'ശ്രീനാരായണീയരുടെ കൂട്ടായ്മ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണം'

Posted on: 14 Sep 2015കോതമംഗലം: ശ്രീനാരായണീയരുടെ കൂട്ടായ്മയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാരീചന്മാരെ കരുതിയിരിക്കണമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോതമംഗലം യൂണിയന്റെ നേതൃത്വത്തില്‍ ദേവഗിരി ഗുരുചൈതന്യ ഓഡിറ്റോറിയത്തില്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നും വെള്ളാപ്പള്ളി.
മൂന്നാര്‍ സമരം തീര്‍ക്കാന്‍ വോട്ട് ലക്ഷ്യമാക്കിയാണ് ഇരുമുന്നണികളും സ്ഥലത്ത് തമ്പടിച്ചിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വി.എസിനെ കുലംകുത്തിയെന്ന് വരെ പിണറായി വിളിച്ചു. പരസ്​പരം കലഹിച്ചിരുന്ന രണ്ട് ചോമാന്മാരും ചേര്‍ന്ന് ഇപ്പോള്‍ എന്റെ നേരെ തിരിഞ്ഞിരിക്കുകയാണ്.
ഗുരുദര്‍ശനം കാണിക്കാനെന്ന് പറഞ്ഞ് ഗുരുവിനെ ആണിയടിച്ച് കുരിശിലേറ്റി. ഗുരുവിനെ ദൈവമായി കരുതുന്നവര്‍ക്ക് ഇത് സഹിക്കാന്‍ പറ്റുമോ.
ഇവര്‍ക്ക് എന്റെ ചോരയാണ് വേണ്ടതെങ്കില്‍ കുടിച്ചോട്ടെ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കാണിക്കുന്ന ഇതെല്ലാം സാംസ്‌കാരിക ശൂന്യതയല്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
ഈഴവരുടെ അന്തകനായി സി.പി.എം. മാറിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തിന്റെ തണലില്‍ വളര്‍ന്നവര്‍ ഇപ്പോള്‍ സമുദായത്തിന്റെ നെഞ്ചത്ത് കയറിനിന്ന് കളിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
മദനിയുമായി ചങ്ങാത്തം ഉണ്ടാക്കുകയും മാണിയേയും ലീഗിനേയും കൂടെ കൂട്ടാന്‍ നീക്കം നടത്തുകയും ചെയ്തവരുടെ ഇരട്ടത്താപ്പ് നയം ജനം മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ വോട്ട് ഇനി നമുക്കു വേണ്ടി വിനിയോഗിക്കണം. നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഭൂരിപക്ഷ സമൂഹത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. പിണറായിയുടെ വെല്ലുവിളി മുഴുവന്‍ ഭൂരിപക്ഷ സമുദായവുമായി ഒരുമിച്ചു നിന്ന് നേരിടുമെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
യൂണിയന്‍ പ്രസിഡന്റ് അജി നാരായണന്‍ അധ്യക്ഷനായി. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി സജീവ് പാറയ്ക്കല്‍, മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണന്‍, ഇ.എം. സജീവ്, കെ.എസ്. ഷിനില്‍കുമാര്‍, എം.ബി. തിലകന്‍, രാജേശ്വരി പത്മനാഭന്‍, ഉഷ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
യൂണിയന്‍ സെക്രട്ടറി പി.എ. സോമന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എം.കെ. മണി നന്ദിയും പറഞ്ഞു. നഗരസഭാ ജങ്ഷനില്‍ നിന്ന് വാദ്യമേളങ്ങളുടേയും അഞ്ഞൂറിലധികം യുവജനസേനാ അംഗങ്ങള്‍ ഇരുചക്ര വാഹനത്തിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന ഘോഷയാത്രയോടെയായിരുന്നു പരിപാടി.
ഇരുചക്ര വാഹന വിതരണം-ചികിത്സാ സഹായ നിധി സമാഹരണ കൂപ്പണ്‍ എന്നിവയുടെ ഉദ്ഘാടനവും വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു.


0


ചിത്രവിവരണം(ഫയല്‍ നമ്പര്‍-3എ-എസ്.എന്‍.ഡി.പി)
കോതമംഗലം എസ്.എന്‍.ഡി.പി. യൂണിയന്‍ യോഗം നേതാക്കള്‍ക്ക് ഒരുക്കിയ സ്വീകരണ സമ്മേളനം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

More Citizen News - Ernakulam