മണല്‍ വിറ്റ പണം സഹോദരന്‍ പ്രതിമ സ്ഥാപിക്കാന്‍ ഉപയോഗിക്കണം

Posted on: 15 Sep 2015ചെറായി: കോട്ടപ്പുറം ജലപാതയ്ക്കായി കുഴിച്ചെടുത്ത മണല്‍ വിറ്റ വകയില്‍ പള്ളിപ്പുറം പഞ്ചായത്തിന്റെ പക്കലുള്ള 10 ലക്ഷം രൂപ ഉപയോഗിച്ച് സഹോദരന്‍ അയ്യപ്പന്റെ പ്രതിമ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനു സമീപം സഹോദരന്‍ അയ്യപ്പന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തെങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തില്‍ ആശയം കൊണ്ടുവന്ന അഞ്ചാം വാര്‍ഡംഗം വി.എക്‌സ്. െബനഡിക്ട് തന്നെയാണ് മണല്‍ വിറ്റ് ബാങ്കിലിട്ടിരിക്കുന്ന പണം പ്രതിമ സ്ഥാപിക്കാന്‍ ഉപയോഗിക്കാമെന്ന കാര്യം ആദ്യമായി ചൂണ്ടിക്കാട്ടിയത്. അങ്ങനെയെങ്കില്‍ ഈ കമ്മിറ്റിക്ക് തന്നെ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിവെയ്ക്കാന്‍ കഴിയും.
ഇത് കൂടാതെ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ ടൂറിസ്റ്റുകള്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിക്കണമെന്ന ആശയവും ഉരുത്തിരിഞ്ഞിട്ടുണ്ട്. സഹോദരന്‍ സ്മാരകം, പള്ളിപ്പുറം കോട്ട, ബസ്ലിക്ക തുടങ്ങിയ ചരിത്ര സ്മാരകളിലേക്കും മുനമ്പം മുസ്സിരിസ് ബീച്ച്, ചെറായി ബീച്ച് എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റുകള്‍ക്കുള്ള വിവരങ്ങള്‍ നല്‍കാന്‍ പര്യാപ്തമായ സന്നാഹങ്ങളോടെയായിരിക്കണം സെന്റര്‍. ഇക്കാര്യങ്ങളില്‍ അടുത്ത കമ്മിറ്റിയില്‍ പഞ്ചായത്ത് പ്രസിഡന്റ് തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യമുയര്‍ന്നിരിക്കുകയാണ്.

More Citizen News - Ernakulam