Home>Diseases>Depression
FONT SIZE:AA

വിഷാദം രോഗമാകുമ്പോള്‍

മനുഷ്യമനസ്സിന്റെ വൈകാരിക അനുഭവങ്ങളെ ബാധിക്കുന്ന ഒരു തകരാറാണ് വിഷാദരോഗം (Emotional Disorder). ലളിതമായി പറഞ്ഞാല്‍ മനുഷ്യന് സന്തോഷിക്കാന്‍ കഴിയാത്ത അവസ്ഥ അല്ലെങ്കില്‍ സങ്കടം കൂടുതല്‍ വരുന്ന അവസ്ഥ. ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും സങ്കടമെന്ന വികാരം സര്‍വസാധാരണമാണ്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉണര്‍വും ഉന്മേഷവും ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ ആസ്വദിക്കാനുള്ള കഴിവും നമ്മള്‍ വീണ്ടെടുക്കാറുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായി വിഷാദരോഗികളില്‍ സങ്കടമെന്ന വികാരം സ്ഥായിയായി നിലനില്‍ക്കുകയും അതിന്റെ കൂടെ ശാരീരികവും മാനസികവുമായ മറ്റുപല ലക്ഷണങ്ങളും കണ്ടുതുടങ്ങുകയും ചെയ്യും.

കുറേനാള്‍ വിഷാദാവസ്ഥയിലായിരിക്കുന്നത് ഒരു രോഗത്തിന്റെ ലക്ഷണമായി മനസ്സിലാക്കുവാനുള്ള തിരിച്ചറിവ് നമ്മുടെ സമൂഹം ഇപ്പോഴും നേടിയെടുത്തിട്ടില്ല. എന്നാല്‍ ഒരു വിഷാദരോഗിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും ദുസ്സഹമായ അവസ്ഥയിലൂടെയായിരിക്കും അയാള്‍ കടന്നുപോകുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും ശക്തിമുഴുവന്‍ ചോര്‍ന്നുപോകുകയും ഒരു പ്രവൃത്തിയിലും താത്പര്യവും ഉന്മേഷവും തോന്നാതിരിക്കുമ്പോള്‍, മരിച്ചാല്‍ മതിയെന്ന തോന്നല്‍ ശക്തമായി വരികയും ആത്മഹത്യാ പ്രവണത കാണിച്ചുതുടങ്ങുകയും ചെയ്യും. മിക്കവാറും എല്ലാ പഠനങ്ങളും തെളിയിക്കുന്നത് 50ശതമാനം ആത്മഹത്യകള്‍ക്കും വിഷാദരോഗം നേരിട്ട് കാരണമാകുന്നുവെന്നാണ്.

മനോവിഷമമെന്നത് ദുര്‍ബലരുടെ ലക്ഷണമാണെന്നുള്ള തെറ്റായ ഒരു ധാരണ മൂലം പലപ്പോഴും രോഗികള്‍ ഇത് മറ്റുള്ളവരോട് പറയാന്‍ മടിക്കുന്നു. കൂടാതെ മാനസിക പ്രശ്‌നങ്ങളെ കുറിച്ചുള്ള തൊട്ടുകൂടായ്മയും (Stigma) മാനസിക പ്രശ്‌നമുള്ളവരോട് സമൂഹം കാണിക്കുന്ന അവഗണനയും ചികിത്സയെ കുറിച്ചുള്ള തെറ്റിദ്ധാരണകളും , ഭാരിച്ച ചികിത്സാ ചെലവുകളുമൊക്കെത്തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും രോഗിയെ പിന്നോട്ട് വലിക്കുന്നു. പലപ്പോഴും രോഗം മൂര്‍ച്ഛിച്ച് ആത്മഹത്യാപ്രവണത കണ്ടുതുടങ്ങുമ്പോഴാണ് മറ്റുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കാറുള്ളത്.


കൂടാതെ മാനസിക രോഗമെന്നാല്‍ ഭ്രാന്ത് മാത്രമാണെന്നുള്ള തെറ്റായ ധാരണമൂലം പലപ്പോഴും ഒരു സൈക്യാട്രിസ്റ്റിനെ കാണുവാന്‍ രോഗികള്‍ മടിക്കുകയാണ് ചെയ്യാറുള്ളത്. ഇത്തരം സന്ദര്‍ഭങ്ങള്‍ രോഗത്തിനുള്ള ശരിയായ ചികിത്സ ലഭിക്കാതെ ഉറക്ക ഗുളികകളുടെ ദുരുപയോഗത്തിലേക്കും രോഗിയെ എത്തിക്കുന്നു.

Tags- Emotional Disorder
Loading