്‌നം മരുന്ന് ചികിത്സയ്ക്ക് വഴങ്ങാത്ത അവസ്ഥ ചില കുട്ടികളില്‍ കണ്ടുവരുന്നു. വര്‍ഷത്തില്‍ നാലോ അഞ്ചോ അതില്‍ കൂടുതല്‍ തവണയോ ടോണ്‍സില്‍ അണുബാധ ചില കുട്ടികളില്‍ ഉണ്ടാകാറുണ്ട്. ചിലരില്‍ ഗ്രന്ഥികളില്‍ ഇടയ്ക്കിടെ പഴുപ്പ് ഉണ്ടാകും.
ചിലരില്‍ ഗ്രന്ഥിക്ക് വലിപ്പം കൂടുതലായിരിക്കും. ചില കുട്ടികളില്‍ ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ട്, സംസാരവൈകല്യം എന്നിവയും ഉണ്ടാകാറുണ്ട്. ഇതൊക്കെ കുട്ടികളുടെ പൊതുആരോഗ്യത്തെ ബാധിക്കും. ശ്വാസതടസ്സം ഉറക്കക്കുറവിനും ക്ഷീണത്തിനും വഴിവെക്കും. അടിക്കടി ഉണ്ടാകുന്ന അണുബാധ കാരണം സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടപ്പെടുന്നതിനും പഠനത്തില്‍ പിറകോട്ടു പോകുന്നതിനുമൊക്കെ വഴിയൊരുക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ടോണ്‍സില്‍ നീക്കുന്ന ശസ്ത്രക്രിയ ആവശ്യമാണ്.
ടോണ്‍സിലെക്ടമി എന്നാണ് ഈ ശസ്ത്രക്രിയ അറിയുന്നത്. സുരക്ഷിതവും ലളിതവുമാണ് ടോണ്‍സിലെക്ടമി. രോഗിക്ക് ശസ്ത്രക്രിയ ചെയ്ത ദിവസം തന്നെയോ അടുത്ത ദിവസമോ ആസ്പത്രി വിടാനാകും. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ പൊതുവായ ആരോഗ്യം വര്‍ധിക്കുന്നതായാണ് കണ്ടുവരുന്നത്.