15 മണിക്കൂര്‍ പറന്ന് മനാഫിന്റെ പ്രാവ് റക്കോഡിട്ടു

Posted on: 14 Sep 2015ഫോര്‍ട്ടുകൊച്ചി: ആകാശത്ത് തുടര്‍ച്ചയായി 15 മണിക്കൂറും 17 മിനിറ്റും പറന്ന് ഫോര്‍ട്ടുകൊച്ചി സ്വദേശി അബ്ദുള്‍ മനാഫിന്റെ പ്രാവുകള്‍ റക്കോഡിട്ടു.
കൊച്ചി ഓള്‍ഡ് പീജിയന്‍ ൈഫ്‌ലയിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ പ്രാവ് പറത്തല്‍ മത്സരം പൂര്‍ത്തിയായപ്പോള്‍, മനാഫിന്റെ പ്രാവുകള്‍ ഇതുവരെയുള്ള എല്ലാ റക്കോഡുകളും തകര്‍ത്തു.
ജൂണില്‍ തുടങ്ങിയ പ്രാവ് പറത്തല്‍ മത്സരങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. അഞ്ച് വിഭാഗങ്ങളിലായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. 175 ഓളം ടീമുകള്‍ പങ്കെടുത്തു. ഓരോ ദിവസവും ഓരോ ടീമിന്റെ പ്രാവ് പറത്തലാണ് നടന്നത്.
30 ലേറെ വര്‍ഷമായി കൊച്ചിയില്‍ വാശിയോടെ പ്രാവ് പറത്തല്‍ മത്സരം നടക്കുന്നുണ്ട്. ഈ കാലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പറന്ന പ്രാവുകള്‍ എന്ന അംഗീകാരവും മനാഫിന്റെ പ്രാവുകള്‍ക്കുള്ളതാണ്. ഫോര്‍ട്ടുകൊച്ചി തുരുത്തി സ്വദേശിയാണ് അബ്ദുള്‍ മനാഫ്.
ഫോര്‍ട്ടുകൊച്ചിയില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ കെ.എം. റഹീം സമ്മാനങ്ങള്‍ നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് കെ.ബി. നൗഷാദ് അധ്യക്ഷത വഹിച്ചു.
നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷറഫ്, കൗണ്‍സിലര്‍മാരായ ബെന്നി ഫെര്‍ണാണ്ടസ്, അഡ്വ. ആന്റണി കുരീത്തറ, പി.എസ്. രാജു, വൈ.ഡബ്ല്യു.സി.എ. സെക്രട്ടറി ഷൈനി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam