ഉയര്‍ത്തെഴുന്നേല്പിനായി തുഴഞ്ഞ് തുറകളുടെ ഊര്...

Posted on: 15 Sep 2015അങ്കമാലി: അങ്കമാലി പട്ടണത്തോട് ചേര്‍ന്നു കിടക്കുന്ന പഞ്ചായത്താണ് തുറവൂരെങ്കിലും പൊതുവെ വികസനമെത്താത്ത ഒരു പഞ്ചായത്താണിത്. വരുമാനം തീരെ കുറവായതിനാലാണ് കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ കഴിയാത്തത്. ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടുള്ള പഞ്ചായത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പലതും ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല.
പൊതുവെ ഭരണപക്ഷവും പ്രതിപക്ഷവും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പഞ്ചായത്ത് കൂടിയാണിത്. വലിയ ശബ്ദകോലാഹലങ്ങള്‍ ഇല്ലാതെയാണ് ഓരോ തവണയും ഭരണം മുന്നോട്ട് പോകാറുള്ളത്. സൗകര്യപ്രദമായ ഒരു ഓഫീസ് കെട്ടിടം പോലും പഞ്ചായത്തിനില്ല.
കാലപ്പഴക്കം ചെന്ന, ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലാണ് ഇപ്പോഴും പഞ്ചായത്ത്് പ്രവര്‍ത്തിക്കുന്നത്. കെട്ടിട നികുതിയും ലക്ഷത്തില്‍ താഴെ വരുന്ന തൊഴില്‍ നികുതിയും മാത്രമാണ് പഞ്ചായത്തിന്റെ പ്രധാന വരുമാനം. സമീപ പഞ്ചായത്തുകളെല്ലാം പണമെറിഞ്ഞ് വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ തുറവൂര്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ നോക്കുകുത്തിയായി നിന്ന് കാലം കഴിച്ചുകൂട്ടുകയാണ്.
തുറകളുടെ ഊരാണ് തുറവൂര്‍. പേരുപോലെ തന്നെ പഞ്ചായത്തില്‍ കൂടുതല്‍ ഉള്ളതും തുറകളും കുളങ്ങളുമെല്ലാം ആണ്. വരുമാനം കിട്ടാവുന്ന സ്ഥാപനങ്ങള്‍ നന്നേ കുറവ്.
കാര്‍ഷിക ഗ്രാമമാണിത്. പനമ്പു നെയ്ത്തു തൊഴിലാളികളുടെ ഈറ്റില്ലമായിരുന്നു ഒരുകാലത്തിവിടം.
1967 -ല്‍ രൂപീകൃതമാകുമ്പോള്‍ മൂക്കന്നൂര്‍-തുറവൂര്‍ പഞ്ചായത്ത് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് മൂക്കന്നൂര്‍ പഞ്ചായത്ത് രൂപവത്കരിച്ചതോടെ തുറവൂര്‍ സ്വതന്ത്ര പഞ്ചായത്തായി. ആദ്യത്തെ 16 വര്‍ഷം കോണ്‍ഗ്രസ് അംഗം പി.ഒ. ജോസ് ആണ് പഞ്ചായത്ത് ഭരിച്ചത്. തുടര്‍ന്ന് അഞ്ച് വര്‍ഷം സിപിഎമ്മിന്റെ പി.എന്‍. ചെല്ലപ്പന്‍ പ്രസിഡന്റായി. തുടര്‍ന്ന് മാറിമാറി ഇരുകക്ഷികളും ഭരിച്ചു. ഇപ്പോള്‍ ഭരണം കോണ്‍ഗ്രസിനാണ്. നയിക്കുന്നത് അനിത കുട്ടപ്പനും. ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഭരണം തിരിച്ചുപിടിക്കാനുള്ള കരുക്കള്‍ നീക്കുകയാണ് എല്‍ഡിഎഫ്. ഇക്കുറി പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കുമെന്ന വാശിയിലാണ് ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ നാല് വോട്ടിനാണ് ബിജെപി പരാജയപ്പെട്ടത്.
ജനോപകാര പദ്ധതികള്‍ നടപ്പാക്കി
-അനിത കുട്ടപ്പന്‍ (പഞ്ചായത്ത് പ്രസിഡന്റ്)
* സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി നടപ്പാക്കി. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്നതിനായി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിച്ചു.
* 700 തെരുവ് വിളക്കുകള്‍ സ്ഥാപിച്ച് വെളിച്ച വിപ്ലവം നടപ്പാക്കി. മുഴുവന്‍ റോഡുകളും റീ ടാറിങ് നടത്തി.
* ആയുര്‍വേദ, അലോപ്പതി, ഹോമിയോ ആശുപത്രികള്‍ക്കായി കോര്‍ അലോക്കേഷന്‍ ഹോസ്​പിറ്റല്‍ സമുച്ചയം.
* കാര്‍ഷിക, ക്ഷീര മേഖലകള്‍ക്കും ജൈവകൃഷിക്കും പ്രോത്സാഹനം നല്‍കി.
* പഞ്ചായത്തിന് സ്വന്തമായി വാഹനവും പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് ആംബുലന്‍സും ഒരുക്കി.
* മുഴുവന്‍ പട്ടികജാതി കോളനികളിലും പൈപ്പ് ലൈന്‍ വഴി വെള്ളമെത്തിച്ചു. സൗരോര്‍ജ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു.
* മാലിന്യസംസ്‌കരണത്തിനായി പദ്ധതി നടപ്പാക്കി.

