വിട നല്‍കാന്‍ നാടൊഴുകിയെത്തി; നന്മചെയ്ത കുടുംബത്തിന് ആശ്വാസമേകാനും

Posted on: 16 Sep 2015കടുങ്ങല്ലൂര്‍: ആറ് പേര്‍ക്ക് പുതുജീവനേകി യാത്രയായ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വൃന്ദാവന്‍ തെക്കുമുറ്റത്ത് വീട്ടില്‍ വിനയകുമാറിന് നാട്ടുകാര്‍ വിടനല്‍കി. ചേതനയറ്റ ശരീരം വെള്ള പുതപ്പിച്ച് കടുങ്ങല്ലൂരിലെ വിനയന്റെ സ്വപ്‌നഭവനത്തിലേക്കെത്തിച്ചപ്പോള്‍ ഭാര്യ ബിന്ദുവും നാല് മക്കളും തേങ്ങിക്കരഞ്ഞു. ആ സമയം വിനയന്റെ ഹൃദയം പത്തനംതിട്ട സ്വദേശി വി.കെ. പൊടിമോനില്‍ മിടിച്ചു തുടങ്ങിയിരുന്നു. കണ്ണും കരളുമെല്ലാം മറ്റ് അഞ്ച് ജീവനുകളിലും.
ഈ മഹത്കര്‍മത്തിലൂടെ നാടിനുതന്നെ മാതൃകയായ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നാടൊന്നാകെയാണ് വിനയന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് സ്‌കൂട്ടര്‍ വൈദ്യുത പോസ്റ്റിലിടിച്ച് വിനയകുമാറിന് പരിക്കേറ്റതും മസ്തിഷ്‌കമരണം സംഭവിച്ചതും. ബന്ധുക്കളുടെ സമ്മതപ്രകാരം തിങ്കളാഴ്ച രാത്രിയോടെ വിനയന്റെ അവയവങ്ങള്‍ എടുത്തുമാറ്റി. ചൊവ്വാഴ്ച ഉച്ചയോടെയാണ് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. പന്ത്രണ്ടരയോടെ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജിന്നാസ്, മുന്‍ എം.പി കെ. ചന്ദ്രന്‍പിള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ബി.എ. അബ്ദുല്‍മുത്തലിബ്, എം.വി. ലോറന്‍സ്, പി.എ. ഷാജഹാന്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി മത്തായി, വൈസ് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ വിജയന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ഷാനവാസ്, പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ബാങ്ക് പ്രസിഡന്റ് എ.ജി. സോമാത്മജന്‍, മഞ്ഞുമ്മല്‍ എന്‍.എസ്.എസ്. കരയോഗം സെക്രട്ടറി കെ.ഡി. രവീന്ദ്രന്‍, ഏലൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എസ്. ഷാജി, ബി. അജിത്കുമാര്‍ എന്നിവരെത്തി അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്നാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. അവിടേയും നാട്ടുകാരുടേയും ബന്ധുക്കളുടേയും തിരക്കായിരുന്നു. വൈകീട്ടോടെയാണ് പാതാളം പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തിയത്.

More Citizen News - Ernakulam