വത്സലന്‍ വധക്കേസ്: മൂന്ന് പ്രതികള്‍ക്ക് ജാമ്യം

Posted on: 16 Sep 2015കൊച്ചി: ചാവക്കാട്ട് ഇടതു മുന്നണിയിലെ വത്സലനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളുടെ ശിക്ഷ നിര്‍ത്തിവെച്ച് ജാമ്യം അനുവദിക്കണമെന്ന അപേക്ഷ ഹൈക്കോടതി അനുവദിച്ചു. തൃശ്ശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച തടവുശിക്ഷയ്‌ക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഈ ഇടക്കാല ഉത്തരവ്.
കേസില്‍ മൂന്നും നാലും അഞ്ചും പ്രതികളും തൃശ്ശൂര്‍ പുന്നയൂര്‍ സ്വദേശികളുമായ കരീം, നസീര്‍, ഹുസൈന്‍ എന്നിവര്‍ക്കാണ് തടവുശിക്ഷ നിര്‍ത്തിവെച്ച് ജാമ്യം അനുവദിക്കാന്‍ ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് രാജ വിജയരാഘവനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. 2006-ലാണ് അന്നത്തെ ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാനായ വത്സലന്‍ കുത്തേറ്റ് മരിച്ചത്. യു.ഡി.എഫ്. പ്രവര്‍ത്തകരാണ് പ്രതികള്‍.
കേസിലെ ഒന്നും രണ്ടും പ്രതികളാണ് കുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. രണ്ടും മൂന്നും നാലും പ്രതികള്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളല്ലെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. ബി. രാമന്‍പിള്ള ബോധിപ്പിച്ചു. പൊതു ഉദ്ദേശ്യം വച്ച് പ്രവര്‍ത്തിച്ചെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അപ്പീലില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും.
50,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും നല്‍കണം. കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്. പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.

More Citizen News - Ernakulam