Home>Diseases>Diphtheria
FONT SIZE:AA

തിരിച്ചുവരവിന്റെ കാരണങ്ങള്‍

2006ല്‍ ദേശീയ കുടുംബാരോഗ്യ സര്‍വെ റിപ്പോര്‍ട്ട് പ്രകാരം മുന്‍കാലങ്ങളില്‍ പ്രതിരോധ ചികിത്സ ലഭിച്ച കുട്ടികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന (79 ശതമാനം) കേരളം മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. കേരളത്തിലെ വാക്‌സിന്‍ കവറേജ് വെറും 75 ശതമാനമാണ്. 81 ശതമാനുള്ള തമിഴ്‌നാട് ഒന്നാം സ്ഥാനത്തും 79 ശതമാനമുള്ള ഗോവ രണ്ടാംസ്ഥാനത്തുമാണ്.

സാക്ഷര കേരളത്തില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ നിഷേധിക്കുന്നത് രക്ഷിതാക്കളുടെ അജ്ഞതകൊണ്ടാണെന്നു തോന്നുന്നില്ല. വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ഊതിവീര്‍പ്പിച്ച വാര്‍ത്തകളും അപൂര്‍വമായ രോഗങ്ങള്‍ തങ്ങളുടെ കുട്ടിയെ ബാധിക്കില്ലെന്ന ശുഭപ്രതീക്ഷകളോ പ്രതിരോധ ചികിത്സയിലുള്ള വിശ്വാസ തകര്‍ച്ചയോ എതിര്‍പ്രചാരണങ്ങളോ ഇതിനു കാരണമായി ഭവിച്ചിട്ടുണ്ടാകാം.

പ്ലാനിങ് കമ്മീഷന്‍ നിഗമനപ്രകാരം കാമ്പയിന്‍ ശൈലിയിലുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍, 'വാക്‌സിനുകളുടെ' ഉപയോഗം കുറയുമെന്നും 'പള്‍സ്' പോളിയോപോലുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും ഊര്‍ജം കൂടുതല്‍ ചെലവഴിച്ച് തളര്‍ന്നുപോകാനും (operational fatigue) സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെടുന്നു - തുടര്‍ച്ചയായ 'യജ്ഞങ്ങള്‍'
സമൂഹത്തിന്റെയും താത്പര്യങ്ങള്‍ കെടുത്താം.

ഇന്ത്യയിലെ ശിശുവിദഗ്ധരുടെ പ്രസിദ്ധീകരണമായ ഇന്ത്യന്‍ പീഡിയാട്രിക്‌സ് എഡിറ്റോറിയല്‍ അഭിപ്രായപ്പെട്ടത് ''സ്വകാര്യ മേഖലയിലെ വിലകൂടിയതും അത്യാവശ്യമില്ലാത്തതും ഇപ്പോള്‍ വഴിവിട്ട് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നതുമായ 'ഗ്ലാമര്‍' വാക്‌സിനുകളുടെ പ്രഭാവലയത്തില്‍ അത്യാവശ്യ വാക്‌സിനുകള്‍ (ഇ.സി.ജി, ഡി.പി.ടി, മീസില്‍സ്) 'നിഴലില്‍' പെട്ടുപോയി''-ഈ സാഹചര്യത്തില്‍ കേരളത്തിലെ 'സാര്‍വത്രിക പ്രതിരോധ പിരപാടി'യിലും ഇരുട്ടു വീഴ്ത്തിത്തുടങ്ങി.

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഡിഫ്തീരിയ കേസുകളില്‍ 90 ശതമാനം മലപ്പുറം ജില്ലയില്‍നിന്നാണ്. തിരുവനന്തപുരം അച്യുതമേനോന്‍ സെന്റര്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ മലപ്പുറം ജില്ലയില്‍ പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്ത കുട്ടികള്‍ 36.5 ശതമാനവും ട്രിപ്പിള്‍ വാക്‌സിന്‍ എടുത്ത കുട്ടികള്‍ 47.6 ശതമാനവുമാണ്. സംസ്ഥാനതലത്തില്‍ ഇത് യഥാക്രമം 72 ശതമാനവും 87ശതമാനവുമാണ്. (മലപ്പുറം 50 ശതമാനത്തില്‍ താഴെയുള്ള ഏക ജില്ല).

നമ്മുടെ രാജ്യത്തിനാവശ്യമായ ഡി.പി.ടി. വാക്‌സിന്‍ വര്‍ഷങ്ങളായി ഉത്പാദിപ്പിച്ച് വിതരണം ചെയ്തുവന്നിരുന്ന കുനൂരിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഹിമാചല്‍ പ്രദേശ് കസൗളിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങള്‍ 2008 ജനവരി 15 മുതല്‍ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൂട്ടിയിട്ടതിനാല്‍ സംസ്ഥാനത്ത് ആവശ്യമുള്ള വാക്‌സിന്‍ ക്ഷാമം ഉണ്ടായിട്ടുണ്ട്. ഇത് ആശുപത്രികളില്‍നിന്ന് വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ കുട്ടികള്‍ മടങ്ങിപ്പോകുന്ന സാഹചര്യമുണ്ടാക്കുന്നു. ഇതെല്ലാം കൂട്ടിവായിച്ചാല്‍
'കേരളത്തിന്റെ ആരോഗ്യമാതൃക'യുടെ ദിശ എങ്ങോട്ടാണെന്ന് തിരിച്ചറിയാനാവും.
Tags- Diphtheria
Loading