പൊതുവെ നിര്‍ദോഷിയായാണ് ടോണ്‍സിലൈറ്റിസിനെ എല്ലാവരും കാണാറ്. എന്നാല്‍ രോഗം ചിലപ്പോള്‍ സങ്കീര്‍ണതകള്‍ക്ക് വഴിവെക്കാറുണ്ട്. രോഗത്തെ അവഗണിച്ചാല്‍ ഗ്രന്ഥിയില്‍ പഴുപ്പുണ്ടാകാന്‍ ഇടയുണ്ട്. ടോണ്‍സിലിനും സമീപത്തെ മൃദുകോശത്തിനുമിടയില്‍ പരുക്കള്‍ (peritonsillar abscess) പ്രത്യക്ഷപ്പെടാം. ഇത് സമീപപ്രദേശത്ത് വ്യാപിക്കാറുണ്ട്.
പഴുപ്പ് രക്തത്തിലേക്കും കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിലേക്ക് പടരുകയും ചെയ്യാം. അതുവഴി ജീവന്‍തന്നെ അപകടത്തിലാവാം. അണുബാധ മുകളിലേക്കു വ്യാപിച്ചാല്‍ മധ്യകര്‍ണത്തില്‍ അണുബാധയും നീര്‍ക്കെട്ടും ഉണ്ടാകും. സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയ മൂലമുള്ള അണുബാധ ഗൗരവമുള്ള മറ്റുപല സങ്കീര്‍ണതക്കും ഇടയാക്കാറുണ്ട്. വൃക്കകളിലെ നീര്‍വീക്കം, വൃക്കപരാജയം, വാതപ്പനി എന്നീ ഗുരുതരരോഗങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നതാണ്. ഹൃദയം, കരള്‍, അസ്ഥി, സന്ധികള്‍ എന്നിവയെയും ബാക്ടീരിയല്‍ അണുബാധ ബാധിക്കാം.
ചിലരില്‍ ടോണ്‍സില്‍ ഗ്രന്ഥികളില്‍ അടിക്കടി രോഗബാധ ഉണ്ടാകും. ഇത് അവയുടെ രോഗപ്രതിരോധശേഷി നശിപ്പിക്കുന്നു. അവയില്‍ വീക്കം വന്ന് വായില്‍ രുചിവ്യത്യാസം, വായ്‌നാറ്റം, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട് എന്നിവയുണ്ടാകും. കുട്ടികളില്‍ ശ്വാസതടസ്സവും കൂര്‍ക്കംവലിയും ഉണ്ടാകാനും ടോണ്‍സിലൈറ്റിസ് കാരണമാകാറുണ്ട്.