വികസന മുരടിപ്പിന്റെ അഞ്ച് വര്‍ഷം
-പുഷ്പ രാഗേഷ്‌കുമാര്‍ (പ്രതിപക്ഷ നേതാവ്)
* പഞ്ചായത്ത് അഴിമതിയുടെ പര്യായമായി മാറി. എടുത്തുപറയാന്‍ ഒരു വികസനവും ഇല്ല.
* രണ്ട് വര്‍ഷമായി പഞ്ചായത്തിന് ലഭിച്ച 38 ലക്ഷം രൂപ ചെലവഴിക്കാതെ നഷ്ടമാക്കി.
* മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവുമൂലം കിടത്തിച്ചികിത്സ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഇത് പുനരാരംഭിക്കാന്‍ ശ്രമമൊന്നും നടത്തിയില്ല.
* കഴിഞ്ഞ ഭരണസമിതി സ്ഥാപിച്ച വിവിധ സ്ഥാപനങ്ങള്‍ സ്വന്തം നേട്ടമാക്കി ഉയര്‍ത്തിക്കാട്ടുന്നു.
* എം.പി.യും എംഎല്‍എയും വികസന പദ്ധതികള്‍ക്കായി ഫണ്ട് അനുവദിക്കാന്‍ തയ്യാറായിട്ടും അത് തള്ളിക്കളഞ്ഞതു വഴി ജനങ്ങളെ വഞ്ചിച്ചു.
* പദ്ധതി വിഹിതമായി ലഭിച്ച തുക പോലും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.
* കര്‍ഷകര്‍ക്ക് കൊടുക്കേണ്ട വിവിധ ആനുകൂല്യങ്ങള്‍ നല്‍കാതെ ആ പണം വകമാറ്റി െചലവഴിച്ചു.
രൂപവത്കരണം:
1967
വിസ്തീര്‍ണ്ണം: 12.33 ച.കി.മീ
ജനസംഖ്യ: 22,786
പുരുഷന്‍മാര്‍: 11,354
സ്ത്രീകള്‍: 11,432
ആകെ വാര്‍ഡുകള്‍: 14
കക്ഷിനില
കോണ്‍ഗ്രസ്- 10
സിപിഎം- 3
സ്വതന്ത്ര- 1

More Citizen News - Ernakulam