പരിസരവും അന്തരീക്ഷവും മലിനമാകുന്നതുമൂലം കൊതുക്, ഈച്ച, എലി, ചെള്ള്, മൂട്ട എന്നിവ പെരുകുകയും മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, മന്ത്, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയും ചെയ്യുന്നു.
ബാഹ്യമായ പരിസ്ഥിതിയില്‍ മാറ്റം വരുത്തുന്നത് ഒരു പരിധിവരെ മാത്രം സാധ്യമായിട്ടുള്ളതിനാല് ഓരോവ്യക്തിയും തന്റെ ശരീരത്തിന്റെ രോഗം സംജാതമാകുന്ന അവസ്ഥ ഇല്ലായ്മ ചെയ്യാന്‍ പരിശ്രമിക്കേണ്ടതാണ്. എണ്ണതേച്ച് മൃദുവായി തലോടിയുള്ള കുളി, മാസത്തിലൊരിക്കല്‍ അവിപത്തി ചൂര്‍ണം മുതലായവ കൊണ്ടുള്ള വയറിളക്കല്‍ (വിരേചനം) എന്നിവ രോഗപ്രതിരോധത്തിന് നല്ലതാണ്.
ശീലിക്കേണ്ട ആഹാരങ്ങള്‍
1.ചെറു ചൂടുള്ളതും ദഹിക്കുവാന്‍ എളുപ്പമുള്ളതും വൃത്തിയായ രീതിയില്‍ പാകം ചെയ്തതും അല്പം ഉപ്പും പുളിയും ചേര്‍ത്തതുമായ ആഹാരസാധനങ്ങള്‍ നല്ലതാണ്.
2.ഗോതമ്പ്, ചെറുപയര്‍, മലര്‍ക്കഞ്ഞി, തേന്‍, ചെറുപയറിന് രസം, മാംസത്തിനുപകരം സൂപ്പ് എന്നിവ ഉപയോഗിക്കാം.
3.ചുക്ക്, കൊത്തമല്ലി, പഞ്ചകോല ചൂര്‍ണം തുടങ്ങിയവ ഏതെങ്കിലും കൊണ്ട് തിളപ്പിച്ചജലം ഉപയോഗിക്കാം.
4.തക്കാളി, മത്തങ്ങ, കാബേജ്, കുമ്പളങ്ങ, വഴുതനങ്ങ, പാവയ്ക്ക തുടങ്ങിയവ ആവശ്യത്തിന് ഉയോഗിക്കുക.
5.അലൂമിനിയം പാത്രങ്ങള്‍ക്കുപകരം സ്റ്റീല്‍, മണ്, ഓട് പാത്രങ്ങള്‍ പാചകത്തിനായി ഉപയോഗിക്കുക.
6.കാപ്പി, ചായ എന്നിവ മിതമായി ശീലിക്കാവുന്നതാണ്.
ഒഴിവാക്കേണ്ട ആഹാരങ്ങള്‍
1.തണുത്തവെള്ളം, ചോളം വറുത്തതും പൊരിച്ചതും അജിനോമോട്ടോ ചേര്‍ത്തതുമായ ആഹാരസാധനങ്ങള്‍.
2.മൈദ, ബിരിയാണി. തണുത്തതും ശീതികരിച്ചതുമായ ആഹാരസാധനങ്ങള്‍, വറുത്ത മാംസങ്ങളും മത്സ്യങ്ങളും. ആഹാരസാധനങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുക.
3.രാത്രിയില്‍ മാംസ ഭക്ഷണം, തൈര്, പൊറോട്ട എന്നിവ നിര്‍ബന്ധമായും ഒഴിവാക്കുക.
ശീലിക്കേണ്ട രീതികള്‍
1.രാത്രിയില്‍ കഴിയുന്നതും നേരത്തേ ഭക്ഷണം കഴിക്കുക. നേരത്തേ ഉറങ്ങുക. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറക്കം ശീലിക്കുക.
2.മിതമായ ലൈംഗിക വൃത്തി ശീലിക്കുക.
3.മദ്യത്തിനുപകരം അരിഷ്ടാസവങ്ങള്‍ ഔഷധമാത്രയില്‍ ശീലിക്കുക.
ഒഴിവാക്കേണ്ട വിഹാരങ്ങള്‍
1.പകലുറങ്ങുക. കൂടുതല്‍ മഴ നനയുക, അമിതാധ്വാനം, നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് അധികനേരം നില്ക്കുക.
മേല്‍പ്പറഞ്ഞവ കൂടാതെ അമൃതാരിഷ്ടം, പിപ്പല്യാസവം, ദശമൂലാരിഷ്ടം, ഇന്ദുകാന്തയോഗം, വിദാര്യാദിയോഗം, ച്യവനപ്രാശം, അഗസ്ത്യരസായനം, വസിഷ്ഠരസായനം മുതലായവ ശരീരബലം വര്ധിക്കുവാന് യുക്തിയുക്തമായി ഉപയോഗിക്കാവുന്നതാണ്.
ഡോ. എ.എം. മനോജ്
മെഡിക്കല്‍ ഓഫീസര്‍
ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി, കാവാലം