ആര്‍ച്ച് ബിഷപ്പ് ബെര്‍ണഡീന്‍ ബച്ചിനെല്ലി അവാര്‍ഡ്‌

Posted on: 15 Sep 2015കൊച്ചി: ആര്‍ച്ച് ബിഷപ്പ് ബെര്‍ണഡീന്‍ ബച്ചിനെല്ലി ഒസിഡിയുടെ സ്മരണാര്‍ഥം കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് തലശ്ശേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡെന്നി ജോണ്‍ കെ. അര്‍ഹനായി. കണ്ണൂര്‍ രൂപത കോളയാട് സെന്റ് കൊര്‍ണേലിയൂസ് ഇടവകാംഗമാണ്.
കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് പള്ളിക്കൂടങ്ങളിലെ മികച്ച അധ്യാപകന് ആണ് അവാര്‍ഡ് നല്‍കുന്നത്. സപ്തംബര്‍ 19ന് നാലിന് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അവാര്‍ഡ് സമര്‍പ്പണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ് വിതരണം ചെയ്യും. ഒരുലക്ഷം രൂപ കാഷ് അവാര്‍ഡും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
1864ലാണ് 'പള്ളിക്കൊരു പള്ളിക്കൂടം' എന്ന ഇടയലേഖനം ആര്‍ച്ച് ബിഷപ്പ് എഴുതിയത്. ഇടയലേഖനത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2014-ലാണ് കെആര്‍എല്‍സിസി 'ആര്‍ച്ച് ബിഷപ്പ് ബെര്‍ണഡീന്‍ ബച്ചിനെല്ലി ബെസ്റ്റ് സ്‌കൂള്‍ ടീച്ചര്‍' അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
സപ്തംബര്‍ 19ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് 'കേരള കത്തോലിക്കാ സഭയും വിദ്യാഭ്യാസമേഖലയും-ഒരു ചരിത്ര അവലോകനം' എന്ന വിഷയത്തില്‍ ഡോ. സ്‌കറിയ സക്കറിയ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പും ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റുമായ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അധ്യക്ഷനാകും.

More Citizen News - Ernakulam