തൃക്കാരിയൂരില്‍ വീട്ടമ്മയെ നായ കടിച്ചു

Posted on: 15 Sep 2015കടിച്ചത് ദേവാനന്ദിനെ കടിച്ച അതേ നായ


കോതമംഗലം:
മൂന്നു വയസ്സുകാരന്‍ ദേവാനന്ദിനെ കടിച്ചുപറിച്ച തെരുവുനായ വീട്ടമ്മയെയും വീട്ടുമുറ്റത്തിട്ട് കടിച്ചു. കുട്ടിയെ വീട്ടുമുറ്റത്തിട്ട് ആക്രമിച്ച വാല്‍ മുറിച്ച കറുത്ത നിറത്തിലുള്ള നായയാണ് വീട്ടമ്മയേയും ആക്രമിച്ചത്. പരിക്കേറ്റ വീട്ടമ്മയെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കാരിയൂരില്‍ വീണ്ടും തെരുവുനായയുടെ വിളയാട്ടം ജനജീവിതത്തിന് ഭീഷണിയാവുന്നു. തൃക്കാരിയൂര്‍ പടിഞ്ഞാറ്റുകാവിന് സമീപം പൊന്നന്‍ചേരി പ്രദീപിന്റെ ഭാര്യ വിജയകുമാരി (48) ക്കാണ് കടിയേറ്റത്.
തിങ്കളാഴ്ച സന്ധ്യക്ക് 6.30-നാണ് സംഭവം. വീട്ടുമുറ്റത്ത് ഉണങ്ങാന്‍ ഇട്ടിരുന്ന തുണികള്‍ എടുക്കുന്നതിനിടയിലാണ് നായ വിജയകുമാരിയെ കടിച്ചത്. വലതുകാലിന്റെ മുട്ടിന് താഴെയാണ് കടിച്ചത്. അപ്രതീക്ഷിതമായി വീട്ടുമുറ്റത്ത് എത്തിയ നായ വിജയകുമാരിക്ക് നേരെ കുതിച്ച് ചാടുകയായിരുന്നു. ൈകയിലെ തുണി വീശിയപ്പോള്‍ ഒഴിഞ്ഞുമാറിയ നായ കൂടുതല്‍ ശൗര്യത്തോടെ വീണ്ടുമെത്തിയാണ് കാലില്‍ കടിച്ചത്.
നായയുടെ ആക്രമണത്തില്‍ ഭയന്നുവിറച്ച് നിലവിളിച്ചു കൊണ്ട് ഇവര്‍ അകത്തേക്കോടി വാതിലടച്ചു. അരിശം തീരാത്ത നായ മുറ്റത്തുനിന്നിരുന്ന വളര്‍ത്തു പൂച്ചയെ കടിച്ചുകൊന്നിട്ടാണ് സ്ഥലം വിട്ടത്. വീട്ടമ്മയെ നായ കടിച്ച വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലായി. പിണ്ടിമന പഞ്ചായത്തിലെ ആമല തൃക്കാരുകുടിയില്‍ രവി-അമ്പിളി ദമ്പതിമാരുടെ മകന്‍ മൂന്നുവയസ്സുള്ള ദേവാനന്ദിനെ ആറാം തീയതിയാണ് ഈ നായ വീട്ടുമുറ്റത്തിട്ട് കടിച്ചത്.
നായയുടെ ആക്രമണത്തില്‍ ദേവാനന്ദിന്റെ രണ്ട് കണ്ണുകള്‍ക്കും ചുണ്ടിനും കഴുത്തിന് മുമ്പിലും പിന്നിലുമെല്ലാം സാരമായ പരിക്കേറ്റിരുന്നു. അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ദേവാനന്ദ് ചൊവ്വാഴ്ച ആശുപത്രി വിടും.


More Citizen News - Ernakulam