അങ്കമാലി - മണ്ണുത്തി പാത: നിര്‍മാണ ചെലവ് ടോളിലൂടെ ലഭിച്ചെന്ന് രേഖ

Posted on: 16 Sep 2015ആലുവ: നിര്‍മാണം പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ദേശീയ പാത 47-ലെ അങ്കമാലി - മണ്ണുത്തി നാലുവരി പാതയിലെ നിര്‍മാണ തുക പിരിച്ചെടുത്തതായി വിവരാവകാശ രേഖകള്‍. 312.80 കോടി രൂപയാണ് നാലുവരി പാതയുടെ നിര്‍മാണ ചെലവ്. എന്നാല്‍ 2015 ആഗസ്ത് വരെ 323.49 കോടി രൂപ ടോള്‍ ഇനത്തില്‍ ലഭിച്ചെന്നാണ് രേഖകള്‍ വ്യക്കമാക്കുന്നത്.
ഒരു ദിവസം 26.03 ലക്ഷം രൂപയാണ് ടോളിലൂടെ കമ്പനിക്ക് ലഭിക്കുന്ന വരുമാനം. ഇങ്ങനെയാണെങ്കില്‍ ഒരു മാസം ഏഴ് കോടി 89 ലക്ഷം രൂപയും ഒരു വര്‍ഷം 94 കോടി 68 ലക്ഷം രൂപയും 2015 മാര്‍ച്ച് 31 വരെ 284.4 ലക്ഷം രൂപയും പിരിച്ചെടുത്തതായി കണ്ടെത്താന്‍ കഴിയും. പൊതു പ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പിള്ളിയാണ് വിവരാവകാശ നിയമപ്രകാരം രേഖകള്‍ നേടിയത്.
കരാറനുസരിച്ച് നാലുവരി പാതയുടെ ടോള്‍ പിരിവിന്റെ കാലാവധി 18 വര്‍ഷമാണ്. മൂന്ന് വര്‍ഷം കൊണ്ട് തന്നെ നിര്‍മാണ ചെലവില്‍ നിന്ന് പത്ത് കോടി രൂപ അധികം പിരിച്ചെടുത്തെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നതായി ഖാലിദ് മുണ്ടപ്പിള്ളി ആരോപിച്ചു. നിലവിലെ കണക്ക് വെച്ച് ഇനിയുള്ള 15 വര്‍ഷം കൊണ്ട് 1500-ഓളം കോടി രൂപ പിരിച്ചെടുക്കും. എന്നാല്‍ ഓരോ വര്‍ഷമുണ്ടാകുന്ന ടോള്‍ സംഖ്യ വര്‍ദ്ധനയും സൂചികാ നിലവാര വര്‍ദ്ധനയും കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് 2500 കോടിയായി ഉയരാനാണ് സാധ്യത.
ഇത് സംബന്ധിച്ച് സി.ബി.ഐ. അന്വേഷണം നടത്തി, യഥാര്‍ത്ഥ കണക്ക് പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

More Citizen News - Ernakulam