വൈപ്പിന്‍ താലൂക്ക് രൂപവത്കരിക്കണം -ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി

Posted on: 16 Sep 2015കൊച്ചി: ഗോശ്രീ ദ്വീപ് സമൂഹങ്ങളെ ഉള്‍പ്പെടുത്തി വൈപ്പിന്‍ താലൂക്ക് രൂപവത്കരിക്കണമെന്ന്് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
നിലവില്‍ വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ 8 പഞ്ചായത്തുകളാണ് ഉള്ളത്. ഇതില്‍ കടമക്കുടിയും മുളവുകാടും കണയന്നൂര്‍ താലൂക്കിന്റെ പരിധിയിലും ബാക്കി ആറ് പഞ്ചായത്തുകള്‍ കൊച്ചി താലൂക്കിന്റെ പരിധിയിലുമാണ്.
ഫോര്‍ട്ട് വൈപ്പിന്‍ പ്രദേശം കൊച്ചിന്‍ കോര്‍പ്പറേഷനില്‍ നിന്ന് മാറ്റി എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ പരിധിയിലാക്കുക. നിലവില്‍ 23 വാര്‍ഡുള്ള എളങ്കുന്നപ്പുഴ പഞ്ചായത്ത് വിഭജിച്ച് പുതുവൈപ്പ് പഞ്ചായത്തുകൂടി രൂപവത്കരിക്കുക ഇതെല്ലാം കൂടി ഉള്‍പ്പെടുത്തി വൈപ്പിന്‍ താലൂക്ക് രൂപവത്കരിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.
ഞാറയ്ക്കല്‍ ഗവണ്‍മെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയാക്കുകയും ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഞാറയ്ക്കലില്‍ വരികയും ഫയര്‍ സ്റ്റേഷന്‍ വൈപ്പിന്‍കരയില്‍ സ്ഥാപിക്കാനുള്ള നടപടിയും ആയിട്ടുള്ളതിനാല്‍ ഒരു താലൂക്ക് രൂപവത്കരിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വൈപ്പിന്‍കരയിലുണ്ട്.
ഇടക്കൊച്ചി മുതല്‍ മുനമ്പം വരെയുള്ള കൊച്ചി താലൂക്കിന്റെ പരിധിയില്‍ നിന്ന് വൈപ്പിന്‍കരയെ വേര്‍പെടുത്തി വൈപ്പിന്‍ താലൂക്കായി മാറ്റണമെന്നും സംരക്ഷണ സമിതി ചെയര്‍മാന്‍ പോള്‍ ജെ. മാമ്പിള്ളിയും ജനറല്‍ കണ്‍വീനര്‍ ജോളി ജോസഫും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അടുത്തിടെയുണ്ടായ വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ ചിലര്‍ ഫോര്‍ട്ടുകൊച്ചി, ചൊല്ലാനം പ്രദേശത്തു നിന്ന് വൈപ്പിന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെറി കടന്ന് പോയവരാണ്. അതേപോലെ തന്നെ, വൈപ്പിന്‍കരക്കാര്‍ കൊച്ചി താലൂക്കിന്റെ ആസ്ഥാനമായ ഫോര്‍ട്ടുകൊച്ചിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഫെറി കടന്ന് എത്തേണ്ടതായുമുണ്ട്. ഇതിനെല്ലാം പരിഹാരമാകും വൈപ്പിന്‍ താലൂക്ക് രൂപവത്കരണം.
വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി യാത്രയ്ക്ക്, സുരക്ഷിതമായി അഴിമുഖം മറികടക്കാനുള്ള റോറോ ജങ്കാര്‍ സര്‍വീസ് ആരംഭിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

More Citizen News - Ernakulam