ഫോര്‍ട്ടുകൊച്ചി ബോട്ടിന് യന്ത്രത്തകരാര്‍; സര്‍വീസ് വീണ്ടും മുടങ്ങി

Posted on: 15 Sep 2015വൈപ്പിന്‍: ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആരംഭിച്ച വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി ബോട്ട് സര്‍വീസ് തിങ്കളാഴ്ച രാവിലെ വീണ്ടും നിലച്ചു. ബോട്ടിനുണ്ടായ യന്ത്രത്തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവച്ചത്. വൈകീട്ട് നാല് മണിയോടെ തകരാര്‍ പരിഹരിച്ച് സര്‍വീസ് പുനരാരംഭിച്ചു.
ബോട്ട് സര്‍വീസ് നിലച്ചതോടെ ജങ്കാറില്‍ വലിയ തിരക്കായിരുന്നു. രണ്ട് ജങ്കാറുകളും രണ്ട് ബോട്ടുകളും സര്‍വീസ് നടത്തിയിരുന്നിടത്താണ് ഓരോ ജങ്കാറും ബോട്ടും സര്‍വീസ് ആരംഭിച്ചത്.
പരിശോധനകള്‍ പൂര്‍ത്തിയാക്കി ബോട്ട് സര്‍വീസിന് ഇറക്കിയതിന്റെ രണ്ടാം ദിവസം തന്നെ ബോട്ടിന് യന്ത്രത്തകരാറ് വന്നത് യാത്രക്കാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഫെറി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചമ്മണി ആവശ്യപ്പെട്ടു.
വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി സര്‍വീസില്‍ ഫെറി ഒഴിവാക്കി ജങ്കാറുകളുടെ എണ്ണം കൂട്ടണമെന്ന അഭിപ്രായമാണ് നാട്ടുകാര്‍ക്കുള്ളത്. ദുരന്തത്തിന് ശേഷം ബോട്ടില്‍ യാത്രചെയ്യാനുള്ള ഭയം യാത്രക്കാരിലുണ്ട്. സ്ത്രീകളടക്കം നിരവധിപേര്‍ ജങ്കാറിലാണ് യാത്ര ചെയ്യുന്നത്.More Citizen News - Ernakulam