ഇഷ്ടികക്കളങ്ങളുടെ സ്വന്തം ശ്രീമൂലനഗരം

Posted on: 14 Sep 2015കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ അഞ്ച് വര്‍ഷക്കാലത്തെ ഭരണത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ വലിയൊരു ദുരന്തത്തിന്റെ ഓര്‍മകളാണ് ആദ്യം മനസ്സിലെത്തുക. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.എച്ച്. ഹംസയും പഞ്ചായത്തംഗം ബിജു അറയ്ക്കലും മൂവാറ്റുപുഴയ്ക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞത് ഭരണസമിതിക്ക് വലിയൊരാഘാതമാണ് ഉണ്ടാക്കിയത്. ഒന്നര വര്‍ഷക്കാലമായിരുന്നു ഇരുവരും ഭരണസമിതിയിലുണ്ടായിരുന്നത്.
26 വര്‍ഷം സി.പി.എം. അടക്കിവാണ ശ്രീമൂലനഗരത്ത് യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കെ.എച്ച്. ഹംസയായിരുന്നു. കഴിഞ്ഞ ഭരണസമിതിയില്‍ അഞ്ചുവര്‍ഷം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ഭരണത്തിലിരുന്ന ചുരുങ്ങിയ കാലയളവില്‍ തന്നെ നേതൃപാടവം പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഒട്ടേറെ പദ്ധതികള്‍ തയ്യാറാക്കുകയും തുടങ്ങിവയ്ക്കുകയും ചെയ്തശേഷമാണ് ഹംസയും ബിജുവും വിടചൊല്ലിയത്. തുടര്‍ന്നാണ് കെ.സി. മാര്‍ട്ടിന്‍ പഞ്ചായത്ത് പ്രസിഡന്റായത്.
ഇഷ്ടിക കളങ്ങള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടര്‍ന്നുപൊയ്‌ക്കൊണ്ടിരിക്കയാണ്. നിരവധി പാടങ്ങളില്‍ ഇഷ്ടിക നിര്‍മാണം തകൃതിയായി നടക്കുന്നു. നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങളും ഏറെ. കുഴിച്ച് മണ്ണെടുക്കാന്‍ അനുമതി ഇല്ലെങ്കിലും പലയിടത്തും പാടങ്ങളില്‍, വന്‍തോതില്‍ മണ്ണെടുത്ത് കുളങ്ങള്‍ പോലെയായി. മണ്ണുമായി എത്തുന്ന ടിപ്പറുകള്‍ റോഡ്യാത്ര ദുരിതപൂര്‍ണമാക്കി.
മാറമ്പിള്ളിയേയും തിരുവൈരാണിക്കുളത്തേയും ബന്ധിപ്പിക്കുന്ന ശ്രീമൂലം പാലം പഞ്ചായത്ത് നിവാസികളുടെ ഗതാഗത സൗകര്യം ഉയര്‍ത്തി. ജനലക്ഷങ്ങള്‍ എത്തുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം ഈ പഞ്ചായത്തിലാണ് ഉള്‍പ്പെടുന്നത്. പരസ്​പരം ഏറ്റുമുട്ടലിലെത്തിയ വിഭാഗീയതയെ തുടര്‍ന്ന് പിരിച്ചുവിടപ്പെട്ട ലോക്കല്‍ കമ്മിറ്റിയാണ് പ്രതിപക്ഷമായ സി.പി.എമ്മിന്റെത്. ഈ ചേരിതിരിവ് പ്രതിപക്ഷത്തിന്റെ ഊര്‍ജം ചോര്‍ത്തിക്കളഞ്ഞു.

കാര്‍ഷിക മേഖലയ്ക്ക് അവഗണന
-പ്രതിപക്ഷ നേതാവ്, എന്‍.സി. ഉഷാകുമാരി
1. കാര്‍ഷിക മേഖലയ്ക്ക് അവഗണന. കര്‍ഷകര്‍ക്ക് വെള്ളം എത്തിച്ചില്ല. കാര്‍ഷിക രംഗത്ത് വിത്ത് നല്‍കിയതല്ലാതെ തുടര്‍ നടപടികളില്ല.
2. നൂറുകണക്കിന് അപേക്ഷകരുണ്ടായിട്ടും 16 പേര്‍ക്ക് മാത്രമാണ് വീട് നല്‍കിയത്.
3. സ്വന്തമായി സ്ഥലം ഉണ്ടായിട്ടും ചൊവ്വരയില്‍ പൊതുശ്മശാനം പണിയാനായില്ല.
4. ഗവര്‍ണമെന്റ് എല്‍.പി. സ്‌കൂളിനെ അവഗണിച്ചു. വികസന ഫണ്ട് നല്‍കിയില്ല.
5. തൊഴില്‍ പരിശീലന കേന്ദ്രം നിര്‍ത്തലാക്കിയതിലൂടെ ഒട്ടേറെ പേര്‍ക്ക് തൊഴിലവസരം നഷ്ടമായി.
എല്ലാ മേഖലയിലും വികസനം
-പ്രസിഡന്റ്, കെ.സി. മാര്‍ട്ടിന്‍
1. അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ ഒരു കുടക്കീഴിലാക്കി ഇവയുടെ സൗകര്യം വര്‍ധിപ്പിച്ചു.
2. കിടപ്പ് രോഗികളുടെ പരിചരണത്തിന് ആംബുലന്‍സ്, മരുന്നും ഉപകരണങ്ങളുമായി വീട്ടിലെത്തി പരിചരണം.
3. 24 അങ്കണവാടികള്‍ ഉള്ളതില്‍ 21 എണ്ണത്തിനും സ്വന്തമായി കെട്ടിടം നിര്‍മിച്ചു. സമ്പൂര്‍ണ പോഷകാഹാര പദ്ധതി നടപ്പാക്കി.
4. തൂമ്പാക്കടവ്, തിരുവൈരാണിക്കുളം, കടുവേലി ജലസേചന പദ്ധതികള്‍ തുടങ്ങി. 'ഒരു വീടിന് ഒരു മാവ്' പദ്ധതി നടപ്പാക്കി.
5. വിമാനത്താവളം റിങ്‌റോഡ്, പുതിയേടം-തിരുവൈരാണിക്കുളം റോഡ് തുടങ്ങിയവയുടെ നിര്‍മാണം.
രൂപവത്കരണം:
1954
ജനസംഖ്യ: 24,600
വിസ്തീര്‍ണം: 14.41 ച. കിലോമീറ്റര്‍
വാര്‍ഡുകള്‍: 16
യു.ഡി.എഫ്: 12
കോണ്‍ഗ്രസ്: 11
മുസ്ലിം ലീഗ്: ഒന്ന്
എല്‍.ഡി.എഫ്: നാല് (സി.പി.എം.)

More Citizen News - Ernakulam