
ഒരു പ്രശസ്ത സാഹിത്യനിരൂപകന്‍ വൈദ്യന് കൊട്ടംചുക്കാദി തൈലം വിധിച്ചപ്പോള്‍ അദ്ദേഹമത് വാങ്ങിയില്ലപോലും. പേരിന് സൗന്ദര്യം പോരാത്തതുതന്നെ കാരണം. പകരം മഹാനാരായണതൈലം വാങ്ങി എന്നാണ് കഥ. പുറമെ പുരട്ടുന്ന മരുന്നായിരുന്നാല്പ്പോലും വൈദ്യോപദേശം തേടിയേ ഉപയോഗിക്കാവൂ എന്ന് സാമാന്യവിധി.
പുളിയില ഇടിച്ചുപിഴിഞ്ഞ നീരില്‍ കൊട്ടം, ചുക്ക്, വയമ്പ് മുതലായ മരുന്നുകള്‍ അരച്ചുകലക്കി എണ്ണയും തൈരും ചേര്‍ത്താണ് മരുന്ന് തയ്യാറാക്കുന്നത്. കൂടുതല്‍ ഫലസിദ്ധിക്കായി കടുകെണ്ണയും വേപ്പെണ്ണയുംകൂടി ചേര്‍ക്കുന്നവരുമുണ്ട്.
സന്ധികള്‍ക്ക് വേദനയും വീക്കവും പിടിത്തവുമുണ്ടാകുന്ന അവസ്ഥയിലാണ് ഈ തൈലം കൂടുതല്‍ ഫലംചെയ്യുന്നത്. തണുപ്പുകാലത്ത് വിശേഷിച്ചും. കഴുത്തിന് കീഴ്പ്പോട്ടു പുരട്ടി തടവാം.
ചൂടാക്കിയ കൊട്ടംചുക്കാദി തൈലത്തില്‍ ഉപ്പുകിഴി മുക്കിയെടുത്ത് അസുഖമുള്ള ഭാഗങ്ങളില്‍ തടവുന്നതിനും വൈദ്യന്മാര് നിര്‍ദേശിക്കാറുണ്ട്.
കൊട്ടംചുക്കാദി തൈലം തൊട്ടാല്തന്നെ നീരും വേദനയും ഒഴിഞ്ഞ് 'മുടക്ക്' തീരും എന്ന് ഫലശ്രുതി (തൊട്ടാലൊട്ടുമുടക്കുതീരുമതിലും വാതം തൊടാതെ കെടും).
രോഗശമനവും പ്രതിരോധവും ഒന്നിച്ച് എന്നര്‍ത്ഥം.