നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള കര്ക്കടകത്തിന് ഇപ്പോഴത്തെ ഛായയായിരുന്നില്ല. ചോര്ന്നൊലിച്ചുകിടന്ന ഗ്രാമങ്ങളില്‍ ദാരിദ്ര്യവും രോഗവും ഇരുട്ടും തണുപ്പും ജനജീവിതം ദുര്‍ഘടമാക്കിയിരുന്നു. മരണത്തിന്റെ നിരക്ക് താരതമ്യേന കൂടുതലായിരുന്നു.
കേരളത്തിന്റെ അക്കാലത്തെ ഭൂപടത്തില്‍ അവിടവിടെ നില്ക്കുന്ന ചെറിയ ചെറിയ വൈദ്യശാലകള്‍ കാണാം. നൂറുകണക്കിനു ഗ്രാമീണര്‍ക്ക് ആശ്രയമായിരുന്ന ആരോഗ്യനികേതനങ്ങളായിരുന്നു അവ. അനുതാപപൂര്‍വം വൈദ്യം പ്രാക്ടീസ് ചെയ്തിരുന്ന അക്കാലത്തെ വൈദ്യന്മാര് ഉപയോഗപ്പെടുത്തിയിരുന്ന മരുന്നുകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഷഡംഗം കഷായം. 'ചടങ്ങുകഷായം' എന്നൊരു ഓമനപ്പേരും ഇതിനുണ്ട്.
മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം എന്നിവചേര്‍ന്നതാണ് ഷഡംഗം.
ഈ ഔഷധയോഗത്തെ പനിയുടെ ചികിത്സയ്ക്ക് വിവിധ പ്രകാരേണ ഉപയോഗിച്ചിരുന്നതായി വൈദ്യഗ്രന്ഥങ്ങളിലെ വിവരണം വ്യക്തമാക്കുന്നു.
മേലെഴുതിയ മരുന്നുകള്‍കൊണ്ട് തയ്യാറാക്കിയ പാനീയവും കഷായവും യഥാവിധി ഉപയോഗിച്ചിരുന്നു. മാത്രമല്ല, ഈ മരുന്നുകളില്‍ത്തന്നെ ചിലത് ഒഴിവാക്കിയും മറ്റുചിലത് ചേര്‍ത്തും ഔഷധത്തെ പരിഷ്കരിച്ചുകൊടുക്കാനുള്ള അനുഭവസമ്പത്ത് വൈദ്യന്മാര് നേടിയിരുന്നു. ഭാരതീയചികിത്സാസംസ്കൃതിയുടെ ഉറവകള്‍ നാമ്പെടുത്തത് ഇത്തരം പ്രയോഗങ്ങളില്നിന്നത്രേ.