Home>Diseases>Piles
FONT SIZE:AA

പൈല്‍സിന്റെ ദുരിതമകറ്റാം

പൊറോട്ട, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്കറി ഇനങ്ങള്‍, ഫാസ്റ്റ് ഫുഡ്, ലഘുപാനീയങ്ങള്‍ എന്നിവയൊക്കെയാണ് നഗരവാസികളില്‍ പൈല്‍സ് വ്യാപകമാകാന്‍ കാരണം

ഏറ്റവും ദുരിതം പിടിച്ച അസുഖങ്ങളിലൊന്നാണ് പൈല്‍സ്, സര്‍വസാധാരണവും. ദുരിതങ്ങളും വേദനയും സഹിച്ചു കഴിയുമ്പോഴും പലരും ഇത് ശരിയായി ചികിത്സിക്കുന്നതിനെക്കുറിച്ച് ആലോചിക്കാറില്ലെന്നതാണ് വാസ്തവം. നമ്മുടെ നാട്ടിലെന്നല്ല ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം തട്ടിപ്പ് ചികിത്സകര്‍ വിരാജിക്കുന്ന മേഖലകളിലൊന്നുകൂടിയാണിത്. മലദ്വാരത്തിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീകക്കമാണ് പൈല്‍സ് അഥവാ മൂലക്കുരു. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്തും വിസര്‍ജനത്തിനായി ബലം പ്രയോഗിച്ച് മുക്കേണ്ടി വരുന്നതുമൊക്കെ പൈല്‍സ് കൂടാന്‍ കാരണമാകാം.

ലക്ഷണം

ടോയ്‌ലറ്റില്‍ പോകുന്നതിനുമുമ്പോ അതിനുശേഷമോ രക്തം പോകുന്നതാണ് പൈല്‍സിന്റെ മുഖ്യലക്ഷണം. മലബന്ധം ഒഴിവാക്കുകയാണ് പൈല്‍സിന്റെ ദുരിതങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. രക്തംപോക്ക് ഉണ്ടാകുകയോ പൈല്‍സ് പുറത്തേക്ക് തള്ളിനില്‍ക്കുകയോ ഒക്കെ ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.

പരിഹാരം

നല്ലൊരു സര്‍ജനെ കണ്ടാല്‍ വളരെ ലളിതമായ ബാന്റിങ് ചികിത്സ കൊണ്ട് ഏറെക്കാലം പൈല്‍സിന്റെ ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് നില്‍ക്കാനാവും. അതിന് സമയവും ചെലവ് വളരെക്കുറച്ചുമതി താനും. ഇപ്പോള്‍ കുറച്ചുകൂടി ചെലവുകൂടിയ സ്റ്റേപ്ലിങ് ചികിത്സകളും മറ്റു ചില അത്യാധുനിക ചികിത്സകളും ലഭ്യമാണ്.

നിരീക്ഷണങ്ങള്‍

* മലദ്വാരത്തിലൂടെ രക്തംപോകുന്നു എന്നതുകൊണ്ടു മാത്രം അത് പൈല്‍സാണ് എന്നുതീരുമാനിക്കാനാവില്ല. മലദ്വാരത്തിലെ അര്‍ബുദം മുതല്‍ ഒട്ടേറെ രോഗങ്ങള്‍ കൊണ്ട് ഇങ്ങനെയുണ്ടാകാം. അതിനാല്‍ ഡോക്ടറെകണ്ട് കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്.

* നാരു കുറഞ്ഞ ആഹാരം കഴിക്കുന്നത് പൈല്‍സിന്റെ മുഖ്യകാരണങ്ങളിലൊന്നാണ്. കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നത് പൈല്‍സ് കൂട്ടും എന്നൊരുപൊതുധാരണയുണ്ടല്ലോ. നാരിന്റെ അംശം അല്പംപോലുമില്ലാത്തതുകൊണ്ടാണ് ഇത്തരം ഭക്ഷണങ്ങള്‍ പൈല്‍സിന് കാരണമാകുന്നത്.

* പൊറോട്ട ഉള്‍പ്പെടെ മൈദകൊണ്ടുണ്ടാക്കുന്ന എല്ലാഭക്ഷണയിനങ്ങളും പൈല്‍സിന് വഴിയൊരുക്കുന്നവയാണ്. നാരുകുറഞ്ഞ ഇത്തരം ഭക്ഷണങ്ങളാണ് മലബന്ധവും വയറിന് അസ്വസ്ഥതയുമുണ്ടാക്കുന്നത്.

* പൊരിച്ചതും വറത്തതുമായ ഭക്ഷണങ്ങള്‍ പൈല്‍സ് ഉണ്ടാകാനും ഉള്ളവര്‍ക്ക് അത് കൂടാനും കാരണമാകും.
* പായ്ക്കറ്റിലാക്കി വരുന്ന ഭക്ഷണങ്ങള്‍, കോളാ-പാനീയങ്ങള്‍, ഉപ്പിലിട്ടവ തുടങ്ങിയവയും പൈല്‍സിനു കാരണമാകാം.
* ബേക്കറി സാധനങ്ങള്‍, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍, നൂഡില്‍സ് തുടങ്ങിയവ പൈല്‍സിന് നന്നല്ല.
* എല്ലാദിവസവും ആഹാരത്തിന്റെ ഭാഗമായി പഴങ്ങള്‍ കഴിക്കുന്നത് പൈല്‍സ് പോലുള്ള പ്രശ്‌നങ്ങളൊഴിവാക്കാന്‍ സഹായിക്കും.
* ദിവസവും എട്ട് പത്ത് ഗ്ലാസ് വെള്ളം കുടിക്കണം. ഇത് പൈല്‍സ് പ്രതിരോധിക്കാനുള്ള നല്ല മാര്‍ഗങ്ങളിലൊന്നാണ്.

* ചുവന്നുള്ളി അരിഞ്ഞ് അല്പം നെയ്യില്‍ മൂപ്പിച്ച് കഴിക്കുന്നത് പൈല്‍സ് തടയാന്‍ നല്ലതാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ പക്ഷെ, നെയ്യ് ഉപയോഗിക്കരുത്. ഉള്ളി ഏത് രൂപത്തില്‍ കഴിക്കുന്നതും നല്ലതുതന്നെ. നിത്യവും ത്രിഫലപ്പൊടി പാലില്‍ ചേര്‍ത്തുകഴിക്കുന്നത് മലബന്ധവും പൈല്‍സും ഇല്ലാതാക്കും.

* നിത്യവും മോര് കാച്ചിയോ പച്ചമോരായോ കഴിക്കുന്നത് ഗുണം ചെയ്യും.
Tags- Piles
Loading