കീരംപാറയില്‍ വീടുകയറി അക്രമം; ആറുപേര്‍ക്ക് പരിക്ക്, ഒരാള്‍ അറസ്റ്റില്‍

Posted on: 15 Sep 2015കോതമംഗലം: കീരംപാറയില്‍ അഞ്ച് വീടുകള്‍ കയറി ആക്രമിച്ച് അച്ഛനും മക്കളും അടങ്ങുന്ന നാലംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലാക്കി.
സംഭവത്തില്‍ നെടുമ്പാറ ചാത്തുരുത്തി വീട്ടില്‍ ജോസ് (47), മക്കളായ ബേസില്‍ (21), ജിസ്മി (19), ജോമി (18) എന്നിവരുടെ പേരില്‍ പോലീസ് കേസ്സെടുത്തു. ബേസിലിനെ അറസ്റ്റ് ചെയ്തു.
കീരംപാറ നെടുംപാറ അറയ്ക്കല്‍ വര്‍ഗീസ്, കൊച്ചുകുടി ചന്ദ്രന്‍, പ്ലാക്കിത്തടത്തില്‍ ശിവന്‍, കാവാട്ട് പൗലോസ് എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്.
ഞായറാഴ്ച രാത്രി 8.30 ഓടെയാണ് അഞ്ചംഗ സംഘം വീടുകയറി ആക്രമിച്ചത്. അറയ്ക്കല്‍ വര്‍ഗീസിന്റെ ഭാര്യ ഗ്രേസി (46), പിതാവ് എല്‍ദോസ്, കൊച്ചുകുടി ചന്ദ്രന്‍ (50), ഭാര്യ ദേവു, മക്കളായ ബിനു, മനു എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഗ്രേസിക്കും ചന്ദ്രനും ഇരുമ്പുകമ്പിക്ക് അടിയേറ്റ് തലയ്ക്ക് സാരമായി മുറിവുണ്ട്. ഇവരെ കോതമംഗലം താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികളുടെ കഞ്ചാവ് വില്പനയ്ക്കും റോഡില്‍ രാത്രികാലങ്ങളില്‍ സൈലന്‍സര്‍ അഴിച്ചുമാറ്റി ബൈക്ക് കൊണ്ടുള്ള അഭ്യാസ പ്രകടനത്തിനെതിരെയും പോലീസില്‍ നാട്ടുകാര്‍ നല്‍കിയ പരാതിയിലുള്ള വൈരാഗ്യമാണ് വീടുകയറി അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഒരുമാസം മുമ്പ് കുന്നുംപുറത്ത് ബിജുവിന്റെ വീടു കയറിയും സംഘം അക്രമിച്ചിരുന്നു. കൂടാതെ പ്ലാക്കിതടത്തില്‍ ശിവന്‍, കാവാട്ട് പൗലോസ്, മുട്ടത്ത് ഏലിയാസ് എന്നിവരുടെ വീടിന് നേരെയും അക്രമമുണ്ടായി.
പൗലോസിന്റെ വീടിന്റെ മുമ്പിലെ ഗെയ്റ്റും മതിലും പ്രതികള്‍ ബൈക്കിടിപ്പിച്ച് തകര്‍ത്തു. അക്രമികളെ കണ്ട് വീട്ടുകാര്‍ വാതിലടച്ചത് കൊണ്ടാണ് രക്ഷപ്പെട്ടത്. മറ്റുള്ളവരുടെ വീടിന്റെ ജനാലയും പുറത്തിട്ടിരുന്ന കസേരയും മറ്റും നശിപ്പിച്ചു. ചന്ദ്രന്റെ വീടിന്റെ ജനാലയുടെയും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെയും ചില്ല് തകര്‍ത്തു. ഏലിയാസിന്റെ വീട്ടില്‍ കെട്ടിയിട്ടിരുന്ന പട്ടിയെ കമ്പിവടിക്ക് അടിക്കുകയും പൂച്ചെട്ടികള്‍ വലിച്ചെറിഞ്ഞ് ഉടയ്ക്കുകയും ചെയ്തു.
പ്രതികളുടെ പേരില്‍ വധശ്രമം ഉള്‍പ്പെടെ വിവിധ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. ബേസിലിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

More Citizen News - Ernakulam