വില്ലേജോഫീസ് ജീവനക്കാരനെ കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു

Posted on: 15 Sep 2015കോലഞ്ചേരി: തിരുവാണിയൂര്‍ വില്ലേജോഫീസ് ജീവനക്കാരനെ കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വില്ലേജോഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് ദീപുവിനെയാണ് തിങ്കളാഴ്ച ഉച്ചയോടെ വിജിലന്‍സ് നാടകീയമായി അറസ്റ്റ് ചെയ്ത് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്.
തിരുവാണിയൂര്‍ വില്ലേജോഫീസ് പരിധിയിലുള്ള കുട്ടി എന്നയാളോട് വസ്തു പോക്കുവരവ് ചെയ്യാന്‍ താലൂക്ക് ഓഫീസിലേക്ക് അയയ്ക്കുന്നതിനായി ആയിരം രൂപ ചോദിച്ചതായി വിജിലന്‍സിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിന്നീട് കുട്ടിയെ വിജിലന്‍സ് സമീപിക്കുകയും ചോദിച്ച പണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതനുസരിച്ച് വിജിലന്‍സ് അധികൃതര്‍ നല്‍കിയ പണം ഉദ്യോഗസ്ഥന് കൈമാറുകയും അപ്പോള്‍ത്തന്നെ പിടികൂടുകയും ചെയ്തു.
വീട്‌ െവയ്ക്കാന്‍ വാങ്ങിയ ഏഴ് സെന്റ് സ്ഥലം പോക്കുവരവ് ചെയ്യാന്‍ വില്ലേജിലെത്തിയ കുട്ടിയെ പലവട്ടം നടത്തിക്കുകയും അപേക്ഷ താലൂക്കിലേക്ക് അയച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു. താലൂക്കില്‍ എത്തിയപ്പോള്‍ അപേക്ഷ അവിടെ എത്തിയിട്ടില്ലെന്നും അറിഞ്ഞു. തിരികെ വില്ലേജോഫീസിലെത്തിയ കുട്ടിയോട് തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സിന്റെ ടോള്‍ഫ്രീ നമ്പറില്‍ കുട്ടി പരാതി അയച്ചു. തുടര്‍ന്നാണ് വിജിലന്‍സ് കുട്ടിയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചത്.

More Citizen News - Ernakulam