അമിതമായ തളര്‍ച്ച, ശരീരത്തിന്റെ ശക്തി നഷ്ടപ്പെട്ടതുപോലുള്ള തോന്നല്‍, ജോലി ചെയ്യല്‍ ഒരു ഭാരമായി വരിക, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ എന്നിവ സാധാരണ ലക്ഷണങ്ങളാണ്. ചിലരില്‍ ഉറക്കം വരാന്‍ വളരെയധികം സമയമാകും. മറ്റുചിലരില്‍ കിടന്നയുടനെ ഉറക്കം കിട്ടും. പക്ഷേ ഇടയ്ക്ക് ഉറക്കം ഞെട്ടുകയും പിന്നീട് ഉറക്കം വരാതിരിക്കുകയും ചെയ്യും. രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ പുലര്‍ച്ചെ 3-4 മണിമുതല്‍ ഉറക്കമില്ലാതെ ആലോചിച്ച് കിടക്കല്‍ വളരെ സാധാരണമാണ്.
കൈകാലുകള്‍ക്ക് വേദന, പുറംവേദന, തലയ്ക്ക് തരിപ്പ്, പുകച്ചില്‍, തലവേദന ഇങ്ങനെയുള്ള ലക്ഷണങ്ങളോടുകൂടി ഡോക്ടര്‍മാരെ സമീപിക്കുന്ന രോഗികളില്‍ വളരെയധികം പേര്‍ വിഷാദരോഗികളാണ്. ഇത്തരം ലക്ഷണങ്ങള്‍ സാധാരണ പ്രായമായവരിലാണ് കൂടുതല്‍ കണ്ടുവരുന്നത്.
എന്നാല്‍ വിഷാദരോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം അമിതമായ സങ്കടം തന്നെയാണ്. ചെറിയ പ്രശ്‌നങ്ങള്‍ക്കുപോലും സങ്കടവും നിരാശാബോധവും ഉണ്ടാക്കുകയും, കരച്ചില്‍ കൂടുകയും സന്തോഷമുണ്ടാക്കുന്ന ഒന്നിലും താത്പര്യം തോന്നാതിരിക്കുകയും ചെയ്യും.
മറ്റുചിലരില്‍ അമിതമായ ഉത്കണ്ഠയും നെഞ്ചിടിപ്പ്, കൈവിറയല്‍, ശ്വാസതടസ്സം, സ്വസ്ഥമായി ഇരിക്കാന്‍ പറ്റാത്ത അവസ്ഥ (Restlessness), എന്നിവയൊക്കെ ഉണ്ടാകാറുണ്ട്. ഏകദേശം 30 ശതമാനം വിഷാദരോഗികളില്‍ ദൃഢമായ ചില സംശയങ്ങളും ഭയവും കാണുന്നു. (ഉദാഹരണത്തിന് തന്നെ ആരൊക്കെയോ കൊല്ലാന്‍ ശ്രമിക്കുന്നു. ഭക്ഷണത്തില്‍ വിഷം ചേര്‍ക്കുന്നു. അല്ലെങ്കില്‍ മറ്റുള്ളവര്‍ തന്നെപ്പറ്റി സംസാരിക്കുന്നു). എന്നാല്‍ കഠിനമായ രോഗമുള്ള ചിലര്‍ ഈ ലോകംതന്നെ ഇല്ലെന്നും തന്റെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ (ഉദാ: തലച്ചോറ്) പ്രവര്‍ത്തിക്കുന്നില്ലെന്നും തനിക്ക് കാര്യമായ രോഗങ്ങള്‍ (എയ്ഡ്‌സ്, കാന്‍സര്‍) ഉണ്ടെന്നും അടിയുറച്ച് വിശ്വസിക്കുന്നു. അപൂര്‍വമായി ചിലര്‍ക്ക് മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത അശരീരി പോലുള്ള ശബ്ദം കേള്‍ക്കുന്ന അനുഭവം ഉണ്ടാകാറുണ്ട്. ഇത്തരം അനുഭവങ്ങളുടെയെല്ലാം ഉറവിടം തന്റെ തന്നെ മനസ്സിന്റെ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിയില്ല.
മേല്‍ വിവരിച്ച ലക്ഷണങ്ങളില്‍ ഏറ്റവും പ്രധാനം ആത്മഹത്യാ പ്രവണത തന്നെയാണ്. വിഷാദരോഗമുള്ള പലരും ആത്മഹത്യയ്ക്കുള്ള വ്യക്തമായ പ്ലാനും മനസ്സില്‍ കരുതി നടക്കുന്നവരാണ്.