സീതയും കുഞ്ഞുമോളും ഇനി തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍

Posted on: 16 Sep 2015കാച്ചി: തെരുവു പട്ടികള്‍ക്കൊപ്പം കഴിഞ്ഞിരുന്ന അനാഥരായ കുഞ്ഞുമോളും സീതയും ഇനി തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള തെരുവു വെളിച്ചം ജനറല്‍ സെക്രട്ടറി തെരുവോരം മുരുകന്‍ എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് ജഡ്ജി കമനേഷിന് ഹര്‍ജി നല്‍കയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. നോര്‍ത്ത് ജനത റോഡിലെ ആറര സെന്റ് സ്ഥലത്താണ് സീതയും കുഞ്ഞുമോളും താമസിച്ചിരുന്നത്. മാനസിക രോഗികളായതിനാല്‍ ബന്ധുക്കള്‍ പോലും ഇവരുടെ പരിചരണം ഏറ്റെടുക്കാന്‍ മടിക്കുകായായിരുന്നു. തെരുവു നായ്ക്കള്‍ കഴിച്ചിരുന്ന ഭക്ഷണഭാഗമായിരുന്നു ഇവരുടെ വിശപ്പ് അടക്കിയിരുന്നത്.
പല സാമൂഹ്യ സംഘടനകളും ഇവരുടെ സംരക്ഷണം ഏറ്റെടുത്തെങ്കിലും അവര്‍ അവിടെ നിന്നും ചാടി പോരുന്ന സ്ഥിതിയായിരുന്നു. ഈ ഘട്ടത്തില്‍ പാലാരിവട്ടം പോലീസിന്റെ സഹായത്തോടെ തെരുവോരം മുരുകനും സാമൂഹ്യ പ്രവര്‍ത്തക രജനി നായരും ചേര്‍ന്ന് ഇവരെ ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ജനറല്‍ ആസ്​പത്രിയിലെ മാനസിക വിഭാഗത്തിലെ ഡോക്ടര്‍മാരുടെ പരിശോധന റിപ്പോര്‍ട്ടും തെരുവുവെളിച്ചത്തിന്റെ കത്തും ഉള്‍പ്പടെയാണ് ഹര്‍ജി നല്‍കിയത്. തൃശ്ശൂര്‍ മാനസിക കേന്ദ്രത്തിലേക്ക് ഇവരെ മാറ്റാനും പത്ത് ദിവസം നീരിക്ഷിക്കാനും കോടതി ഉത്തരവിട്ടു. ബന്ധുക്കള്‍ സംരക്ഷിക്കാതിരുന്നതിന് തെരുവുവെളിച്ചത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കും.

More Citizen News - Ernakulam