ചലച്ചിത്ര മേള മെട്രോ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി തിരുവഞ്ചൂര്‍

Posted on: 15 Sep 2015മേള ഡിസംബര്‍ നാലുമുതല്‍


കൊച്ചി:
തിരുവനന്തപുരത്തു മാത്രമായി നടത്തുന്ന ചലച്ചിത്ര മേള സംസ്ഥാനത്തെ മറ്റ് മെട്രോ നഗരങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതോടെ എല്ലായിടത്തും ഒരേസമയം സ്‌ക്രീനിംഗ് നടത്താനാകുമോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന മേളയാക്കി കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മേള സംബന്ധിച്ച് സിനിമാ മേഖലയിലുള്ള സംഘടനകളുടെ പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രതിനിധികളുടെ എണ്ണം പതിനയ്യായിരമായി വര്‍ധിപ്പിക്കും. കഴിഞ്ഞ തവണ ഇത് പതിനായിരം ആയിരുന്നു. ഡിസംബര്‍ നാലുമുതല്‍ പതിനൊന്നു വരെയാണ് ഇത്തവണത്തെ മേള. ചലച്ചിത്ര മേളയുടെ ഡയറക്ടര്‍ ഷാജി എന്‍. കരുണ്‍ ആണ്. അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രതിഭകളുമായി സംസ്ഥാനത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആശയ വിനിമയം നടത്താനാവും വിധം മൂന്നു ദിവസത്തെ ശില്പശാലയും ചലച്ചിത്ര മേളയോട് അനുബന്ധിച്ച് നടത്തും. കൂടുതല്‍ പേര്‍ക്ക് മേള കാണാനായി കനകക്കുന്നില്‍ മൂവായിരം പേരുടെ ഓപ്പണ്‍ എയര്‍ തിയേറ്റര്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര മേള നല്ല സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടരുത്. മേളയുടെ സൗകര്യം സംസ്ഥാനത്തെ ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അതുവഴി സംസ്ഥാനത്തെ ചലച്ചിത്ര മേഖലയ്ക്കും ലഭിക്കണമെന്നതിനാലാണ് ഈ വര്‍ഷം മുതല്‍ ചലച്ചിത്ര മേളയോടൊപ്പം ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്. തിരക്കഥ, എഡിറ്റിംഗ്, സംവിധാനം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ശില്പശാലകള്‍. ശില്പശാലകളില്‍ പങ്കെടുക്കുന്നതിനുള്ള പ്രതിനിധികളെ സിനിമാ രംഗത്തുള്ള സംഘടനകളായിരിക്കും തിരഞ്ഞെടുക്കുക. ശില്പശാലയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനങ്ങളെടുക്കുന്നതിനായി സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്ന ആറ് സംഘടനകളുടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുള്‍പ്പെട്ടതായിരിക്കും കമ്മിറ്റി. സെക്രട്ടറിക്കോ പ്രസിഡന്റിനോ അസൗകര്യമുണ്ടെങ്കില്‍ സംഘടനയ്ക്ക് പ്രതിനിധികളെ നിശ്ചയിക്കാം.
മേളയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സ്റ്റിയറിങ് കമ്മിറ്റി 22 ന് തിരുവനന്തപുരത്ത് യോഗം ചേരും. അതേസമയം ഇപ്പോള്‍ അന്തരിച്ച സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന വിന്‍സന്റ് മാഷിനെ കുറിച്ച് ഹരിഹരന്‍ ക്യൂറേറ്റ് ചെയ്യുന്ന പുസ്തകം മേളയില്‍ പ്രകാശിപ്പിക്കും. ഫെഫ്കയുടെ മാസ്റ്റേഴ്‌സ് അവാര്‍ഡ് ഈ വര്‍ഷം കെ.ജി. ജോര്‍ജിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ മേളയോടനുബന്ധിച്ച് പോപ്പുലര്‍ സിനിമാ അവാര്‍ഡ് നല്‍കുന്നതിന് സിനിമാ രംഗത്തെ സംഘടനകള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്ര രംഗത്തെ പ്രമുഖ സംഘടനകളെല്ലാം യോഗത്തില്‍ പങ്കെടുത്തിരുന്നെങ്കിലും താര സംഘടനയായ 'അമ്മ'യുടെ പ്രതിനിധികള്‍ യോഗത്തിനെത്തിയിരുന്നില്ല .

More Citizen News - Ernakulam