125-ാം നാളില്‍ പ്രതിഷേധമിരമ്പി

Posted on: 14 Sep 2015കുമ്പളങ്ങി: കുമ്പളങ്ങി സര്‍ക്കാര്‍ ആശുപത്രിയില്‍ പാറ്റേണനുസരിച്ച് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി നടത്തിവരുന്ന ഉപവാസ സമരത്തിന്റെ 125-ാം ദിവസമായ ഞായറാഴ്ച പ്രതിഷേധമിരമ്പി.
കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ 125 പേരാണ് ഞായറാഴ്ച നിരാഹാരമനുഷ്ഠിച്ചത്. സമരപ്പന്തലിലും പുറത്തുമായി സത്യാഗ്രഹികള്‍ ഇരുന്നു.
സമരത്തിന് മുന്നോടിയായി രാവിലെ സെന്റ് പീറ്റേഴ്‌സ് പള്ളിക്ക് സമീപത്തു നിന്ന് പ്രകടനവുമുണ്ടായി. സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ നിരവധിപേരെത്തി.
സമരം പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പൊതുസ്ഥാപനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ സമൂഹം ജാഗ്രത കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്തംഗം ടോജി കോച്ചേരി, കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ഷൈന്‍ ആന്റണി, ടി.ഡി. ഡാല്‍ഫിന്‍, വി.ഡി. മജീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനകീയ സമിതി കണ്‍വീനര്‍ പി.എ. ഷണ്മാതുരന്‍ അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം എം.ആര്‍. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജോബി പനയ്ക്കല്‍, എന്‍.എന്‍. സുഗുണപാലന്‍, അഡ്വ. ഡി.ബി. ബിനു തുടങ്ങിയവര്‍ സംസാരിച്ചു.
സമരത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പ്രദര്‍ശനവുമുണ്ടായി. പ്രശ്‌നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Ernakulam