ശിവരാത്രി മണപ്പുറത്തേക്ക് സ്ഥിരം നടപ്പാലം വരുന്നു

Posted on: 14 Sep 2015ആലുവ: ഭക്തജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യം നിറവേറ്റിക്കൊണ്ട് ശിവരാത്രി മണപ്പുറത്തേക്ക് പെരിയാറിനു കുറുകെയുള്ള സ്ഥിരം നടപ്പാലം യാഥാര്‍ത്ഥ്യത്തിലേക്ക്.
14 കോടി മുടക്കി നിര്‍മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച നടക്കും. രാവിലെ 8.30 ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പാലത്തിന്റെ കല്ലിടും.
പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അദ്ധ്യക്ഷത വഹിക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ.യുടെ നിരന്തര പരിശ്രമം മൂലമാണ് മണപ്പുറത്തേക്കുള്ള സ്ഥിരം നടപ്പാലം യാഥാര്‍ത്ഥ്യമാകുന്നത്. കൊട്ടാരക്കടവില്‍ നിന്ന് ശിവരാത്രി മണപ്പുറത്തേക്ക് പെരിയാറിനു കുറുകെ 200 മീറ്റര്‍ നീളത്തിലും നടക്കാനായി ആറ് മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്. ഇരു ഭാഗത്തേക്കും പാലത്തിലൂടെ സഞ്ചരിക്കുന്നതിനായി നടുഭാഗത്ത് മീഡിയന്‍ സ്ഥാപിക്കും.
പാലത്തിന്റെ നടുഭാഗത്ത് പുഴയില്‍ നിന്ന് ഏഴു മീറ്റര്‍ ഉയരമുണ്ടാകും. കൊട്ടാരക്കടവിലെ റോഡില്‍ നിന്ന് ഒന്നരയടി ഉയരത്തിലായിരിക്കും നിര്‍മാണം കഴിയുമ്പോള്‍ പാലം വരിക.
വര്‍ഷങ്ങള്‍ക്ക്് മുന്‍പ് കടത്തുവഞ്ചിയിലൂടെ സഞ്ചരിച്ചാണ് ലക്ഷക്കണക്കിന് ഭക്തര്‍ ശിവരാത്രി മണപ്പുറത്ത് എത്തിയിരുന്നത്. എന്നാല്‍ ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് വര്‍ഷം മുന്‍പ് നിരോധിച്ചു. തട്ടേക്കാട് ദുരന്തവുമായി ബന്ധപ്പെട്ടാണ് ഈ നിരോധനം വന്നത്.
അഡ്വ. സ്മിത ഗോപി ചെയര്‍മാനായിരുന്ന കാലത്ത് ഭക്തര്‍ക്കായി താത്കാലിക പാലം നിര്‍മിച്ചു തുടങ്ങി. ഇതിലൂടെ ടോള്‍ പിരിച്ചായിരുന്നു ഭക്തര്‍ക്ക് സഞ്ചരിക്കാന്‍ അവസരം കൊടുത്തത്. നഗരസഭ നേരിട്ടാണ് പാലം നിര്‍മിച്ചു നല്‍കിയത്. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കിയതോടെ ശിവരാത്രി കാലത്ത് നിര്‍മിക്കുന്ന താത്കാലിക പാലത്തിന് ടോള്‍ ഒഴിവാക്കി.
ഇതിനിടെ പല ഘട്ടങ്ങളിലും സ്ഥിരം നടപ്പാലം വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു. 2014-ലെ സംസ്ഥാന ബജറ്റിലാണ് സ്ഥിരം നടപ്പാലത്തിനു വേണ്ടി ആദ്യമായി ഫണ്ട് മാറ്റിവെച്ചത്. എന്നാല്‍ കൊട്ടാരക്കടവില്‍ നിന്ന് പാലം നിര്‍മിക്കുന്നതിനെതിരെ ചിലര്‍ കോടതിയെ സമീപിച്ചതോടെ പാലം നിര്‍മാണാരംഭം വൈകുകയായിരുന്നു. കോടതി വിധി അനുകൂലമായതോടെ പാലം നിര്‍മാണത്തിന് കളമൊരുങ്ങുകയായിരുന്നു.
ചൊവ്വാഴ്ച നടക്കുന്ന കല്ലിടല്‍ ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍ പങ്കെടുക്കും.

More Citizen News - Ernakulam